മസ്തിഷ്‌ക പ്രവര്‍ത്തനം തകരാറിലായ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്

Posted on: June 25, 2018 8:29 pm | Last updated: June 25, 2018 at 8:29 pm
SHARE
ഡോ. ടിങ്കു ജോസ് കുരിശിങ്കലിനൊപ്പം കുഞ്ഞുമായി മാതാപിതാക്കള്‍

റാസ് അല്‍ ഖൈമ: മസ്തിഷ്‌ക പ്രവര്‍ത്തനം തകരാറിലായി ജീവനോട് മല്ലിട്ട നാലു മാസം പ്രായമുള്ള കുഞ്ഞ് പുതുജീവിതത്തിലേക്ക്. ജനനത്തില്‍ തന്നെ ഹൈഡ്രോസിഫാലസ് (തലച്ചോറ് നീര്‌വ്യാധി) ബാധിച്ച അബ്ദുല്ലാഹി ദാവീദ് എന്ന കുഞ്ഞിനെയാണ് റാക് ആശുപത്രിയിലെ 90 മിനിറ്റ് നേരത്തെ ശസ്ത്രക്രിയക്ക് ശേഷം ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നത്. റാക് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍ ഡോ. ടിങ്കു ജോസ് കുരിശിങ്കലിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

ഇത്തരത്തിലുള്ള ശസ്ത്രക്രിയ സങ്കീര്‍ണതയുള്ളതല്ലെങ്കിലും കുഞ്ഞിന് നാല് മാസം പ്രായമേയുള്ളൂവെന്നും കൂടാതെ മറ്റു പല പ്രശ്‌നങ്ങങ്ങളുമുണ്ടായിരുന്നുവെന്നതാണ് വസ്തുതയെന്ന് ഡോ. ടിങ്കു ജോസ് പറഞ്ഞു. പ്രായം കുറവാണെങ്കിലും വിജയകരമായി തന്നെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. ഇത്രത്തോളം ചെറിയ കുഞ്ഞിനെ ശസ്ത്രക്രിയക്ക് മുമ്പായി അനസ്‌തേഷ്യ ചെയ്യുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. പക്ഷേ തങ്ങളുടെ ടീം അത് അനായാസമായി തന്നെ കൈകാര്യം ചെയ്തു. അണുബാധയേല്‍ക്കാതിരിക്കാനും സങ്കീര്‍ണതകള്‍ ഒഴിവാക്കാനും മുന്‍കരുതലുകള്‍ എടുത്തിരുന്നുവെന്നും ഡോ. ടിങ്കു ജോസ് കൂട്ടിച്ചേര്‍ത്തു.

തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് അനിയന്ത്രിതമായി തലയുടെ വലുപ്പം വര്‍ധിക്കുക, തലയില്‍ മുഴ രൂപപ്പെടുക, ഛര്‍ദി, ഉറക്കമില്ലായ്മ, അസ്വസ്ഥത, കോച്ചിപ്പിടുത്തം, മസിലുകളുടെ ബലക്കുറവ് തുടങ്ങിയവയായിരുന്നു കുഞ്ഞിനെ അലട്ടിയിരുന്നത്. നൈജീരിയന്‍ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍.