അഹമ്മദാബാദ് ബേങ്കിലെ കള്ളപ്പണ വേട്ടകള്‍

Posted on: June 25, 2018 12:26 pm | Last updated: June 25, 2018 at 12:33 pm
SHARE

കള്ളപ്പണം തുടച്ചുനീക്കും, വിദേശ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന അനധികൃത സമ്പാദ്യമൊന്നാകെ രാജ്യത്ത് തിരികെ എത്തിക്കുമെന്നൊക്കെയായിരുന്നു വീരവാദം. സമാന്തര സമ്പദ്‌വ്യവസ്ഥ തകര്‍ത്താല്‍ സര്‍വ മേഖലകളിലുമുള്ള വിലക്കയറ്റം ഇല്ലാതാകും. അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെ പദ്ധതികളിലേക്ക് നിക്ഷേപമൊഴുകും. തൊഴിലവസരങ്ങള്‍ വര്‍ധിക്കും. രാജ്യം സമ്പല്‍ സമൃദ്ധമാകും. വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണമൊന്നാകെ തിരികെ എത്തിക്കാനായാല്‍ ഓരോ പൗരനും 15 ലക്ഷം രൂപ വീതം നല്‍കാന്‍ വേണ്ടത്രയും പണമുണ്ടാകും. അങ്ങനെ വിതരണം ചെയ്യണമോ വേണ്ടയോ എന്നത്, കള്ളപ്പണമൊന്നാകെ രാജ്യത്ത് തിരിച്ചെത്തിയതിന് ശേഷം തീരുമാനിക്കും – ഇവ്വിധമായിരുന്നു അധികാരം പിടിക്കാന്‍ ലക്ഷ്യമിട്ട് പ്രചാരണം നയിച്ച കാലത്ത് നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങള്‍.

രാഷ്ട്രീയ – ഭരണ നേതൃത്വങ്ങളുടെ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പലതു കണ്ട, ജനം അതിവൈകാരികമായ ഈ വാഗ്‌ധോരണിയെ വിശ്വാസത്തിലെടുത്തുവെന്ന് കരുതാന്‍ നിര്‍വാഹമില്ല. പക്ഷേ ടെലികോം, കല്‍ക്കരി, കോമണ്‍വെല്‍ത്ത് തുടങ്ങി സഹസ്രകോടികളുടെ കോഴയാരോപണങ്ങള്‍ കേള്‍ക്കുകയും ഈ ഇടപാടുകളില്‍ മറിഞ്ഞെന്ന് കരുതുന്ന കോടികള്‍ വിദേശത്തെ ബേങ്കുകളില്‍ നിക്ഷേപമായിട്ടുണ്ടെന്ന പ്രചാരണം അവിശ്വസിക്കാന്‍ മടിക്കുകയും ചെയ്ത ജനം, അഴിമതിയും കള്ളപ്പണവും ഇല്ലാതാകുന്ന കാലം സ്വപ്‌നം കണ്ടിട്ടുണ്ടാകണം. അഴിമതിക്കും കള്ളപ്പണത്തിനും എതിരെ യുദ്ധം പ്രഖ്യാപിച്ച്, രാജ്യമാകെ നരേന്ദ്ര മോദി പറന്നു നടന്ന് പ്രചാരണം നടത്തിയത്, അഴിമതിക്കാരുടെ അനധികൃത സമ്പാദ്യത്തില്‍ നിന്ന് ബി ജെ പിയുടെ ഖജാനയിലേക്ക് കണക്കില്‍പ്പെടാതെ ഒഴുകിയ പണം ഉപയോഗിച്ചാണെന്ന വസ്തുത ജനം ഓര്‍ത്തിട്ടുണ്ടാകില്ല. അല്ലെങ്കില്‍ ഇങ്ങനെയൊഴുകുന്ന കള്ളപ്പണമാണല്ലോ തിരഞ്ഞെടുപ്പ് ഉത്സവത്തിന് കൊഴുപ്പേകുന്നതെന്ന യാഥാര്‍ഥ്യം അവര്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാകും.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറി നാലര വര്‍ഷമെത്തുമ്പോള്‍ വിദേശത്തെ ബാങ്കുകളില്‍ സൂക്ഷിച്ച അനധികൃത സമ്പാദ്യങ്ങള്‍ കണ്ടെത്താനോ രാജ്യത്ത് തിരിച്ചെത്തിക്കാനോ എന്തെങ്കിലും ചെയ്തതായി അറിവില്ല. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരം ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ 3500 കോടി രൂപ പിടിച്ചെടുത്തുവെന്നതാണ് ആകെയുള്ള അറിവ്. വിദേശ ബാങ്കുകളില്‍ നിക്ഷേപം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതിനിടെ പലവഴിക്ക് പുറത്തുവന്നു. നൂറിലേറെ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടുന്ന സംഘം നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ പാനമ രേഖകള്‍ എന്ന പേരില്‍ പുറത്തുവന്നു. ഈ രേഖകളിലൂടെ അനധികൃത സമ്പാദ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് പാക്കിസ്ഥാന്റെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നവാസ് ശരീഫ് അയോഗ്യനാക്കപ്പെട്ടത്. ഇതേ രേഖകളില്‍ ഇന്ത്യക്കാരായ നിരവധിപേരെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച പ്രധാനമന്ത്രി ഭരണത്തിലിരുന്നിട്ടും പാനമ രേഖകളെ അടിസ്ഥാനമാക്കി കാര്യമായ നടപടികളൊന്നും ഇന്ത്യാ മഹാരാജ്യത്തുണ്ടായില്ല. എച്ച് എസ് ബി സി ബാങ്ക് വഴി നടത്തിയിരിക്കുന്ന അനധികൃത നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. ഇന്ത്യാ ഗവണ്‍മെന്റ് ആവശ്യപ്പെട്ടാല്‍ മുഴുവന്‍ വിവരങ്ങളും കൈമാറാന്‍ തയ്യാറാണെന്ന് വിവരങ്ങള്‍ പുറത്തുവിട്ടവര്‍ പറയുകയും ചെയ്തു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ വാഗ്ദാനം ചെയ്ത പ്രധാനമന്ത്രിയോ അദ്ദേഹം നിയന്ത്രിക്കുന്ന ഭരണകൂടമോ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്താന്‍ മെനക്കെട്ടതേയില്ല.

ഈ ഭരണകൂടം പക്ഷേ, മറ്റൊന്ന് ചെയ്തു. രാജ്യത്തെ പൗരന്‍മാരെയാകെ സാമ്പത്തിക കുറ്റവാളികളെന്ന സംശയപ്പട്ടികയില്‍ നിര്‍ത്തിക്കൊണ്ട്, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കി. രാജ്യത്തിനകത്ത് സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം കണ്ടെത്തുക എന്നതായിരുന്നു ഈ നടപടിയുടെ പ്രഥമോദ്ദേശ്യമായി പറഞ്ഞത്. 15.44 ലക്ഷം കോടി മൂല്യം വരുന്ന നോട്ടുകള്‍ അസാധുവാക്കുകയും അവയൊക്കെ ബാങ്കുകളില്‍ ഹാജരാക്കി പുതിയ നോട്ട് കൈപ്പറ്റാന്‍ ജനത്തെ നിര്‍ബന്ധിക്കുകയും ചെയ്തപ്പോള്‍, കണക്കില്ലാതെ സൂക്ഷിച്ചിരിക്കുന്ന മൂന്ന് മുതല്‍ നാല് ലക്ഷം കോടി വരെ മൂല്യമുള്ള കറന്‍സി ഇല്ലാതാകുമെന്നാണ് ഭരണകൂടവും സംഘ്പരിവാരവും പ്രചരിപ്പിച്ചത്. ഇത്രയും മൂല്യം ഇല്ലാതാകുന്നതോടെ അത്രയും പുതിയ കറന്‍സി അച്ചടിച്ച്, വികസന പദ്ധതികളിലേക്ക് നിക്ഷേപിക്കുമെന്നും അവകാശപ്പെട്ടു. ഭീകര സംഘടനകളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുക, കള്ള നോട്ട് നിര്‍മാര്‍ജനം ചെയ്യുക തുടങ്ങിയവയും ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന് വിശേഷിപ്പിക്കപ്പെട്ട നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്റെ ലക്ഷ്യമായി പറഞ്ഞിരുന്നു. ലക്ഷ്യങ്ങളില്‍ ഒന്നുപോലും നേടിയില്ലെന്ന് വൈകാതെ ബോധ്യപ്പെട്ടു. ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറുക എന്നതാണ് നോട്ട് പിന്‍വലിച്ചതിന്റെ ലക്ഷ്യമെന്ന് പിന്നീട് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അതും പ്രായോഗികമായില്ലെന്ന് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്.
2016 നവംബര്‍ എട്ടിന് രാത്രി, വികാര തീവ്രമായ ശബ്ദത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്താണ് നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഭരണകൂടത്തിന്റെ ആത്മാര്‍ഥത ജനത്തെ ബോധ്യപ്പെടുത്താന്‍ അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള നേതാവ് കണ്ണീരണിഞ്ഞതും രാജ്യം പിന്നീട് കണ്ടു. ഇതൊക്കെ നാടകമാണെന്നും കള്ളപ്പണം വെളുപ്പിക്കാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാറെന്നും അന്നേ ആക്ഷേപമുയര്‍ന്നിരുന്നു. നോട്ട് അസാധുവാക്കാനുള്ള തീരുമാനം വേണ്ടപ്പെട്ടവരെയൊക്കെ നേരത്തെ അറിയിച്ചുവെന്നും ആരോപണമുണ്ടായി. ബി ജെ പിയുടെ ചില സംസ്ഥാന ഘടകങ്ങള്‍, നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വന്‍ തുക ബാങ്കുകളില്‍ നിക്ഷേപിച്ചത് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുകയും ചെയ്തു പ്രതിപക്ഷം. ഇതിനെയൊക്കെ സാധൂകരിക്കുന്നതാണ് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബേങ്കിലും രാജ്‌കോട്ട് ജില്ലാ സഹകരണ ബേങ്കിലും തിരിച്ചെത്തിയ കറന്‍സിയുടെ മൂല്യത്തെക്കുറിച്ചുള്ള കണക്കുകള്‍.
നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള അഞ്ച് ദിവസം കൊണ്ട് അഹമ്മദാബാദ് ജില്ലാ സഹകരണ ബേങ്കില്‍ തിരിച്ചെത്തിയത് 745.59 കോടി രൂപ മൂല്യം വരുന്ന കറന്‍സികളാണ്. ബി ജെ പി നേതാവ് ജയേഷ്ഭായ് വിതല്‍ഭായ് റഡാഡിയ ചെയര്‍മാനായ രാജ്‌കോട്ട് ബേങ്കില്‍ തിരിച്ചെത്തിയത് 639.19 കോടി രൂപയുടെ കറന്‍സികളും. നോട്ട് അസാധുവാക്കിയ അഞ്ച് ദിവസത്തിനുള്ളിലാണ് ഇത്രയും കറന്‍സി തിരിച്ചെത്തിയത് എന്നതാണ് ഏറ്റം പ്രധാനം. സഹകരണ ബേങ്കുകള്‍ കഴി കള്ളപ്പണം വെളുപ്പിക്കാന്‍ വലിയ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, ജില്ലാ സഹകരണ ബേങ്കുകള്‍ക്ക് അസാധു നോട്ടുകള്‍ മാറി നല്‍കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കിയത് ഈ അഞ്ച് ദിവസത്തിന് ശേഷമാണ്. അഞ്ച് ദിവസത്തിനിടെ ഗുജറാത്ത് സംസ്ഥാന സഹകരണ ബേങ്കിന് ലഭിച്ചത് 1.11 കോടി രൂപയുടെ കറന്‍സി മാത്രമായിരുന്നുവെന്നത് കൂടി കണക്കിലെടുക്കുമ്പോഴാണ് അഹമ്മബാദ്, രാജ്‌കോട്ട് ബേങ്കുകളിലെ വലിയ നിക്ഷേപം സംശയങ്ങള്‍ക്ക് വഴി തുറക്കുന്നത്.

നോട്ട് പിന്‍വലിക്കാന്‍ തീരുമാനമെടുത്ത ദിവസമോ പിറ്റേന്നോ ആയി, അഹമ്മദാബാദ് ജില്ലാ സഹകരണ ബേങ്കിലേക്ക് 500 കോടിയുടെ പുതിയ കറന്‍സി എത്തിയതായി അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നോട്ട് പിന്‍വലിക്കുന്നതിന് മുമ്പ് തന്നെ, അഹമ്മദാബാദ് സഹകരണ ബേങ്കില്‍ 500 കോടിയുടെ പുതിയ നോട്ടുകള്‍ എത്തിച്ചതായി സംശയിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിക്കുകയും ചെയ്തു. രാജ്യത്തെ മറ്റ് സഹകരണ ബേങ്കുകളിലൊന്നും എത്താത്ത തോതില്‍ അസാധു നോട്ടുകള്‍ അഹമ്മദാബാദിലെയും രാജ്‌കോട്ടിലെയും ബാങ്കുകളില്‍ എത്തിയത് യാദൃച്ഛികമാണെന്ന് കരുതുക വയ്യ. അഹമ്മദാബാദ് ബേങ്കിന്റെ കാര്യത്തില്‍ അസാധാരണമായൊന്നുമില്ലെന്നും വലിയ നിക്ഷേപമുള്ള ബേങ്കിലെ 15 ശതമാനം ഉപഭോക്താക്കളാണ് ഇത്രയും കറന്‍സി കൈമാറിയതെന്നുമാണ് നബാര്‍ഡിന്റെ വിശദീകരണം. അത് വിശ്വസിച്ചാല്‍, ബേങ്കിലെ ഇടപാടുകാരൊക്കെ വന്‍തുക കറന്‍സിയായി കൈവശം വെച്ചിരുന്നുവെന്നും അവരതൊക്കെ അഞ്ച് ദിവസത്തിനകം ബാങ്കിന് കൈമാറിയെന്നും സമ്മതിക്കണം.
നോട്ട് പിന്‍വലിച്ച കാലം, ഓര്‍മയിലുള്ളവര്‍ക്കൊക്കെ അതിന് വേണ്ടി ബാങ്കിന് മുന്നില്‍ എത്ര ദിവസം വരി നില്‍ക്കേണ്ടി വന്നുവെന്ന് അറിയാം. നോട്ടുകള്‍ വെറുതെയങ്ങ് കൈമാറുകയല്ല ചെയ്തിരുന്നത്. ഓരോ കറന്‍സിയുടെയും നമ്പറുകള്‍ രേഖപ്പെടുത്തി നല്‍കണം, അത് ബേങ്ക് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് വാങ്ങിയിരുന്നത്. കൈമാറുന്നതില്‍ കള്ളനോട്ട് ഉണ്ടോ എന്ന് കണ്ടെത്താനായിരുന്നു ഈ നടപടികള്‍. രണ്ട് ലക്ഷത്തിന് മുകളില്‍ മൂല്യം വരുന്ന കറന്‍സി കൈമാറുന്നവര്‍ അതിന്റെ സ്രോതസ്സ് വ്യക്തമാക്കണമായിരുന്നു. ഇതൊക്കെ പാലിച്ച് അഞ്ച് ദിവസം കൊണ്ട് 745.59 കോടി രൂപയുടെ കറന്‍സി അഹമ്മദാബാദ് ബേങ്കിലെത്തി എന്നത് വിശ്വസിക്കുക പ്രയാസം. നോട്ട് പിന്‍വലിക്കാന്‍ പോകുന്നുവെന്ന വിവരമോ ജില്ലാ സഹകരണ ബേങ്കുകളിലൂടെ അഞ്ച് ദിവസം മാത്രമേ അസാധു നോട്ടുകള്‍ മാറാനാകൂ എന്ന വിവരമോ ബേങ്ക് അധികൃതര്‍ക്കോ നോട്ട് കൈമാറിയവര്‍ക്കോ നേരത്തെ ലഭിച്ചിരുന്നുവെന്ന് സംശയിക്കണം.

കേരളത്തിലെ സഹകരണ ബാങ്കുകള്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ച് അസാധു നോട്ടുകള്‍ സ്വീകരിച്ചുവെന്നും കള്ളപ്പണം വെളുപ്പിച്ചുവെന്നും അന്ന് ആരോപണം ഉന്നയിച്ചിരുന്നു സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍. അങ്ങനെ ആരോപണം ഉന്നയിച്ചവര്‍, അഹമ്മദാബാദിലെയും രാജ്‌കോട്ടിലെയും ബേങ്കുകളിലെ അസാധാരണ ഇടപാടുകളെ എങ്ങനെ ന്യായീകരിക്കും? നബാര്‍ഡ് നല്‍കുന്ന സാങ്കേതിക വിശദീകരണത്തിന് അപ്പുറത്ത്, വ്യക്തമായ മറുപടികള്‍ പറയേണ്ട ബാധ്യത ബേങ്ക് അധികൃതര്‍ക്കും റിസര്‍വ് ബേങ്കിനും കേന്ദ്ര സര്‍ക്കാറിനുമുണ്ട്. എത്ര പേരില്‍ നിന്നാണ് ഇത്രയും കറന്‍സി ബേങ്കുകളില്‍ എത്തിയത് എന്നതാണ് മറുപടി കിട്ടേണ്ട ആദ്യത്തെ ചോദ്യം. രണ്ട് ലക്ഷത്തിലധികം മുല്യമുള്ള കറന്‍സി കൈമാറിയവര്‍ എത്ര? അവര്‍ നല്‍കിയ ധന സ്രോതസ്സിനെക്കുറിച്ച് അന്വേഷണം നടന്നിട്ടുണ്ടോ? ആരുടെയെങ്കിലും കാര്യത്തില്‍ വരവില്‍ കവിഞ്ഞ് സമ്പാദ്യമുണ്ടെന്ന് കണ്ടെത്തിയോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊക്കെ മറുപടി വേണം.

മറുപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. മറുപടി നല്‍കിയാല്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഭരണകൂടവും പാര്‍ട്ടി അധ്യക്ഷനും ഒത്താശ ചെയ്തതിന്റെ തെളിവുകളാകും പുറത്തുവരിക. അതുകൊണ്ടു തന്നെ നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യരക്ഷയെ ദോഷകരമായി ബാധിക്കുമെന്ന് അവര്‍ വാദിക്കും. രാജ്യരക്ഷയ്ക്ക് മുന്നില്‍ ചില്ലറക്കോടികള്‍ അപ്രസക്തമല്ലോ! ഇങ്ങനെയുള്ള കൈമാറ്റങ്ങള്‍ ഒന്നോ രണ്ടോ സഹകരണ ബേങ്കുകളില്‍ മാത്രം പരിമിതപ്പെടാന്‍ ഇടയില്ല. സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം നല്‍കിയവര്‍, വന്‍കിടക്കാര്‍ക്ക് എന്തൊക്കെ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടാകില്ല. അങ്ങിനെയെങ്കില്‍ കള്ളപ്പണം മുഴുവന്‍ വെള്ളപ്പണമാക്കിയതിന്റെ ക്രഡിറ്റ് നരേന്ദ്ര മോദിയെന്ന കരുത്തനായ നേതാവിന് അവകാശപ്പെടാം. രാജ്യത്ത് ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കു മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയാണെങ്കിലും വന്‍കിടക്കാര്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ അവസരമുണ്ടാക്കിയതില്‍ അഭിമാനം കൊള്ളാം. എല്ലാം വെളുത്തപ്പോള്‍ കള്ളപ്പണം ഇല്ലാതായല്ലോ! കള്ളപ്പണം ഇല്ലാതാക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടല്ലോ!