Connect with us

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങി മുസ്‌ലിം ലീഗ്

Published

|

Last Updated

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു മുഴം മുന്നെ ഒരുങ്ങി മുസ്‌ലിം ലീഗ്. ആദ്യപടിയായി എല്ലാ മണ്ഡലങ്ങളിലും പ്രത്യേക പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ ചേരാന്‍ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തി ല്‍ തീരുമാനമായി. ജൂലൈ നാലിന് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലാണ് ആദ്യ കണ്‍വെന്‍ഷന്‍. വോട്ടര്‍പട്ടികയില്‍ കൂടുതല്‍ പേരെ ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം തുടങ്ങും. പാര്‍ട്ടിതലത്തില്‍ തിരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാകുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ മണ്ഡലങ്ങളിലും വിപുലമായ കണ്‍വെന്‍ഷനുകള്‍ നടത്തുന്നത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും സംഘാടകര്‍ക്കും രാഷ്ട്രീയ പഠനം നല്‍കുന്നതിന് സ്ഥിരം പഠനകേന്ദ്രം ആഗസ്റ്റ് 15 ന് ആരംഭിക്കും.

ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടി ആഗസ്റ്റ് ഒന്നിന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നടക്കും.
ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ തൃപ്തികരമായ പ്രവര്‍ത്തനം നടത്താന്‍ മുസ്‌ലിം ലീഗിന് സാധിച്ചെന്ന് യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വി കെ ഇബ്‌റാഹിംകുഞ്ഞ് എം എല്‍ എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കട്ടിപ്പാറിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 14ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നിരവധി പേര്‍ക്ക് വീട് നഷ്ടമായി. എന്നാല്‍ ദുരിതബാധിതര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുന്നതിലും പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിലും സര്‍ക്കാന്‍ പരാജയമായിരുന്നു. വലിയൊരു ദുരന്തമുണ്ടായിട്ടുപോലും മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മാധ്യമങ്ങളോട് പറഞ്ഞു. ഓഖി പോലുള്ള ദുരന്തത്തിന് ശേഷം എല്ലാ തീരദേശങ്ങളിലും പ്രത്യേകിച്ച് മലപ്പുറം ജില്ലയുടെ തീരദേശം കടുത്ത ആശങ്കയിലാണ്. അടിയന്തര ഘട്ടങ്ങള്‍ നേരിടാന്‍ നാവികസേനയുടെയോ തീരസംരക്ഷണ സേനയുടെയോ സ്ഥിരം കേന്ദ്രം തിരൂര്‍ ആസ്ഥാനമായി കൊണ്ടുവരണമെന്ന് പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു.

25ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ പ്രവര്‍ത്തകസമിതി ചര്‍ച്ച ചെയ്ത തീരുമാനങ്ങള്‍ അവതരിപ്പിക്കും. മലബാറിലെ എസ് എസ് എല്‍ സി പാസായ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന സൗകര്യം ഒരുക്കണം. പല ജില്ലകളിലും സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആവശ്യമായ സീറ്റില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും കെ പി എ മജീദ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

Latest