Connect with us

Kerala

വാളയാറില്‍ ഫോര്‍മാലിന്‍ കടത്തിയ 4000 കിലോ മീന്‍ പിടികൂടി

Published

|

Last Updated

പാലക്കാട്: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് രാസവസ്തു കലര്‍ത്തിയ മീന്‍ കടത്തുന്നത് പതിവാകുന്നു. വാളയാറില്‍ ഫോര്‍മാലിന്‍ അടങ്ങിയിയ 4000 കിലോ ചെമ്മീന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തു. പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവ വിശദപരിശോധനക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കഴിഞ്ഞ ദിവസം ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന 14000 കിലോ മീന്‍ രാസവസ്തു കലര്‍ത്തിയതിനെ തുടര്‍ന്ന് പിടിച്ചെടുത്തിരുന്നു. അമരവിള ചെക്ക് പോസ്റ്റിലും വാളയാറിലും നടത്തിയ പരിശോധനയിലാണ് മത്സ്യം പിടിച്ചെടുത്തത്. തുടര്‍ന്ന് പരിശോധന കര്‍ശനമാക്കുകയായിരുന്നു.
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമലയുള്ള ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.

ഫോര്‍മിക് ആസിഡ് ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. മനുഷ്യ ശരീരം കേടുകൂടാതെ സൂക്ഷിക്കാനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. വിവിധ ശരീര ഭാഗങ്ങള്‍ പത്തോളജി പരിശോധനക്കായി അയക്കുന്നത് പത്ത് ശതമാനം വീര്യമുള്ള ഫോര്‍മാലിന്‍ ലായനിയിലാണ്. ഇത്ര അളവാണെങ്കില്‍ പോലും ഇത് കുറേക്കാലം കേടുകൂടാതെയിരിക്കും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ വേണ്ടിയുള്ള മൃതദേഹം സൂക്ഷിക്കുന്നത് ഫോര്‍മാലിന്‍ ലായനിയിലാണ്. ഈ ലായനിയില്‍ ആറ് മാസത്തില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. മൃതദേഹം എംബാം ചെയ്യാനായി ഉപയോഗിക്കുന്നതും ഫോര്‍മാലിനാണ്. കഴിക്കുന്ന മീനിനൊപ്പം ഫോര്‍മാലിന്‍ കൂടി ശരീരത്തിനുള്ളിലെത്തിയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കെ ശശികല പറഞ്ഞു. ഫോര്‍മാലിന്‍ കഴിക്കാന്‍ പാടില്ല. അത് ചെറിയ അളവിലാണെങ്കില്‍ കൂടി ശരീരത്തിനുള്ളിലെത്തിയാല്‍ വിഷമായി പ്രവര്‍ത്തിക്കും. തുടര്‍ച്ചയായി ഇത്തരത്തില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ ഉള്ളില്‍ ചെന്നാല്‍ ആന്തരിക അവയവങ്ങളേയും ബാധിക്കുമെന്നും ക്യാന്‍സര്‍ പോലെയുള്ള മാരകമായ അസുഖങ്ങള്‍ ഉണ്ടാക്കുമെന്നും ഡോ. കെ ശശികല പറഞ്ഞു.

---- facebook comment plugin here -----

Latest