ജെസ്‌ന തിരോധാനം: ഹേബിയസ് കോര്‍പസ് ഹരജിയുടെ ആവശ്യമെന്തെന്ന് ഹൈക്കോടതി

Posted on: June 25, 2018 7:25 pm | Last updated: June 25, 2018 at 10:19 pm
SHARE

കൊച്ചി: ജെസ്‌ന തിരോധാനത്തില്‍ ഹേബിയസ് കോര്‍പസ് ഹരജിയുടെ ആവശ്യമെന്തെന്ന് ഹൈക്കോടതി. കുട്ടിയെ കാണാതായതിനെ അന്യായമായി തടങ്കലില്‍വെച്ചെന്ന് പറയാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഉചിതമായ ഫോറത്തെ സമീപിക്കണമെന്ന് വ്യക്തമാക്കിയ കോടതി കേസില്‍ അന്വേഷണം ഈര്‍ജ്ജിതപ്പെടുത്തുകയല്ലേ വേണ്ടതെന്നും ചോദിച്ചു. ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ്, രാഷ്ട്രീയ നേതാവ് ഷോണ്‍ ജോര്‍ജ് എന്നിവര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

ഹരജിയില്‍ ഉത്തരവ് നാളെ പുറപ്പെടുവിക്കും. കേസില്‍ പോലീസ് ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ വ്യക്തമായ സൂചന നല്‍കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം കാര്യക്ഷമമായിത്തന്നെ പുരോഗമിക്കുകയാണ്. എന്നാല്‍ ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 250 ഓളം പേരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

130 ലേറെ പേരുടെ മൊഴി രേഖപ്പെടുത്തുകയും ഒരുലക്ഷത്തോളം ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ സാധ്യമായ എല്ലാ വിവരങ്ങളും പരിശോധിച്ചു. ജെസ്‌നയെ സംസ്ഥാനത്തിനു പുറത്തു കണ്ടതായ പല വിവരങ്ങളും ലഭിച്ചിരുന്നു. എന്നാല്‍, അതില്‍ പലതും അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു. ഇപ്പോഴും തിരച്ചില്‍ തുടരുന്നതായും അന്വേഷണസംഘം കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here