Connect with us

International

തുര്‍ക്കിയില്‍ പ്രസിഡന്റ് ഭരണത്തിന് ഇന്ന് ജനവിധി

Published

|

Last Updated

ഉര്‍ദുഗാന്‍, തെമല്‍

ഇസ്താംബൂള്‍: ദേശീയ അസംബ്ലിയെ അപ്രസക്തമാക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടുകയാണ് ഇന്ന് തുര്‍ക്കി. പാര്‍ലിമെന്റിലേക്കുള്ള പുതിയ അംഗങ്ങളെയും ഒപ്പം പ്രസിഡന്റിനെയും ഇന്ന് ജനം വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കും. പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടനാ ഭേദഗതിക്ക് ശേഷമാണ് ഇന്ന് തുര്‍ക്കി ജനവിധി തേടുന്നത്.

നിലവിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഭരിക്കുന്ന ജസ്റ്റിസ്- ഡവല്പ്‌മെന്റ് പാര്‍ട്ടി (എ കെ പാര്‍ട്ടി)യും ഒരു പോലെ സ്വാഗതം ചെയ്യുകയാണ് പുതിയ ഭേദഗതിയെ. പ്രസിഡന്റിന് കൂടുതല്‍ അധികാരം ലഭിക്കുന്നതോടെ രാജ്യത്തിന് സാമ്പത്തിക, സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ എളുപ്പമാകുമെന്നാണ് അവരുടെ അഭിപ്രായം.
എന്നാല്‍, പ്രതിപക്ഷമായ സാഡെറ്റ് പാര്‍ട്ടിക്ക് ആ അഭിപ്രായമല്ല. പ്രസിഡന്റ് കൂടുതല്‍ ശക്തനാകുന്നതോടെ രാജ്യം ഏകാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് സാഡെറ്റ് പാര്‍ട്ടി നേതാവും പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയുമായ തെമല്‍ കരാമോലോഗുലു ആരോപിച്ചു. ആഗോള മുസ്‌ലിം ഐക്യത്തിന് വേണ്ടി ഉര്‍ദുഗാന്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ലിമെന്റിന് പ്രസിഡന്റിന് മേല്‍ ഒരു നിയന്ത്രണവുമുണ്ടാകില്ല. പാര്‍ലിമെന്റിന്റെ അഭിപ്രായങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ പ്രസിഡന്റ് സ്വന്തം തീരുമാനം അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയാണ് വരാനിരിക്കുന്നതെന്നും തെമല്‍ അഭിപ്രായപ്പെട്ടു.
പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടനാ ഭേദഗതിക്ക് കഴിഞ്ഞ വര്‍ഷമാണ് ജനം വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കിയത്. ഈ ജനവിധി തെറ്റാണെന്ന് കാലം തെളിയിക്കുമെന്നാണ് തെമലിന്റെ വിശ്വാസം. ജനത്തിനും തെറ്റ് പറ്റാം. പക്ഷേ, അത് തിരിച്ചറിയാന്‍ ഏറെ സമയമെടുക്കുമെന്ന് മാത്രം. തിരിച്ചറിയുമ്പോഴേക്കും ജനം അപകട ഘട്ടത്തിലായിരിക്കും. അവര്‍ അത് അഭിമുഖീകരിക്കേണ്ടിവരും.

അധികാര വികേന്ദ്രീകരണത്തിലാണ് സാഡെര്‍ട്ടി വിശ്വസിക്കുന്നത്. കോടതികള്‍ക്ക് മേല്‍ സര്‍ക്കാറിന് ഒരു നിയന്ത്രണവും പാടില്ല. ഇന്ന് രാജ്യത്തിന്റെ സ്ഥിതി അതല്ല. കോടതികളെ സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കുകയാണ്. ഇത്തരം ഒരു ലോകത്ത് നിന്ന് ആര്‍ക്കും നീതി ലഭിക്കില്ല- തെമല്‍ മുന്നറിയിപ്പ് നല്‍കി. ജയിക്കാന്‍ തന്നെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും എന്നാല്‍, പിന്നാമ്പുറക്ക് നടക്കുന്നതായി പറയപ്പെടുന്ന കുതന്ത്രങ്ങള്‍ കാര്യങ്ങള്‍ എവിടെക്കൊണ്ടെത്തിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും തെമര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുന്നുവെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ ചരിത്രം പഠിക്കാന്‍ തയ്യാറാകുകയാണ് വേണ്ടതെന്ന് ഉര്‍ദുഗാന്റെ വക്താവ് ഇബ്‌റാഹിം കിലീം പറഞ്ഞു. പ്രസിഡന്റ് ഭരണം നിലനില്‍ക്കുന്ന യു എസിനെ ചൂണ്ടിക്കാട്ടിയാണ് കലീം ഈ പ്രസ്താവന നടത്തിയത്. അമേരിക്കയിലേത് പോലെയെ ഇവിടെയും നടക്കൂ. നീതിന്യായവും ഭരണനിര്‍വഹണവും നിയമനിര്‍മാണവും തികച്ചും വേറിട്ടുമാത്രമേ പ്രസിഡന്‍ഷ്യല്‍ ഭരണ സംവിധാനത്തിലും നിലനില്‍ക്കുകയുള്ളൂ. പ്രസിഡന്റ് ഭരണത്തില്‍ രാജ്യം കൂടുതല്‍ സുതാര്യമാകും. ജഡ്ജിമാരുടെ നിയമനത്തില്‍ പോലും നിലനില്‍ക്കുന്ന ബാഹ്യ ഇടപെടലുകള്‍ അവസാനിക്കുമെന്നും കലീം അവകാശപ്പെട്ടു.

Latest