Connect with us

Kerala

കെപിസിസിയും ഡിസിസിയും ചന്തപോലെയെന്ന് ആര്യാടന്‍

Published

|

Last Updated

കോഴിക്കോട്: ഇന്നത്തെ കെ പി സി സിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും ചന്ത പോലെയാണെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ്. അത്രയേറെ ജനബാഹുല്യമാണ്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അഡ്വ. എ സുജനപാല്‍ അനുസ്മരണ സമ്മേളനത്തില്‍ സുജനപാലിന്റെ പിതാവും കോണ്‍ഗ്രസ് നേതാവുമായ ബാലഗോപാലന്റെ ചരിത്രം പരാമര്‍ശിക്കവെയാണ് ആര്യാടന്റെ പ്രതികരണം. കോഴിക്കോടും മലപ്പുറവും വയനാടും ഉള്‍പ്പെട്ട കുട്ടിമാളു അമ്മയുടെ നേതൃത്വത്തിലുള്ള അന്നത്തെ ഡി സി സിയില്‍ പരമാവധി 15 പേരാണുണ്ടായിരുന്നത്. അതില്‍ താനും ഒരംഗമായിരുന്നു. അന്നത്തെ ഡി സി സി സെക്രട്ടറിക്ക് എ ഐ സി സി സെക്രട്ടറിയുടെ പവറായിരുന്നു. ഇന്നത്തെ ഡി സി സിയെ ചന്തയെന്നു പറഞ്ഞാലും ശരിയാവില്ല-ആര്യാടന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം മേല്‍ത്തട്ടില്‍ മാത്രമാണെന്നും ഇത് അവസാനിപ്പിച്ച് താഴെതട്ടിലിറങ്ങിയില്ലെങ്കില്‍ കാലിനടിയിലെ മണ്ണ് ഇളകിപ്പോകുമെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ എം കെ രാഘവന്‍ എം പിയും പറഞ്ഞു. സി പി എമ്മിനെ വിലകുറച്ചു കണ്ട് സമാധാനിക്കേണ്ട. അവര്‍ കേഡര്‍ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസിനെ ഇല്ലാതാക്കുക മാത്രമാണ് അവരുടെ അജണ്ട. പലേടത്തും പോകുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഖത്ത് നിരാശയാണ് കാണുന്നത്. പാര്‍ട്ടിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സിയായിരുന്നു യൂത്ത് കോണ്‍ഗ്രസും കെ എസ് യുവും. എന്നാല്‍ ഇന്ന് അത് നിലച്ചിരിക്കുന്നു. പാരമ്പര്യ കോണ്‍ഗ്രസ് കുടുംബങ്ങളിലെ ചെറുപ്പക്കാര്‍ നമ്മോടൊപ്പമുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. എത്ര യൂത്ത് കോണ്‍ഗ്രസുകാര്‍ ഈ സദസിലുണ്ടെന്ന് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലെ സദസിനെ നോക്കി രാഘവന്‍ ചോദിച്ചു.

Latest