ഫോര്‍മാലിന്‍ കലര്‍ന്ന ആറായിരം കിലോ മത്സ്യം പിടിച്ചെടുത്തു

Posted on: June 25, 2018 9:16 am | Last updated: June 25, 2018 at 10:00 am
SHARE

തിരുവനന്തപുരം/പാലക്കാട്: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന 6,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു.
പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ആന്ധ്രാ പ്രദേശില്‍ നിന്നെത്തിയ 6,000 കിലോഗ്രാം ചെമ്മീനില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയത്. സംശയം തോന്നിയ 45 മത്സ്യ ലോറികള്‍ പരിശോധിച്ചിരുന്നു.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉയോഗിച്ചായിരുന്നു പ്രാഥമിക പരിശോധന. തുടര്‍ന്ന് സി ഐ എഫ് ടിയുടെ എറണാകുളത്തെ ലാബില്‍ വിദഗ്ധ പരിശോധനക്കയച്ചു. ഞായറാഴ്ച അവധിയാണെങ്കിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അഭ്യര്‍ഥന പ്രകാരം ഈ ലാബ് തുറന്ന് പ്രവര്‍ത്തിച്ചു.ത്സ്യ ലോറികളോടൊപ്പം മറ്റ് ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടുവരുന്ന ലോറികളും വാളയാര്‍ ചെക്ക് പോസ്റ്റില്‍ പരിശോധിച്ചു.

മത്സ്യലോറികള്‍ കൂടാതെ ഭക്ഷ്യ എണ്ണ കൊണ്ടുവന്ന അഞ്ച് ടാങ്കറുകളും പാല്‍ കൊണ്ടുവന്ന 34 വാഹനങ്ങളുമാണ് പരിശോധിച്ചത്. പ്രാഥമിക പരിശോധനകളില്‍ ഇവയില്‍ മായം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവ വിശദമായ പരിശോധനക്കായി ഭക്ഷ്യസുരക്ഷാ ലാബില്‍ അയച്ചിട്ടുണ്ട്. സംശയം തോന്നിയവ പരിശോധിക്കാനുള്ള താത്കാലിക മൊബൈല്‍ ലാബ് സൗകര്യവും അവിടെ ഒരുക്കിയിരുന്നു.

ജോയിന്റ് ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ (അഡ്മിനിസ്‌ട്രേഷന്‍) നേതൃത്വത്തില്‍ കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്റലിജന്‍സും പാലക്കാട് ജില്ലയിലെ ജില്ലാ സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. ട്രോളിംഗ് നിരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ചെക്ക്‌പോസ്റ്റുകളില്‍ കൂടി കടന്നു വരുന്ന മത്സ്യവാഹനങ്ങള്‍ കര്‍ശന പരിശോധക്ക് വിധേയമാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ചുമലയുള്ള മന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കിയിരുന്നു.