പലതവണ ശ്രമിച്ചിട്ടും കാണാന്‍ പ്രധാനമന്ത്രി കൂട്ടാക്കിയില്ല, ഈ നിലപാട് ചരിത്രത്തിലാദ്യം; ആഞ്ഞടിച്ച് മുഖ്യമന്ത്രി

Posted on: June 23, 2018 2:17 pm | Last updated: June 23, 2018 at 5:25 pm
SHARE

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ പലതവണ ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വകുപ്പ് മന്ത്രിയെ കാണാനായിരുന്നു മോദിയുടെ മറുപടി. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു നിലപാട്. കേരളത്തോട് മാത്രമാണ് പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള സമീപനം. ഫെഡറലിസത്തിന് വിരുദ്ധമായ സമീപനമാണ് പ്രധാനമന്ത്രിയുടേതെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പൊതുവായുള്ള വികസനത്തിന് കേന്ദ്രനയങ്ങള്‍ തടസ്സമാകുകയാണ്. ഇതു സംസ്ഥാനത്തോടുള്ള നിഷേധമാണെന്നും പിണറായി വിമര്‍ശിച്ചു. ഫെഡറല്‍ സംവിധാനങ്ങളെ മാനിക്കാന്‍ കേന്ദ്രം തയ്യാറാകണം. റെയില്‍വികസനത്തിന് സ്ഥലംനല്‍കുന്നില്ലെന്ന കേന്ദ്ര ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ജനക്ഷേമവും സമാധാനവും മുന്‍നിര്‍ത്തിയുള്ള ഭരണം ഉറപ്പാക്കാന്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാറിനായി. കേന്ദ്രമന്ത്രി സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പരിഹരിച്ചു. വിദേശ കമ്പനികളുടെ വിമാനം കണ്ണൂരില്‍ ഇറങ്ങുന്നതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി. വിദേശ എയര്‍ലൈന്‍ കമ്പനികളുമായി ഇക്കാര്യം സംസാരിക്കുമെന്നു സുരേഷ് പ്രഭു ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.