പോലീസ് സൂപ്പര്‍ കാറില്‍ പറക്കാനുള്ള വിദ്യാര്‍ഥിയുടെ ആഗ്രഹം സഫലമായി

Posted on: June 24, 2018 5:31 pm | Last updated: June 24, 2018 at 5:31 pm

ദുബൈ: ദുബൈ പോലീസിന്റെ അതിവേഗ സൂപ്പര്‍കാറായ മക്‌ലാരനില്‍ നഗരം ചുറ്റിയതിന്റെ അത്ഭുതത്തില്‍ വിദ്യാര്‍ഥി.ജെംസ് വിന്‍ചസ്റ്റര്‍ സ്‌കൂളിലെ വിദ്യാര്‍ഥി പത്തുവയസുകാരന്‍ സനിസ് സനസയാണ് മക്‌ലാരന്‍ 570എസ് കാറില്‍ പറന്നത്.
യു എ ഇ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ‘സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി’ മാഗസിന്‍ മുഖേനയാണ് പോലീസിന്റെ സൂപ്പര്‍ കാറില്‍ സഞ്ചരിക്കാനുള്ള ആഗ്രഹം സനിസ് പങ്കുവെച്ചത്. താമസിയാതെ തന്നെ വിദ്യാര്‍ഥിയുടെ ആഗ്രഹം സാധിപ്പിക്കാന്‍ ദുബൈ പോലീസ് ടൂറിസ്റ്റ് പട്രോളിംഗ് കാറുമായെത്തി.

ദുബൈയിലെ താമസക്കാരെയും വിനോദസഞ്ചാരികളെയും ഒരുപോലെ മോഹിപ്പിക്കുന്നതാണ് ദുബൈ പോലീസിന്റെ ആഢംബര സ്‌പോര്‍ട്‌സ് കാറുകള്‍. ടൂറിസ്റ്റ് പോലീസ് പട്രോളിംഗ് വിഭാഗത്തിന്റെ കീഴിലാണ് ഈ കാറുകള്‍. മക്‌ലാരന്‍ കൂടാതെ ബുഗാട്ടി വെയ്‌റോണ്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77, ലംബോര്‍ഗിനി അവന്റെഡര്‍, ഫെറാറി എഫ് എഫ്, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി ടി, നിസാന്‍ ജി ടി ആര്‍, ലക്‌സസ്, ഓഡി, ബി എം ഡബ്ല്യു, മേഴ്‌സിഡസ് ബെന്‍സ് കാറുകളും ദുബൈ പോലീസിനുണ്ട്‌