ജുമൈറ ലേക് മെട്രോ സ്റ്റേഷനിലേക്ക് ബസുകള്‍ക്ക് പ്രത്യേക പാത

ജൂലൈ ഒന്ന് മുതല്‍ സ്വകാര്യ വാഹനങ്ങള്‍ പ്രവേശിച്ചാല്‍ 600 ദിര്‍ഹം പിഴ
Posted on: June 25, 2018 8:34 pm | Last updated: June 25, 2018 at 8:34 pm

ദുബൈ: ആര്‍ ടി എ ബസുകള്‍ക്കും ടാക്‌സികള്‍ക്കും ദുബൈ നിരത്തുകളില്‍ ഏര്‍പെടുത്തുന്ന പ്രത്യേക പാത ജുമൈറ ലേക് മെട്രോ സ്റ്റേഷനിലേക്കും. 1.8 കിലോമീറ്റര്‍ നീളമുള്ള പാതയിലൂടെ അടുത്ത മാസം ഒന്നു മുതല്‍ ബസുകള്‍ക്കും ടാക്‌സികള്‍ക്കും മാത്രം സഞ്ചരിക്കാം. സ്വകാര്യവാഹനങ്ങള്‍ പ്രസ്തുത പാതയില്‍ സഞ്ചരിച്ചാല്‍ 600 ദിര്‍ഹം പിഴ ഈടാക്കുമെന്ന് ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി ട്രാന്‍സ്‌പോര്‍ടേഷന്‍ സിസ്റ്റം ഡയറക്ടര്‍ ആദില്‍ ശാകിരി അറിയിച്ചു. ഇവിടങ്ങളില്‍ ആര്‍ ടി എ സ്ഥാപിച്ച ക്യാമറകളില്‍ പതിയുന്ന വാഹനങ്ങള്‍ക്ക് പുറമെ ദുബൈ പോലീസ് പട്രോളിംഗില്‍ കണ്ടെത്തുന്ന നിയമലംഘകര്‍ക്കും പിഴ ലഭിക്കും.

ആര്‍ ടി എ ടാക്‌സി, ബസുകള്‍ക്ക് പുറമെ ദുബൈ പോലീസ് വാഹനങ്ങള്‍, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍, അത്യാഹിത ഘട്ടങ്ങളില്‍ ആംബുലന്‍സുകള്‍ എന്നിവക്ക് മാത്രമേ പാതയിലൂടെ നിയമാനുസൃതമായി സഞ്ചരിക്കാനാവൂ. പ്രധാന റോഡിന്റെ അനുബന്ധ റോഡുകളിലേക്കുള്ള ആഗമന നിര്‍ഗമനത്തിന് സ്വകാര്യ വാഹനങ്ങള്‍ക്ക് പാത ഉപയോഗിക്കുന്നതില്‍ തെറ്റില്ല. മാസങ്ങള്‍ക്ക് മുമ്പ് ഇതേ പാതയില്‍ പ്രാരംഭഘട്ട ഓട്ടം നടത്തിയിരുന്നു. ഈ സമയങ്ങളില്‍ നിരവധി സ്വകാര്യ വാഹനങ്ങള്‍ ടാക്‌സി-ബസ് ലൈനിലൂടെ സഞ്ചരിച്ചിരുന്നു. പ്രത്യേക പാത ഏര്‍പെടുത്തിയതിലൂടെ ആര്‍ ടി എ ബസുകളുടെ ടൈംടേബിളില്‍ 20 ശതമാനം അധികം പുരോഗതി കൈവരിച്ചിട്ടുണ്ട്.
2010ലാണ് ആറ് കിലോമീറ്റര്‍ നീളത്തില്‍ പ്രത്യേക പാതയുടെ ഒന്നാംഘട്ടം ആര്‍ ടി എ നടപ്പാക്കിയത്. 2011ല്‍ രണ്ടാംഘട്ടവും നടപ്പാക്കി.