വിദേശ വനിതയുടെ വധം: കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് പോലീസ് റിപ്പോര്‍ട്ട്‌

Posted on: June 25, 2018 9:20 am | Last updated: June 25, 2018 at 10:00 am

തിരുവനന്തപുരം: കോവളത്ത് ലാത്വിയന്‍ യുവതി കൊല്ലപ്പെട്ട സഭവവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസിനും സര്‍ക്കാറിനുമെതിരെ കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ പത്രസമ്മേളനം നടത്തിയതിന് പിന്നാലെയാണ് അന്വേഷണ സംഘം ഐ ജിക്കും തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ക്കും ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ് ആന്‍ഡ്രൂവിന് പിന്നില്‍ പ്രതികളുടെ അടുപ്പക്കാരാണെന്നും പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഇയാളുമായി ബന്ധമുണ്ടെന്നും പോലീസ് റപ്പോര്‍ട്ടല്‍ പറയുന്നു.
പോലീസ് അന്വേഷണത്തില്‍ ഒട്ടും തൃപ്തിയില്ലെന്നും കേസില്‍ സി ബി ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട ആന്‍ഡ്രൂ യുവതിയുടെ സംസ്‌കരണ ചടങ്ങുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിനെതിരെയും ആരോപണമുന്നയിച്ചിരുന്നു.

സത്യം കണ്ടുപിടിക്കുന്നതിനേക്കാള്‍ അന്വേഷണം അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന് താത്പര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം. യുവതിയുടെ സഹോദരിയെ തെറ്റിദ്ധരിപ്പിച്ചു. അനുസ്മരണ പരിപാടി ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തു. എല്ലാം ടൂറിസം മന്ത്രിയുടെയും വകുപ്പിന്റെയും തിരക്കഥയില്‍ നടന്നതാണെന്നും ആരോപിച്ച ഇയാള്‍ പ്രധാന തെളിവുകളൊന്നും പോലീസ് പരിശോധിക്കുന്നില്ലെന്നും പോലീസിന്റെ വാദങ്ങളൊന്നും അവരെ അറിയാവുന്നവര്‍ വിശ്വസിക്കില്ലെന്നും പറഞ്ഞിരുന്നു.
കാണാതായ അന്നുതന്നെ അവര്‍ കൊല്ലപ്പെട്ടുവെന്ന പോലീസിന്റെ വാദം വിശ്വസനീയമല്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു.