പുതിയ റേഷന്‍ കാര്‍ഡിനും തെറ്റ് തിരുത്താനും നാളെ മുതല്‍ അവസരം, ഇനി ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡും

Posted on: June 24, 2018 2:19 pm | Last updated: June 24, 2018 at 2:19 pm
SHARE

തിരുവനന്തപുരം: റേഷന്‍കാര്‍ഡിന് അപേക്ഷ നല്‍കി ഇനി കാത്തിരുന്ന് മുഷിയേണ്ട. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്ന സംവിധാനം വരുന്നു. ഓഫീസുകളില്‍ നേരിട്ട് ചെല്ലാതെ തന്നെ ഇന്റര്‍നെറ്റ് സംവിധാനമുണ്ടെങ്കില്‍ റേഷന്‍കാര്‍ഡ് സ്വന്തമാക്കാന്‍ കഴിയുന്ന ക്രമീകരണം ഒരു മാസത്തിനകം നിലവില്‍ വരും. നിലവിലുള്ള രീതിക്കൊപ്പം പുതിയ സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം. റേഷന്‍കാര്‍ഡുകളിലെ തെറ്റുതിരുത്താനും പുതിയ പേരുകള്‍ ഉള്‍പ്പെടുത്താനും പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാനും നാളെ മുതല്‍ അപേക്ഷ നല്‍കാം.

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മറ്റൊരു താലൂക്കിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റാനുള്ള അപേക്ഷയും നാളെ മുതല്‍ താലൂക്ക് ഓഫീസുകളില്‍ സ്വീകരിക്കും. ഫോറത്തിന് പ്രത്യേകം ഫീസ് ഈടാക്കില്ല. സിവില്‍ സപ്ലൈസിന്റെ വൈബ്‌സൈറ്റില്‍ നിന്നും സൗജന്യമായി പ്രിന്റ് എടുക്കുകയോ താലൂക്ക് സപ്ലൈ ഓഫീസ്, പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ ലഭ്യമാക്കിയിട്ടുള്ള മാതൃകാ ഫോറത്തിന്റെ പകര്‍പ്പുകള്‍ പൂരിപ്പിച്ച് നല്‍കുകയോ ചെയ്യാം.
റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ക്ക് പുതിയതായി റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് അപേക്ഷ രണ്ട് മാസം മുമ്പ് സ്വീകരിച്ചു തുടങ്ങിയിരുന്നു. അതനുസരിച്ച് അപേക്ഷ നല്‍കിയവരുടെ റേഷന്‍ കാര്‍ഡുകള്‍ താലൂക്ക് ഓഫീസില്‍ തയ്യാറായി വരുന്നു. മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
റേഷന്‍ കാര്‍ഡിന് ഓണ്‍ലൈന്‍ അപേക്ഷിക്കുകയും ഓണ്‍ലൈനായി തന്നെ ലഭ്യമാക്കുകയും ചെയ്യുന്ന സംവിധാനമാണ് ഇലക്‌ട്രോണിക് റേഷന്‍കാര്‍ഡ്. അപേക്ഷ തയ്യാറാക്കുന്നതിനും കമ്പ്യൂട്ടറില്‍ നിന്നും ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡ് പ്രിന്റ് എടുക്കാനും സാധ്യമാകുന്ന സംവിധാനം ഒരു മാസത്തിനകം നിലവില്‍ വരും.

ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ പൊതുവിതരണ ഓഫീസില്‍ നേരിട്ടു ചെല്ലാതെ സര്‍ട്ടിഫിക്കറ്റുകളും റേഷന്‍ കാര്‍ഡുകളും ലഭ്യമാകും.
വ്യക്തികള്‍ക്ക് ആധാര്‍ നമ്പരും, താമസ സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ രേഖകള്‍ സ്‌കാന്‍ ചെയ്തു സമര്‍പ്പിച്ച് ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡുകള്‍ എടുക്കാം. കാലതാമസം ഒഴിവാക്കുന്നതിനൊപ്പം ഓഫീസുകള്‍ പേപ്പര്‍ രഹിതമാക്കാനും സാധിക്കും. സ്വന്തമായി ഇന്റര്‍നെറ്റ് സൗകര്യമുള്ള ഏതൊരാള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അല്ലാത്തവര്‍ക്ക് അക്ഷയ സെന്റര്‍ മുഖേന അപേക്ഷ നല്‍കാം.

LEAVE A REPLY

Please enter your comment!
Please enter your name here