Connect with us

Gulf

സ്മാര്‍ട്ട് അലാറം സംവിധാനം : ആഭ്യന്തര വകുപ്പും ഇത്തിസലാത്തും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു

Published

|

Last Updated

അബുദാബി: പൊതു സൗകര്യ ഇടങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ പ്രതിരോധ, സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട് അലാറം സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ഇത്തിസലാത്ത്, ആഭ്യന്തര മന്ത്രാലയവുമായി ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. ആഭ്യന്തര മന്ത്രിയും ഉപപ്രധാന മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ സിവില്‍ ഡിഫന്‍സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ജസീം മുഹമ്മദ് അല്‍ മര്‍സൂഖി, ഇത്തിസലാത്ത് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇത്തിസലാത്ത് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സലേ അല്‍ അബ്ദൗലി എന്നിവര്‍ തമ്മിലാണ് ഒപ്പുവെച്ചത്.

സിവില്‍ മേഖലയില്‍ പ്രതിരോധ, സുരക്ഷാ നടപടികള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള യു എ ഇയുടെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമാണ് ഇരു വിഭാഗവും കരാറില്‍ ഒപ്പ് വെച്ചത്. കരാര്‍ പ്രകാരം ഇരു വിഭാഗത്തിന്റെയും ജീവനക്കാര്‍ വീടുകളിലും മറ്റും സന്ദര്‍ശിച്ചു സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍ മുറികളുമായി ബന്ധിപ്പിക്കുന്ന അഗ്‌നി സുരക്ഷ ഉപകരങ്ങള്‍ വിതരണം ചെയ്യുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യും. വൈദ്യുതി, ഇത്തിസലാത്ത് സേവനങ്ങളുടെ അഭാവത്തില്‍ പോലും 24 മണിക്കൂറും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന തീ അലാറം സംവിധാനങ്ങളാണ് വീടുകളില്‍ വിതരണം ചെയ്യുക.

വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും പ്രാവര്‍ത്തികമാക്കുന്ന പൊതു സുരക്ഷാ നടപടികളും വ്യവസ്ഥകളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ കരാര്‍ ഒപ്പ് വെച്ചതെന്ന് സിവില്‍ ഡിഫന്‍സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ജസീം മുഹമ്മദ് അല്‍ മര്‍സൂഖി വ്യക്തമാക്കി. പുതിയ സംവിധാനം നടപ്പാക്കുന്നതിനുള്ള അപേക്ഷ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.