മേജറുടെ ഭാര്യയെ കഴുത്തറുത്തുകൊന്ന സംഭവം: മറ്റൊരു മേജര്‍ അറസ്റ്റില്‍

Posted on: June 24, 2018 3:42 pm | Last updated: June 24, 2018 at 6:24 pm
SHARE
ഷൈലജ, നിഖില്‍ ഹന്ദ

ന്യൂഡല്‍ഹി: തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ സൈനിക മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ മറ്റൊരു മേജര്‍ അറസ്റ്റില്‍. നിഖില്‍ ഹന്ദയെന്ന മേജറെയാണ് അറസ്റ്റ് ചെയ്തത്. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ വെച്ച് ഡല്‍ഹി പോലീസാണ് ഇയാളെ പിടികൂടിയത്. മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ (30)യാണ് കൊല്ലപ്പെട്ടത്. ഡല്‍ഹി കന്റോണ്‍മെന്റ് മെട്രോ സ്റ്റേഷന് സമീപത്തെ ബ്രാര്‍ സ്‌ക്വയറിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

വാഹനം കയറിയിറങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഫിസിയോതെറാപ്പി ചെയ്യാനായി ഡല്‍ഹി കന്റോണ്‍മെന്റിലെ സൈനിക ആശുപത്രിയിലേക്ക് പോയ ഇവരെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വഴിയാത്രക്കാരാണ് മൃതദേഹം റോഡരികില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുന്ന നിലയിലായിരുന്നു മൃതദേഹം. മേജര്‍ക്ക് അനുവദിച്ച ഔദ്യോഗിക വാഹനത്തില്‍ അവരെ ആശുപത്രിക്ക് മുന്നില്‍ ഇറക്കി വിട്ടിരുന്നു. പിന്നീട് ഒരുമണിക്ക് തിരികെ കൂട്ടിക്കൊണ്ടുവരാന്‍ ചെന്നപ്പോള്‍ ഫിസിയോ തെറാപ്പിക്ക് അവര്‍ എത്തിയിരുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്.

ആശുപത്രിക്ക് മുന്നില്‍ ഇറങ്ങിയ ഷൈലജ നിഖില്‍ ഹന്ദയുടെ കാറില്‍ കയറിപോകുന്നത് കണ്ടവരുണ്ട്. കഴുത്തറുത്ത് കൊന്ന ശേഷം അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതി ഷൈലജയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയതെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലക്ക് കാരണമെന്നും പോലീസ് പറഞ്ഞു. ദിമാപൂരില്‍ ദ്വിവേദിക്കൊപ്പം ജോലി ചെയ്തിരുന്നപ്പോഴാണ് ഹന്ദ ഷൈലജയെ പരിചയപ്പെടുന്നത്. അമിത് ദ്വിവേദി- ഷൈലജ ദമ്പതികള്‍ക്ക് എട്ടുവയസുള്ള കുഞ്ഞുണ്ട്