മലമുകളില്‍ കൊട്ടാരമൊരുക്കി സഞ്ചാരികളെ കാത്ത് മസാഫി

Posted on: June 24, 2018 5:43 pm | Last updated: June 24, 2018 at 5:43 pm
SHARE

ഷാര്‍ജ: മലമുകളില്‍ ആകര്‍ഷകമായ കൊട്ടാരമൊരുക്കി സഞ്ചാരികളെ വിരുന്നൂട്ടാന്‍ കാത്തിരിക്കുകയാണ് മസാഫി. കുന്നും മലയും പച്ചപ്പും നിറഞ്ഞ പ്രകൃതിരമണീയമായ ഈ മരുപ്പച്ച വിനോദസഞ്ചാരികളുടെ മനം കവരുന്നു.
ഫുജൈറയിലെ മസാഫി ടൗണില്‍ നിന്നും ദിബ്ബയിലേക്കുള്ള വഴിയിലാണ് പ്രകൃതി സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന മസാഫി ഗ്രാമം. റാസ് അല്‍ ഖൈമ എമിറേറ്റിലാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഈ നാടന്‍ പ്രദേശം. മലകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നതിനാല്‍ ഏറെ ആകര്‍ഷണീയം. താഴ്‌വാരങ്ങളില്‍ വിവിധയിനം കൃഷികള്‍.

കുന്നുകള്‍ക്ക് മുകളിലാണ് സഞ്ചാരികളെ ലക്ഷ്യമിട്ട് ചെറുകൊട്ടാരം നിര്‍മിച്ചിരിക്കുന്നത്. കരിമ്പാറകള്‍ വെട്ടിപ്പൊളിച്ചാണ് കൊട്ടാരം നിര്‍മിച്ചിരിക്കുന്നത്. വിവിധയിനം കല്ലുകളും പാറകളും നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നു.

ചന്ത മാതൃകയിലുള്ള ചെറുപട്ടണംകൂടിയാണ് മസാഫി. വ്യാപാരികളില്‍ നല്ലൊരു ശതമാനവും മലയാളികളാണ്. ടൗണില്‍നിന്ന് അല്‍പം മാറിയാണ് കൃഷിയിടങ്ങള്‍. മാമ്പഴമുള്‍പെടെ മിക്ക പഴവര്‍ഗങ്ങളും വിവിധയിനം പച്ചക്കറികളും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. സായാഹ്നങ്ങളിലാണ് സഞ്ചാരികള്‍ അധികവും എത്തുന്നത്.
ഫുജൈറയിലെ മസാഫിയാണ് അധികം അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രകൃതിസൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന റാസ് അല്‍ ഖൈമയിലെ മസാഫിയെ കുറിച്ച് അധികമാര്‍ക്കും അറിയില്ല.