Connect with us

Editorial

വിഷരഹിത മത്സ്യം ലഭ്യമാക്കണം

Published

|

Last Updated

കേരളീയന്റെ ഇഷ്ട വിഭവമാണ് മത്സ്യം. എന്നാല്‍ മത്സ്യത്തിലൂടെ അവന്‍ അകത്താക്കിക്കൊണ്ടിരിക്കുന്നത് വിഷമാണ്. ട്രോളിംഗ് നിരോധത്തെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യം യഥേഷ്ടം എത്താന്‍ തുടങ്ങിയതോടെ മലയാളിയുടെ ശരീരത്തിലെത്തുന്ന മാരകമായ രാസപദാര്‍ഥങ്ങളുടെ അളവ് വര്‍ധിച്ചിട്ടുണ്ട്. ജൂണ്‍ 14 അര്‍ധ രാത്രി മുതല്‍ ജൂലൈ 31 വരെയാണ് കേരളത്തിലെ ട്രോളിംഗ് നിരോധം. മറ്റു സംസ്ഥാനങ്ങളില്‍ ട്രോളിംഗ് നിരോധം നേരത്തെ തീരുന്നതിനാല്‍ കേരളത്തിലേക്ക് രാസവസ്തുക്കള്‍ ചേര്‍ന്ന മത്സ്യം കൂടുതലായി വരുന്നത് ഇക്കാലത്താണ്. മാസങ്ങള്‍ക്ക് മുമ്പേ രാസവസ്തുക്കള്‍ ഇട്ട് സൂക്ഷിച്ച മത്സ്യമാണ് കേരളത്തില്‍ എത്തുന്നത്. ഇവയില്‍ കൂടിയ തോതില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സി ഐ എഫ് ടി) നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ തിരുവനന്തപുരം അമരവിള ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6,000 കിലോ ഗ്രാം മത്സ്യത്തില്‍ മാരകമായ അളവില്‍ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ലാബില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ഒരു കിലോ മത്സ്യത്തില്‍ 63 മില്ലിഗ്രാം ഫോര്‍മാലിന്‍ ചേര്‍ത്തതായി തെളിഞ്ഞത്.
മോര്‍ച്ചറികളില്‍ മൃതദേഹം അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ഥമാണ് ഫോര്‍മാലിന്‍. ഇതുചേര്‍ത്താല്‍ മത്സ്യം എത്രനാള്‍ വരെ വേണമെങ്കിലും കേടുവരാതെ സൂക്ഷിക്കാവുന്നതാണ്. അതേസമയം ചെറിയ തോതില്‍ പോലും ഇത് ശരീരത്തില്‍ കടന്നാല്‍ ഉദരരോഗങ്ങളും ക്യാന്‍സറും പിടിപെടാന്‍ സാധ്യതയേറെയാണ്. വായ, തൊണ്ട, അന്നനാളം, ആമാശയം എന്നിവിടങ്ങളില്‍ വ്രണത്തിനും കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മത്സ്യങ്ങള്‍ എത്ര കഴുകിയെടുത്താലും വേവിച്ചാലും ഫോര്‍മാലിന്റെ അംശം നഷ്ടപ്പെടുന്നില്ല. അമോണിയ ആയിരുന്നു അഴുകാതിരിക്കാന്‍ മത്സ്യങ്ങളില്‍ നേരത്തെ ഉപയോഗിച്ചിരുന്നത്. അമോണിയ ഇട്ട് പരമാവധി ഒരാഴ്ച സൂക്ഷിക്കാനേ സാധിക്കൂ. ഇതേത്തുടര്‍ന്നാണ് ഫോര്‍മാലിന്‍ ലായനി ഉപയോഗിക്കാന്‍ തുടങ്ങിയത്. തൂത്തുക്കുടി, വിശാഖപട്ടണം, മഹാരാഷ്ട്രയിലെ മാല്‍വന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് ടണ്‍ കണക്കിനാണ് രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ കേരളത്തിലേക്ക് വരുന്നത്. പെട്ടെന്ന് അഴുകുന്ന വസ്തു എന്ന നിലയില്‍ ചെക്ക് പോസ്റ്റുകളില്‍ മത്സ്യം കൊണ്ടുവരുന്ന വാഹനം അധികനേരം നിര്‍ത്തി പരിശോധിക്കാറില്ല. സൂക്ഷ്മമായി പരിശോധിച്ചാല്‍ തന്നെയും രാസവസ്തുക്കള്‍ ചേര്‍ത്തത് എളുപ്പത്തില്‍ കണ്ടു പിടിക്കാനും പ്രയാസമാണ്. സാമ്പിള്‍ എടുത്ത് പരിശോധനക്കായി ലാബിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ലാബിലെ ഫലം വന്ന ശേഷമേ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് അറിയാനാവുകയുള്ളൂ. മീനുകളിലെ രാസവസ്തു സാന്നിധ്യം കണ്ടെത്താന്‍ അടുത്തിടെ സി ഐ എഫ് ടി വികസിപ്പിച്ച ആധുനിക പരിശോധനാ കിറ്റുകള്‍ ചെക്ക്‌പോസ്റ്റുകളില്‍ എത്തിച്ചിട്ടുണ്ടെങ്കിലും അത് വേണ്ടത്ര ഫലപ്രദമല്ല. സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ ഇപ്പോഴും വിഷം കലര്‍ന്ന മത്സ്യങ്ങള്‍ യഥേഷ്ടം എത്തുന്നുണ്ട്.

ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങള്‍ മാത്രമല്ല, സംസ്ഥാനത്തെ നദികളില്‍ നിന്നും കായലുകളില്‍ നിന്നും പിടിക്കുന്ന മത്സ്യങ്ങളും സുരക്ഷിതമല്ല. കഴിഞ്ഞ ജൂലൈയില്‍ തൊടുപുഴ വണ്ണപ്പുറത്തെ മത്സ്യവിപണന കേന്ദ്രത്തില്‍ വില്‍പ്പനക്ക് വെച്ച മത്സ്യത്തില്‍ പാറ്റക്കും പല്ലിക്കും അടിക്കുന്ന ബിഗോണ്‍ എന്ന കീടനാശിനി സ്‌പ്രേ ചെയ്യുന്നത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഫുഡ് ആന്‍ഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് ഈ സ്ഥാപനം പൂട്ടി സീല്‍ വെച്ചിരുന്നു. സംസ്ഥാനത്തെ ജലാശയങ്ങളില്‍ നിന്ന് പലരും മീന്‍ പിടിക്കുന്നത് വിഷം കലക്കിയാണ്. മുന്‍ കാലങ്ങളില്‍ പനക്കുരു തുരിശ് ചേര്‍ത്തായിരുന്നു മീന്‍വേട്ടയെങ്കില്‍ ഇപ്പോള്‍ ഫ്യൂറഡാന്‍ പോലുള്ള മാരക കീടനാശിനികളാണ് ഉപയോഗിക്കുന്നത.് ഇതിനിടെ കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലും വിഷം കലക്കി പിടിച്ച മത്സ്യം വാങ്ങി കഴിച്ചവര്‍ക്ക് വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു.
മത്സ്യം കേടുവരാതിരിക്കുന്നതിന് ശുദ്ധമായ ഐസ് അല്ലാതെ മറ്റൊന്നും ചേര്‍ക്കാന്‍ കേരളത്തില്‍ അനുവാദമില്ല. ക്ലോറിന്‍ ഡൈ ഓക്‌സൈഡ് ചേര്‍ത്ത് മത്സ്യം വിപണനം നടത്താന്‍ അനുമതി തേടി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ സമീപിച്ചിരുന്നെങ്കിലും അനുവാദം നല്‍കില്ലെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യങ്ങള്‍ വിഷരഹിതമെന്ന് ഉറപ്പു വരുത്തിയെങ്കില്‍ മാത്രമേ കേരളത്തിന്റെ ഈ നിലപാട് പ്രയോജനപ്രദമാവുകയുള്ളൂ.

ശുദ്ധമായ മത്സ്യം ഉപഭോക്താക്കളുടെ അവകാശമാണ്. കര്‍ശന പരിശോധനയിലൂടെ മത്സ്യത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തേണ്ടത് മത്സ്യ, ആരോഗ്യ വകുപ്പുകളുടെ ബാധ്യതയാണ്. കേരളീയര്‍ക്ക് വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം ഊര്‍ജിതമാക്കുകയും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. മത്സ്യ മേഖലയിലും സമാന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. മാര്‍ക്കറ്റുകളില്‍ മത്സ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക വിഭാഗത്തെ നിയമിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായി ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചിരുന്നു. ഇതോടൊപ്പം ചെക്ക് പോസ്റ്റുകളില്‍ മതിയായ പരിശോധനക്ക് സംവിധാനം ഏര്‍പ്പെടുത്തുകയും വേണം.

Latest