ഉര്‍ദുഗാന് ആര്‍പ്പു വിളിക്കാം

മഹാസഖ്യം മാത്രമേ വഴിയുള്ളൂ എന്ന ഗതികേടിലേക്ക് പ്രതിപക്ഷത്തെ ചുരുക്കി കെട്ടാന്‍ ഉര്‍ദുഗാന് സാധിച്ചു. രാഷ്ട്രീയ മിടുക്കിന്റെ അവസാന പടിയിലാണ് അദ്ദേഹം നില്‍ക്കുന്നത്. അത് തന്നെയാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം.
Posted on: June 24, 2018 9:30 am | Last updated: June 24, 2018 at 9:30 am
SHARE


തുര്‍ക്കി ജനത അത്യന്തം നിര്‍ണായകമായ തീരുമാനം പ്രഖ്യാപിക്കാനായി ഇന്ന് ബൂത്തിലേക്ക് പോകുകയാണ്. പുതിയ പ്രസിഡന്റിനെ അവര്‍ തിരഞ്ഞെടുക്കും. പാര്‍ലിമെന്റിലേക്കുള്ള അംഗങ്ങളെയും. പ്രധാനമന്ത്രിയായും പ്രസിഡന്റായും 15 വര്‍ഷമായി അധികാരത്തിലുള്ള റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തന്നെയാണ് ഗോദയിലെ കരുത്തന്‍. അദ്ദേഹത്തിന് ചെറിയ വെല്ലുവിളിയെങ്കിലും ഉയര്‍ത്തുന്നത് റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മുഹര്‍റം ഇന്‍സെ മാത്രമാണ്. ഇന്നത്തെ വോട്ടെടുപ്പില്‍ ഒരു പ്രസിഡന്റ് സ്ഥാനാര്‍ഥിക്കും അമ്പത് ശതമാനത്തിലധികം വോട്ട് നേടാനായില്ലെങ്കില്‍ അടുത്ത മാസം ഏഴിന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. മുമ്പിലെത്തിയ രണ്ട് പേര്‍ അന്ന് ഏറ്റുമുട്ടും. അടുത്ത വര്‍ഷം നവംബര്‍ മൂന്നിന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നേരത്തെയാക്കിയത്. സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കാന്‍ സുസ്ഥിരവും ശക്തവുമായ സര്‍ക്കാര്‍ അടിയന്തര ആവശ്യമാണെന്നും അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് നേരത്തേയാക്കുന്നതെന്നും അദ്ദേഹം വാദിക്കുന്നു. എന്നാല്‍ 2016 ജൂലൈയില്‍ സൈനിക അട്ടിമറി ശ്രമത്തിന് ശേഷം ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ അങ്ങനെ തന്നെ നില്‍ക്കുകയാണെന്നും ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഭരണ സംവിധാനം ഉപയോഗിച്ച് മേല്‍ക്കൈ നേടാന്‍ സാധിക്കുമെന്നത് കൊണ്ടാണ് നേരത്തെയാക്കലെന്നും പ്രതിപക്ഷം വാദിക്കുന്നു.

ഈ തിരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന് ജയിച്ചേ തീരൂ. സ്വയം ജയിച്ചാല്‍ പോര. പാര്‍ലിമെന്റില്‍ തന്റെ സഖ്യം കൊള്ളാവുന്ന ഭൂരിപക്ഷം നേടുകയും വേണം. ഒരു ദശകത്തിലധികമായി ഉര്‍ദുഗാന്‍ നടത്തിയിട്ടുള്ള കരുനീക്കങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുക ഈ തിരഞ്ഞെടുപ്പോട് കൂടിയാണ്. പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരം സാധ്യമാക്കുന്നതിനും പ്രധാനമന്ത്രി പദം അവസാനിപ്പിക്കുന്നതിനുമായി ഭരണഘടന മാറ്റിയെഴുതി. ഇതിനായുള്ള ഹിതപരിശോധനയില്‍ 51.4 ശതമാനം വോട്ട് നേടി വിജയിച്ചു. 2016ലെ സൈനിക അട്ടിമറിയെ ജനങ്ങളെ അണിനിരത്തി തന്നെ അതിജീവിച്ചു. അട്ടിമറിയുമായി വിദൂര ബന്ധമുള്ളവരെ പോലും ജയിലിലടച്ചു. സൈനികരെ ഈ സാഹസത്തിലേക്ക് തള്ളിവിട്ടുവെന്ന് കരുതുന്ന പ്രവാസി ആത്മീയ നേതാവ് ഫത്ഹുല്ല ഗുലന്റെ അനുയായികളെ ഛിന്നഭിന്നമാക്കി. കുര്‍ദുകളെ നിലക്ക് നിര്‍ത്തി. സിറിയയിലും നേടി സൈനിക വിജയം. മഹാസഖ്യം മാത്രമേ വഴിയുള്ളൂ എന്ന ഗതികേടിലേക്ക് പ്രതിപക്ഷത്തെ ചുരുക്കി കെട്ടാനും ഉര്‍ദുഗാന് സാധിച്ചു. രാഷ്ട്രീയ മിടുക്കിന്റെ അവസാന പടിയിലാണ് അദ്ദേഹം നില്‍ക്കുന്നത്. അത് തന്നെയാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം.

ഹിതപരിശോധനക്ക് ശേഷം നടന്ന ഭരണഘടനാ ഭേദഗതി തുര്‍ക്കിയെ പാര്‍ലിമെന്ററി സമ്പ്രദായത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് പറിച്ചു നടുകയായിരുന്നു. പ്രധാനമന്ത്രി പദം അവസാനിക്കും. മന്ത്രിസഭയെയും വൈസ് പ്രസിഡന്റിനെയും പ്രസിഡന്റ് തീരുമാനിക്കും. ജുഡീഷ്യറി പൂര്‍ണമായി പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരും. ഭരണകൂടത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ നിയന്ത്രിക്കാന്‍ കോടതികള്‍ക്കുള്ള അധികാരം പൂര്‍ണമായി അവസാനിക്കും. ജഡ്ജിമാരെ അടക്കം സര്‍വ മേഖലയിലെയും ഉന്നത വ്യക്തിത്വങ്ങളെ നിയമിക്കുന്നത് പ്രസിഡന്റായിരിക്കും. സൈന്യത്തിന് മേലും പ്രസിഡന്റിന് ആധിപത്യമുണ്ടാകും. ഒരു വ്യക്തിക്ക് അഞ്ച് വര്‍ഷത്തെ രണ്ട് ഊഴം പ്രസിഡന്റ് പദവിയിലിരിക്കാമെന്നാണ് ഭരണഘടനാ ഭേദഗതി ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഉര്‍ദുഗാന്‍ നിലവില്‍ പ്രസിഡന്റായിരിക്കുന്നത് കണക്കിലെടുക്കില്ല. ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ ഉര്‍ദുഗാന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ 2029 വരെ അധികാരത്തില്‍ തുടരാന്‍ അവസരമൊരുങ്ങുമെന്നര്‍ഥം.
ഇത്ര വലിയ അധികാര ലബ്ധിക്ക് മേയര്‍ പദവിയില്‍ നിന്ന് ജൈത്രയാത്ര തുടങ്ങിയ ഈ നോതാവിന് അര്‍ഹതയുണ്ടോ എന്ന് ചോദിക്കുന്നവര്‍ക്ക് നല്‍കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അനുയായികള്‍ക്കും ലോകത്താകെ ഉര്‍ദുഗാനിസത്തെ പിന്തുണക്കുന്നവര്‍ക്കും കൃത്യമായ ഉത്തരമുണ്ട്. 1924 മാര്‍ച്ച് മൂന്നിനാണ് തുര്‍ക്കി ഖിലാഫത്തിന് സാങ്കേതികമായി അന്ത്യം കുറിച്ചത്. യുക്തിരഹിതവും കൃത്രിമവും ചരിത്രവിരുദ്ധവുമായ പാശ്ചാത്യ മതേതരത്വം തുര്‍ക്കി ജനതക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ തുര്‍ക്കിയുടെ പിതാവ് (അതാതുര്‍ക്ക്) എന്ന് സ്വയം വിശേഷിപ്പിച്ച മുസ്തഫ കമാല്‍ പാഷ തീരുമാനിക്കുകയും ഖലീഫ എന്ന സ്ഥാനപ്പേര് അവസാനിപ്പിച്ച് കൊണ്ട് നാഷനല്‍ അസംബ്ലിയില്‍ നിയമം പാസ്സാക്കുകയും ചെയ്തതോടെയാണ് തുര്‍ക്കി ഖിലാഫത്ത് സമ്പൂര്‍ണമായി അസ്തമിച്ചത്. 1946 ഓടെ രാജ്യം ബഹുകക്ഷി ജനാധിപത്യത്തിന്റെ പരീക്ഷണങ്ങളിലേക്ക് നീങ്ങി. കുര്‍ദ് തീവ്രവാദത്തിന്റെയും കലാപത്തിന്റെയും ഇരയായി. 1960, 1971, 1980, 2016 തുടങ്ങി നിരവധി സൈനിക അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ചു. നിരവധി രാഷ്ട്രീയ അസ്ഥിരതകള്‍. അതീജീവനങ്ങള്‍. ഒടുവില്‍ തുര്‍ക്കി ഇന്നത്തെ നിലയില്‍ ശക്തമായ രാഷ്ട്രമായി മാറുന്നതില്‍ ഉര്‍ദുഗാന്റെ പങ്ക് നിര്‍ണായകമായിരുന്നു. മതത്തിന്റെ മൗലികതയെ തിരിച്ചു കൊണ്ടു വന്നുവെന്നത് തന്നെയാണ്് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വിജയം. യൂറോപ്യന്‍ സ്വാധീനം കൊണ്ടു വന്ന ആധുനികത നിലനില്‍ക്കുമ്പോള്‍ തന്നെ മതപരമായ സ്വത്വം ഉയര്‍ത്തിപ്പിടിക്കാനുള്ള രാഷ്ട്രീയ സാഹചര്യമാണ് ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ കെ പാര്‍ട്ടി) സൃഷ്ടിച്ചത്. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ ഒന്നൊന്നായി പരാജിത രാഷ്ട്ര മുദ്ര ഏറ്റുവാങ്ങി തകര്‍ന്നടിയുമ്പോള്‍ യൂറോപ്പിന്റെ രോഗിയെന്ന കുറ്റപ്പേര് മായ്ച്ചു കളഞ്ഞ് തുര്‍ക്കി മുന്നേറുകയായിരുന്നു. ബഹുകക്ഷി സംവിധാനവും മതേതരമായ ഇടവും നിലനിര്‍ത്തുമ്പോള്‍ തന്നെ രാജ്യത്തിന് മതമൗലികതയുടെ അടിത്തറ ഒരുക്കുകയാണ് ഉര്‍ദുഗാന്‍ ചെയ്തത്. അതുകൊണ്ട് ഉര്‍ദുഗാന്‍ ബഹുദൂരം മുന്നില്‍ തന്നെയാണ്.

2015ലാണ് ഒടുവില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ഉര്‍ദുഗാന്റെ പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാനായില്ല. സഖ്യ പരീക്ഷണത്തിന് അദ്ദേഹം തയ്യാറായി. ഇത്തവണ അത്തരമൊരു സാഹചര്യം ഒഴിവാക്കണമെന്നാണ് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുന്നത്. ശക്തമായ രാഷ്ട്രം, ശക്തനായ നേതാവ് എന്നതാണ് അക് പാര്‍ട്ടിയുടെ മുദ്രാവാക്യം. മൂന്ന് സാധ്യതകളാണ് ഉള്ളത്. ഉര്‍ദുഗാനിസത്തിന്റെ സമ്പൂര്‍ണ വിജയമാണ് ഒന്നാമത്തേത്. ആദ്യ ഘട്ടത്തില്‍ തന്നെയോ രണ്ടാം ഘട്ടത്തിലൂടെയോ പ്രസിഡന്റായി ഉര്‍ദുഗാന്‍ വരിക. അദ്ദേഹത്തിന്റെ പാര്‍ട്ടി ഉള്‍പ്പെടുന്ന സഖ്യത്തിന് പാര്‍ലിമെന്റിലും ഭൂരിപക്ഷമുണ്ടാകുക. ഈ സാഹചര്യത്തിനാണ് ഭരണപക്ഷം പഠിച്ച പണി പതിനെട്ടും പയറ്റുന്നത്.
പ്രസിഡന്റ് ഉര്‍ദുഗാന്‍ തന്നെ; എന്നാല്‍ പാര്‍ലിമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടി കൂട്ടായ്മക്ക് ഭൂരിപക്ഷം. ഇതാണ് രണ്ടാമത്തെ സാധ്യത. മിക്ക രാഷ്ട്രീയ നിരീക്ഷകരും ഈ സാധ്യതക്കാണ് മാര്‍ക്കിടുന്നത്. നാല് പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപവത്കരിച്ച ദേശീയ സഖ്യത്തിന് കൊള്ളാവുന്ന ശക്തിയുണ്ടെന്നാണ് വിലയിരുത്തല്‍. ആശയപരമായി വിരുദ്ധ നിലകളിലുള്ള പാര്‍ട്ടികളുടെ വിചിത്ര സഖ്യമാണിത്. ഉര്‍ഗുദാന്റെ സമഗ്രാധിപത്യത്തിന് തടയിടുക മാത്രമാണ് ലക്ഷ്യം.

തുര്‍ക്കി ജനത യൂറോപ്പിലെ മുഖ്യധാരാ മാധ്യമങ്ങളുടെ പ്രചാരണത്തില്‍ വീഴുകയും പാര്‍ലിമെന്ററി സമ്പ്രദായത്തോട് ഗൃഹാതുരമായ അടുപ്പം പുലര്‍ത്തുകയും ചെയ്താല്‍ സംഭവിക്കാവുന്ന സാധ്യതയാണ് മൂന്നാമത്തേത്. ഉര്‍ദുഗാനിസത്തിന്റെ സമ്പൂര്‍ണ പരാജയം. അദ്ദേഹം തോല്‍ക്കുന്നു; സഖ്യവും. വല്ലാത്തൊരു അസ്ഥിരതയാകും ഇത് തുര്‍ക്കിയില്‍ ഉണ്ടാക്കുക. അതിനാല്‍ നമുക്ക് ഉര്‍ദുഗാന് വേണ്ടി ആര്‍പ്പു വിളിക്കാം. അപ്പോഴും ചില ചോദ്യങ്ങള്‍ തികട്ടി വരുന്നു. ശക്തമായ രാഷ്ട്രം, ശക്തനായ പ്രസിഡന്റ,് ശക്തമായ സൈന്യം തുടങ്ങിയ ആശയങ്ങള്‍ കലശലായ ഭയം ഉണ്ടാക്കുന്നില്ലേ? ഡൊണാള്‍ഡ് ട്രംപും നരേന്ദ്ര മോദിയും ഈ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ അതിനെ തീവ്രവലതുപക്ഷ യുക്തികള്‍ എന്നല്ലേ വിളിക്കുക? അമിതാധികാരം മനുഷ്യനെ ദുഷിപ്പിക്കുക തന്നെ ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here