താജ്മഹലിനടുത്ത് പൂജ വരുമ്പോള്‍

Posted on: June 24, 2018 9:43 am | Last updated: June 24, 2018 at 9:43 am

കേന്ദ്രത്തില്‍ അധികാരം കിട്ടിയതിനുശേഷം ബി ജെ പി യാതൊരുവിധ അക്കാദമിക് യോഗ്യതയുമില്ലാത്ത ആര്‍ എസ് എസുകാരെയും മോദി ഭക്തരെയും ദേശീയ അക്കാദമിക് സ്ഥാപനങ്ങളുടെ മേധാവികളായി അവരോധിച്ചു. അക്കാദമിക് രംഗത്ത് മഹനീയമായ സംഭാവനകള്‍ നല്‍കിയ നിരവധി പേരുണ്ടായിട്ടും അവരെയൊന്നും പരിഗണിക്കാതെയാണ് സംഘ്പരിവാര്‍ പ്രതിനിധികളെ ചരിത്രകൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ മേധാവികളാക്കിച്ചത്. റൊമീളാഥാപ്പര്‍ ഉള്‍പ്പെടെ അക്കാദമിക് മികവിന്റെയും സംഭാവനകളുടെയും കാര്യത്തില്‍ ലോകനിലവാരമുള്ള നിരവധിപേരെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് സംഘ്പരിവാര്‍ വിധേയത്വം മാത്രം പരിഗണിച്ച് വൈ സുദര്‍ശനറാവുവിനെ ചരിത്രഗവേഷണകൗണ്‍സില്‍ അധ്യക്ഷനാക്കിയത്. ചരിത്രപണ്ഡിതന്മാര്‍ക്കു പകരം 22 സംഘ്പരിവാര്‍ സംഘടനകളുടെ ഭാരവാഹികളായ ആര്‍ എസ് എസുകാരെയാണ് കൗണ്‍സിലില്‍ തിരികിക്കയറ്റിയത്.
അതേപോലെ സാമൂഹിക ശാസ്ത്രഗവേഷണ കൗണ്‍സില്‍ (ഐ സി എസ് എസ് ആര്‍) അധ്യക്ഷനായി നിയമിച്ച ബ്രജ്ബിഹാരികുമാറിനും മോദി ഭക്തിയല്ലാതെ സാമൂഹികശാസ്ത്ര ഗവേഷണപഠനങ്ങളില്‍ യാതൊരുവിധ സംഭാവനയുമില്ല. ഇന്ത്യയില്‍ ജാതീയതയും തൊട്ടുകൂടായ്മയും സൃഷ്ടിച്ചത് അറബികളും തുര്‍ക്കികളും മുഗളന്മാരുമാണെന്ന് വാദിക്കുന്ന ബുദ്ധിജീവിയാണ് ബ്രജ്ബിഹാരികുമാര്‍. ഐ സി സി ആറിന്റെ അധ്യക്ഷനായി നിയമിതനായ ഡോ.ലോകേഷ്ചന്ദ്രയും കറകളഞ്ഞ ആര്‍ എസ് എസുകാരനാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി നിയമിക്കപ്പെട്ട ഗജചന്ദ്രചൗഹാന്‍, ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസിന്റെ ചെയര്‍മാനാക്കിയ അച്യുതസമന്ദ എന്നിവരുടെയെല്ലാം യോഗ്യത ആര്‍എസ് എസുകാരാണ് എന്നത് മാത്രമാണ്. സേതുവിനെ മാറ്റിയാണല്ലോ നാഷനല്‍ ബുക്ക് ട്രസ്റ്റിന്റെ അധ്യക്ഷനായി ബാല്‍ദേവ്ശര്‍മയെ അവരോധിച്ചത്.

ജവര്‍ഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വൈസ്ചാന്‍സലറായി നിയമിക്കപ്പെട്ട ഡോ.ജഗദീഷ്‌കുമാര്‍ തികഞ്ഞ ആര്‍എസ് എസുകാരനാണ്. ഇദ്ദേഹം ആര്‍എസ് എസ് സംഘടനയായ വിജ്ഞാനഭാരതിയുടെ പ്രവര്‍ത്തകനാണ്. ഡോ.ജഗദീഷ്‌കുമാറിന്റെ ജനാധിപത്യവിരുദ്ധമായ നിലപാടുകളും തീരുമാനങ്ങളുമാണ് ജെ എന്‍ യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് കാരണമായത്. മോഹന്‍ഭഗവതുമായി വേദി പങ്കിട്ട ജഗദീഷ്‌കുമാര്‍ വിദ്യാര്‍ഥികളില്‍ രാജ്യസ്‌നേഹമുണ്ടാക്കാന്‍ ജെ എന്‍ യു ക്യാമ്പസിനകത്ത് ഒരു പട്ടാളടാങ്ക് പണിയാനാണ് ശ്രമിച്ചത്.
20 കേന്ദ്ര സര്‍വകലാശാലകളും 31 സംസ്ഥാന സര്‍വകലാശാലകളും ഉള്‍പ്പെടെ 51 യൂനിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍മാരുടെ യോഗം ആര്‍ എസ് എസ് മുന്‍കൈയെടുത്ത് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തത് ഉന്നതവിദ്യാഭ്യാസരംഗത്തെ കാവിവത്ക്കരിക്കുക എന്ന അജന്‍ഡ മുന്‍നിര്‍ത്തിയാണ്. ആര്‍ എസ് എസിന്റെ കീഴിലുള്ള ശിക്ഷാസംസ്‌കൃതി ഉഠാന്‍ ന്യാസ് എന്ന സംഘടന എന്‍ സി ആര്‍ ടിയുടെ പാഠപുസ്തകങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടു. അറബി, ഉറുദ്, ഇംഗ്ലീഷ് വാക്കുകളും വിഖ്യാത കവികളായ മിര്‍സാഗാലിബ്, രവീന്ദ്രനാഥടാഗോര്‍ എന്നിവരുടെ കവിതകളും എം എഫ് ഹുസൈന്റെ ജീവചരിത്ര ഭാഗങ്ങളും മുഗള്‍ ചക്രവര്‍ത്തിമാരെ ഉദാരന്മാരായി വിശേഷിപ്പിക്കുന്ന പാഠഭാഗങ്ങളും ഒഴിവാക്കണമെന്നാണ് ന്യാസ് ആവശ്യപ്പെട്ടിരിക്കുന്നത്.

മറ്റെല്ലാ സ്വേച്ഛാധിപതികളെയും പോലെ താനാണ് രാഷ്ട്രമെന്ന ഭാവത്തിലാണ് മോദിയും ഭരണം തുടരുന്നത്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ മഹാസംഘാതമായ ഇന്ത്യയെ ഹൈന്ദവസംസ്‌കാരത്തിന്റെ ഏകത്വത്തിലേക്ക് വിലയിപ്പിച്ചെടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ചരിത്രസ്മാരകങ്ങളെയും വര്‍ഗീയവത്കരിക്കാനും പിടിച്ചെടുക്കാനുമുള്ള നീക്കം.
1980-കളിലാണ് ബാബ്‌രിമസ്ജിദ് രാമജ•ഭൂമിയാണെന്ന വാദമുയര്‍ത്തി ഭൂരിപക്ഷ മത ധ്രുവീകരണത്തിനുള്ള സംഘടിതമായ ക്യാമ്പയിനുകള്‍ സംഘ്പരിവാര്‍ ആരംഭിക്കുന്നത്. ഇന്തോളജിസ്റ്റുകളായ ബ്രിട്ടീഷ് ചരിത്രകാരന്മാരുടെയും സാമൂഹിക ശാസ്ത്രജ്ഞരുടെയും തെറ്റായ ചരിത്രരചനയും സാമൂഹിക വിശകലനങ്ങളെയും ഉപയോഗിച്ചാണ് സംഘപരിവാര്‍ അവരുടെ ഹിന്ദുത്വഅജന്‍ഡ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഇന്ത്യയെ വര്‍ഗീയവത്കരിക്കുകയെന്ന സാമ്രാജ്യത്വ അജന്‍ഡയുടെ ഭാഗമായിട്ടാണ് ജെയിംസ്മില്യനെയും ക്രിസ്ത്യന്‍ലാസറെയും പോലെയുള്ള യൂറോപ്യന്‍ ചരിത്രകാരന്മാര്‍ വര്‍ഗീയ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ചരിത്രം രചിച്ചത്.
1813-ലാണ് ‘ബാബര്‍നാമ’യുടെ പരിഭാഷ ഇത്തരമൊരു ദുഷ്ടലാക്കോടെ നിര്‍വ്വഹിക്കുന്നത്. പഠാണികള്‍ക്കെതിരായ സൈനിക നീക്കത്തിനിടയില്‍ 1528 മാര്‍ച്ച് മാസത്തില്‍ ബാബര്‍ അയോധ്യയിലൂടെ കടന്നുപോയെന്നാണ് ലെയ്ഡന്‍ വാദിക്കുന്നത്. ഈയൊരു സൂചനയെ പിടിച്ചാണ് പിന്നീട് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ അയോധ്യയില്‍ ബാബ്‌റി മസ്ജിദുമായി ബന്ധപ്പെട്ട തോന്നലുകളും ഊഹങ്ങളും പ്രചരിപ്പിച്ചത്. ലെയ്ഡന്റെ ഒരു പരാമര്‍ശത്തെ കേന്ദ്രീകരിച്ച് പിന്നീട് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ കെട്ടുകഥകള്‍ മെനഞ്ഞു. ലഖ്‌നൗവിലെ റസിഡന്റായിരുന്ന കര്‍ണല്‍സ്ലീമാനാണ് ബാബ്‌റിമസ്ജിദ്-രാമജന്‍മ•ഭൂമി പ്രശ്‌നം ഊതിക്കത്തിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ചത്.

1867-ല്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിന്റെ ഒരു ചരിത്രം സെറ്റില്‍മെന്റ് ഓഫീസറായിരുന്ന കര്‍ണാല്‍ജി തയ്യാറാക്കി. അതിലാണ് അയോധ്യയിലെ ശ്രീരാമ ജന്മസ്ഥാനത്ത് നല്ലൊരു ക്ഷേത്രം ഉണ്ടായിരുന്നിരിക്കണമെന്നും 1528-ല്‍ ബാബര്‍ അയോധ്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ആ സമയത്ത് ബാബറുടെ കല്‍പന പ്രകാരം ആ ക്ഷേത്രം നശിപ്പിച്ചിട്ടുണ്ടെന്നും തോന്നുന്നുവെന്നാണ് ഫൈസാബാദിന്റെ ചരിത്രത്തില്‍ എഴുതി പിടിപ്പിച്ചത്. 1813-ല്‍ ജോണ്‍ലെയ്ഡന്‍, ബാബര്‍ അയോധ്യയില്‍ വന്നിട്ടുണ്ടാകാമെന്നാണ് പറയുന്നത്. 1867-ല്‍ കര്‍ണാള്‍ജി പറയുന്നത് രാമജന്മഭൂമി സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരിക്കാമെന്നാണ്. അതായത് ബ്രിട്ടീഷുകാരുടെ തോന്നലുകളിലും ഊഹാപോഹങ്ങളിലുമാണ് പ്രശ്‌നം രൂപപ്പെട്ടുവന്നത്. ചരിത്രത്തെ വസ്തുതകളില്‍ നിന്നും തോന്നലുകളിലും ഊഹങ്ങളിലും എത്തിച്ചാണ് ഇന്ത്യയുടെ സമൂഹശരീരത്തെയാകെ വെട്ടിമുറിക്കുന്നതരത്തില്‍ ബാബ്‌റിമസ്ജിദ് പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്നത്.
ആര്‍ എസ് എസിന്റെ ചരിത്രവിഭാഗമായ ‘ഇതിഹാസ് സങ്കലന്‍ സമിതി’ താജ്മഹല്‍ ഉള്‍പ്പെടെയുള്ള ചരിത്രസ്മാരകങ്ങളെ പിടിച്ചെടുക്കാനുള്ള വിധ്വംസകമായ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. താജ്മഹല്‍ ഒരു മഹലല്ല മന്ദിറാണെന്നാണ് വാദം. മുംതാസിന്റെ ശവകുടീരം പൊളിച്ചുമാറ്റി ഹിന്ദുക്കള്‍ക്ക് ശിവലിംഗാരാധനക്ക് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ടു സംഘ്പരിവാര്‍ താജ്മഹലിനെതിരെ പരസ്യമായി ആക്രമണം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോള്‍ യമുനയുടെ മറുകരയില്‍ താജ്മഹലിനഭിമുഖമായി എല്ലാ ദിവസവും സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ പൂജകള്‍ നടക്കുന്നു. താജ്മഹല്‍ ശിവക്ഷേത്രമായ തേജോമഹാലയമാണെന്ന പ്രചാരണമാണ് നടക്കുന്നത്.

പുരുഷോത്തംനാഗേഷ്ഓക്ക് രചിച്ച ‘താജ്മഹല്‍: ദി ട്രൂ സ്റ്റോറി’ എന്ന പുസ്തകത്തിലൂടെയാണ് താജ്മഹലിന്റെ ചരിത്രത്തെ തിരുത്താനുള്ള ചരിത്രവിരുദ്ധവും വിജ്ഞാനവിരുദ്ധവുമായ നീക്കങ്ങള്‍ ആരംഭിക്കുന്നത്. ഓക്ക് തന്റെ പുസ്തകത്തില്‍ താജ്മഹല്‍ യഥാര്‍ഥത്തില്‍ ഒരു ശിവക്ഷേത്രമാണെന്നും അത് നിര്‍മിച്ചത് ഒരു രജപുത്ര രാജാവാണെന്നുമാണ് വാദിക്കുന്നത്. പില്‍ക്കാലത്ത് അത് ഷാജഹാന്‍ ചക്രവര്‍ത്തി ഏറ്റെടുക്കുകയായിരുന്നുവത്രെ. 2000-ല്‍ താജ്മഹലിനെ ക്ഷേത്രമായി പ്രഖ്യാപിക്കാനായി ഓക്ക് സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും കോടതി തള്ളുകയായിരുന്നു.
ചരിത്രത്തെ വര്‍ഗീയവത്കരിക്കുകയും ചരിത്രസ്മാരകങ്ങളെ കോര്‍പ്പറേറ്റുകള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുകയും ചെയ്യുന്ന നടപടികള്‍ മോദി സര്‍ക്കാരിന്റെ പാരമ്പര്യത്തോടും സംസ്‌കാരത്തോടുമുള്ള നിഷേധാത്മക സമീപനത്തെയാണ് കാണിക്കുന്നത്. ചരിത്രപ്രസിദ്ധമായ ചെങ്കോട്ട ഡാല്‍മിയക്ക് ഏല്‍പിച്ചുകൊടുത്തത് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ ഇന്ത്യയുടെ ദേശീയ പാരമ്പര്യത്തെതന്നെ സംഹരിക്കുന്ന കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ ഭീകരതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.