ഹൈപര്‍ലൂപ് പേടകത്തിന്റെ അകംവശം പുറത്തുവിട്ടു

Posted on: June 24, 2018 5:20 pm | Last updated: June 24, 2018 at 5:20 pm
SHARE

ദുബൈ: അതിവേഗ യാത്രാപഥമായ ഹൈപര്‍ലൂപ് പേടകത്തിന്റെ അകംവശം പുറത്തുവിട്ടു. ഹൈപര്‍ലൂപ് വരുന്നതോടെ ദുബൈയില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രാസമയം 12 മിനിറ്റായി ചുരുങ്ങുമെന്ന് ദുബൈ മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. സാധാരണ ഇരു എമിറേറ്റുകള്‍ക്കുമിടയിലെ യാത്രാ സമയം ഒന്നര മണിക്കൂറാണ്.

ദുബൈ മീഡിയ ഓഫീസ് പുറത്തുവിട്ട വീഡിയോയില്‍ പേടകത്തിന്റെ അകംവശം മുഴുവനായും കാണിക്കുന്നുണ്ട്. ആര്‍ ടി എയുടെ ലോഗോ പതിച്ച വിശാലമായ കാബിനാണ് അകത്ത്. സുഗമമായി കാല്‍ നീട്ടി ഇരിക്കാന്‍ സാധിക്കുന്ന സീറ്റും ടച്ച് സ്‌ക്രീന്‍ സംവിധാനവുമുണ്ട്. മണിക്കൂറില്‍ 700 മൈല്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഹൈപര്‍ലൂപ് പേടകത്തിന്റെ മാതൃകത ആര്‍ ടി എ മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ടിരുന്നു. യു എ ഇ നൂതനാശയ പ്രദര്‍ശനത്തോടനുബന്ധിച്ച് ദുബൈ സിറ്റിവാക്കിലായിരുന്നു പൊതുജനങ്ങള്‍ക്കായി പേടകത്തിന്റെ മാതൃക പ്രദര്‍ശിപ്പിച്ചത്. ജെറ്റ് എയര്‍ക്രാഫ്റ്റിനേക്കാള്‍ വേഗത്തിലാണിത് സഞ്ചരിക്കുക.

കഴിഞ്ഞ ഏപ്രിലില്‍ ജബല്‍ അലി തുറമുഖത്തെ അതിവേഗ ചരക്കു നീക്കത്തിന് ഹൈപര്‍ലൂപ് ഉപയോഗപ്പെടുത്താന്‍ ഡി പി വേള്‍ഡ് വിര്‍ജിന്‍ കമ്പനിയുമായി ധാരണയിലെത്തിയിരുന്നു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, വിര്‍ജിന്‍ ഹൈപര്‍ലൂപ് വണ്‍ ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍, ഡി പി വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലായം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.