ജെസ്‌നയുടെ തിരോധാനം: പോലീസ് വീണ്ടും മലപ്പുറം കോട്ടക്കുന്നില്‍

Posted on: June 23, 2018 10:58 am | Last updated: June 23, 2018 at 4:39 pm
SHARE

മലപ്പുറം: കോട്ടയം മുക്കൂട്ടുതറയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ അന്വേഷണം വീണ്ടും മലപ്പുറത്തേക്ക്. പത്തനംതിട്ട വെച്ചൂചിറ പോലീസ് മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ വീണ്ടുമെത്തി. മേയ് മൂന്നിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കും. പാര്‍ക്കിനോടു ചേര്‍ന്നുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

ജെസ്‌നയെ മലപ്പുറത്തെ കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം അന്വേഷണ സംഘത്തിലെ രണ്ട് പേര്‍ ഇന്നലെ വൈകിട്ടോടെ മലപ്പുറത്തെത്തിയിരുന്നു. പാര്‍ക്കില്‍ കണ്ടത് ജെസ്‌നയെ അല്ലെന്നാണ് പാര്‍ക്കിലെ ജീവനക്കാരും രഹസ്യാന്വേഷണ വിഭാഗവും വിവരം നല്‍കിയത്.
മേയ് മൂന്നിന് രാവിലെ മുതല്‍ വൈകുന്നേരം വരെ കോട്ടക്കുന്ന് പാര്‍ക്കിലുണ്ടായിരുന്നവരില്‍ ഒരു പെണ്‍കുട്ടി ജെസ്‌നയാണെന്നാണ് ചില ദൃക്‌സാക്ഷികള്‍ സംശയം പ്രകടിപ്പിച്ചത്. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. ദീര്‍ഘ ദൂര യാത്രക്ക് ശേഷമെന്ന് തോന്നിക്കും വിധം വലിയ രണ്ട് ബേഗുകളുമായാണ് പെണ്‍കുട്ടികള്‍ കോട്ടക്കുന്നിലെത്തിയത്. മൂന്ന് ആണ്‍കുട്ടികളുമായും ഇവര്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഇതിനിടയില്‍ ജെസ്‌നയെന്ന് സംശയിച്ച പെണ്‍കുട്ടി കരയുകയും പാര്‍ക്കിലെ ജീവനക്കാരന്‍ ഇതേപ്പറ്റി അവരോട് അന്വേഷിക്കുകയും ചെയ്തു. പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പെണ്‍കുട്ടി മറുപടി നല്‍കിയത്.

കോട്ടക്കുന്നില്‍ ഉണ്ടായിരുന്ന പ്രദേശത്തുകാരനായ യുവാവും ഈ പെണ്‍കുട്ടി ജെസ്‌നയാണെന്ന് സംശയം ഉന്നയിച്ചിരുന്നു.
യുവാവ് എടുത്ത സെല്‍ഫിയില്‍ പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെട്ടിരുന്നു. ചിത്രം അവ്യക്തമാണെങ്കിലും ഇത് ജെസ്‌നയല്ലെന്നാണ് നിഗമനം. ജെസ്‌ന മലപ്പുറത്തെത്തിയതായ വിവരത്തിന്റെ നിജസ്ഥിതി അന്വേഷിച്ചുവരികയാണെന്നും നിലവില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.