കേന്ദ്രമന്ത്രിയായതുകൊണ്ട് എന്തും വിളിച്ചുപറയരുത്- പിയൂഷ് ഗോയലിന് മറുപടിയുമായി മുഖ്യമന്ത്രി

Posted on: June 24, 2018 12:27 pm | Last updated: June 24, 2018 at 3:47 pm

ന്യൂഡല്‍ഹി: ആകാശത്തുകൂടി ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ലെന്ന കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിയൂഷ് ഗോയലിന്റെ പരാമര്‍ശം വിടുവായത്തമാണെന്നും കേന്ദ്രമന്ത്രിയായതുകൊണ്ട് എന്തുംവിളിച്ചുപറയാമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിയൂഷ് ഗോയലിനെ കാണാന്‍ മനസ്സില്‍ പോലും വിചാരിച്ചിട്ടില്ല. എല്ലാം ബോധ്യപ്പെടുത്തിയിട്ടും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തുന്നു. റെയില്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ കേരളം നല്ല പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. കാര്യങ്ങള്‍ മനസിലാക്കാതെ മന്ത്രി പ്രതികരിക്കരുത്. മുന്‍വര്‍ഷത്തേക്കാള്‍ മികച്ച രീതിയിലുള്ള ഭൂമി ഏറ്റെടുക്കലാണ് ഈ സര്‍ക്കാറിന്റെ കാലത്ത് നടക്കുന്നത്. കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചില്ലെന്ന് പറഞ്ഞാല്‍ പോരാ നടപ്പിലാക്കാന്‍ നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റെയില്‍വേ വികസനത്തിന് കേരളം സ്ഥലമേറ്റെടുത്ത് നല്‍കുന്നതില്‍ മെല്ലപ്പോക്ക് നയം സ്വീകരിക്കുന്നതായി പിയൂഷ് ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലത്ത് കൂടിയേ ട്രെയിന്‍ ഓടിക്കാന്‍ പറ്റൂയെന്നും ആകാശത്ത് കൂടി പറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.