Connect with us

Editorial

പിണറായിയെ കാണാന്‍ മാത്രമോ സമയമില്ലാത്തത്?

Published

|

Last Updated

മുഖ്യമന്ത്രി പിണറായി വിജയന് നാലാം തവണയും സന്ദര്‍ശന അനുമതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നടപടി രാഷ്ട്രീയ മാന്യതക്ക് നിരക്കാത്തതായിപ്പോയി. ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ റേഷന്‍ വിഹിതത്തില്‍ കുറവു വന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്താനായി ജൂണ്‍ 21ന് കൂടിക്കാഴ്ചക്ക് ചോദിച്ച ഒടുവില്‍ അനുമതിയാണ് നിഷേധിച്ചത്. അന്നേ ദിവസം പ്രധാനമന്ത്രിക്ക് അസൗകര്യമാണെങ്കില്‍ സൗകര്യപ്രദമായ മറ്റൊരു ദിവസം അനുവദിച്ചു തന്നാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഈ നിര്‍ദേശത്തോടും നിഷേധാത്മക പ്രതികരണമാണ് ഉണ്ടായത്. പ്രധാനമന്ത്രിക്ക് സമയമില്ല. വേണമെങ്കില്‍ ഭക്ഷ്യമന്ത്രിയെ കണ്ടോളൂ എന്നായിരുന്നു പ്രധാനമന്ത്രിയുട ഓഫീസില്‍ നിന്നുള്ള മറുപടി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സഹകരണമേഖലയിലുണ്ടായ പ്രതിസന്ധിയും ശ്രദ്ധയില്‍പെടുത്താനായി 2016 നവംബര്‍ 24നും ബജറ്റുമായി ബന്ധപ്പെട്ട് വികസന പ്രശ്‌നങ്ങള്‍ക്ക് സഹായം ആവശ്യപ്പെടാനായി 2017 മാര്‍ച്ച് 20നും കൂടിക്കാഴ്ചക്ക് കേരള സര്‍വ കക്ഷി സംഘം അനുമതി ചോദിച്ചിരുന്നു. അന്നും അനുമതി ലഭിച്ചില്ല.

ശക്തമായ കേന്ദ്ര ഭരണകൂടവും സമൃദ്ധമായ സംസ്ഥാനങ്ങളുമടങ്ങുന്ന, പരസ്പരം സഹകരണാത്മകമായ ബന്ധം നിലനില്‍ക്കുന്ന ഐക്യ സംസ്ഥാനമായാണ് ഭരണഘടന ഇന്ത്യയുടെ രാഷ്ട്ര ഘടനയെ വിഭാവനം ചെയ്യുന്നത്. ഭരണഘടനാ ശില്‍പികള്‍ രാജ്യത്ത് ഫെഡറലിസം നിര്‍ദേശിച്ചത് ഈ ലക്ഷ്യത്തിലാണ.് ഇതടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ കേന്ദ്രം തുല്യതയോടെ കാണുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പരമാവധി സഹകരിക്കുകയും വേണം. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രിയോ സംസ്ഥാന പ്രതിനിധി സംഘങ്ങളോ സമയം ചോദിച്ചാല്‍ അതനുവദിക്കുകയെന്നത് ഇതിന്റെ ഭാഗമാണ്. മോദി സര്‍ക്കാറും പിണറായി സര്‍ക്കാറും രാഷ്ട്രീയമായി ശത്രുതയിലായിരിക്കാം. എന്നാല്‍, പിണറായിയുടെ വ്യക്തിപരമായ പ്രശ്‌നങ്ങളോ വീട്ടുകാര്യങ്ങളോ ധരിപ്പിക്കാനല്ല സമയം ആവശ്യപ്പെട്ടത്. കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ ധരിപ്പിക്കാനാണ്. കഴിഞ്ഞ കാല കേന്ദ്ര ഭരണകൂടങ്ങള്‍ ചര്‍ച്ചക്ക് സമയം ചോദിക്കന്ന സംസ്ഥാന സര്‍ക്കാറുകളോട് ആരോഗ്യകരമായി പ്രതികരിക്കുകയും സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മോദി അധികാരത്തിലേറിയ ശേഷമാണ് ബി ജെ പി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ പാടേ അവഗണിക്കാന്‍ തുടങ്ങിയത്. സംസ്ഥാനം ആവശ്യപ്പെടുന്ന സമയത്ത് പ്രധാനമന്ത്രിക്ക് ഒഴിവില്ലെങ്കില്‍ ഒഴിവുള്ള സമയം അറിയിക്കാകുന്നതാണ്. ഇത് ഫെഡറലിസത്തിന്റെ താത്പര്യമാണെന്ന് മാത്രമല്ല, ഒരു രാഷ്ട്രീയ മാന്യത കൂടിയാണ്. അതിനോട് മുഖം തിരിക്കുന്നത് അല്‍പത്തവുമാണ്. മേദി പലഘട്ടങ്ങളിലും പ്രകടിപ്പിച്ച അല്‍പത്തത്തിന്റെ മറ്റൊരു രൂപമായി ഇതിനെ കാണണം.
തങ്ങള്‍ക്ക് രാഷ്ട്രീയ ആധിപത്യം നേടാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കുകയും സാമ്പത്തിക സഹായങ്ങള്‍ വെട്ടിക്കുറക്കുകയുമാണ് കേന്ദ്രം.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് സമയം അനുവദിക്കാത്തത് മാത്രമല്ല, കഞ്ചിക്കോട് കോച്ച് ഫാക്ടറി നിര്‍മാണം, വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുക്കല്‍ തുടങ്ങി കേരളത്തിന്റ മിക്ക ആവശ്യങ്ങളോടും കേന്ദ്രം മുഖംതിരിക്കുന്നു. നഷ്ടം മൂലം ഓഹരി വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ നൂറു ശതമാനം ഓഹരിയും വാങ്ങാന്‍ കേരള സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചപ്പോള്‍, വില്‍പനക്കുള്ള ലേലത്തില്‍ പങ്കെടുക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ പരസ്പരം സഹകരണാത്മകമായ നിലപാട് പാലിക്കേണ്ടതിന്റെ ആവശ്യകത അറിയാത്തയാളല്ല നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് ഇക്കാര്യം അദ്ദേഹം അന്നത്തെ യു പി എ സര്‍ക്കാറിനെ നിരന്തരം ഓര്‍മിപ്പിക്കാറുണ്ടായിരുന്നു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംസാരിക്കുന്നതില്‍ വൈമുഖ്യമുള്ളയാളുമല്ല മോദി. കഴിഞ്ഞ ജൂണ്‍ 16ന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എത്തിയ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന് ഊഷഌമായ സ്വീകരണമാണ് അദ്ദേഹം നല്‍കിയത്. അതിന് പക്ഷേ വ്യക്തമായ രാഷ്ട്രീയ കാരണമുണ്ട്. ജൂണ്‍ 30ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ സ്ഥാനമൊഴിയുകയാണ്. നിലവില്‍ 104 പേരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. റാവുവിന്റെ കൈവശം വിലയേറിയ ആറ് എം പിമാരുണ്ട്. തെലുങ്കാന രാഷ്ട്ര രക്ഷാസമിതിക്കും രണ്ട് എം പിമാരുണ്ട്. ഈ രണ്ട് കക്ഷിയുടെയും പിന്തുണ കിട്ടിയാല്‍ ഉപാധ്യക്ഷനായി ബി ജെ പി നോമിനിയെ വിജയിപ്പിച്ചെടുക്കാം. ഇങ്ങനെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ സമയം കണ്ടെത്തുന്ന മോദിക്ക് ബി ജെ പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ഭരണഘടനാ പരമായി കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട അവകാശങ്ങള്‍ക്കായി സമീപിക്കുമ്പോഴാണ് കാണാന്‍ സമയമില്ലാത്തത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വികേന്ദ്രീകരിക്കുന്ന അധികാരത്തിന്റെയും വിഭവങ്ങളുടെയും നീതിയിലും തുല്യതയിലുമാണ് രാജ്യത്തിന്റെ ഐക്യം നിലനില്‍ക്കുന്നത്. കക്ഷിരാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഈ ബാധ്യതയില്‍ നിന്ന് മോദി സര്‍ക്കാര്‍ ഒളിച്ചോടരുത്. പ്രതിലോമകരമായ നിലപാട് അദ്ദേഹം പുനഃപരിശോധിക്കേണ്ടതാണ്.

---- facebook comment plugin here -----

Latest