ജാഗ്രതൈ!!! തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് എലിപ്പനി മുന്നറിയിപ്പ്

Posted on: June 23, 2018 10:37 am | Last updated: June 23, 2018 at 10:37 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ എലിപ്പനി രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഓടകള്‍, തോടുകള്‍, വയലുകള്‍, കുളങ്ങള്‍ എന്നിവിടങ്ങള്‍ വൃത്തിയാക്കുന്നവര്‍, പ്രത്യേകിച്ച് തൊഴിലുറപ്പ് ജോലി ചെയ്യുന്നവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനത്തിലെ ഡോക്ടറെ സമീപിക്കുകയും ഡോക്‌സി സൈക്ലിന്‍ ഗുളിക പ്രതിരോധ മരുന്നായി കഴിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.

ജോലിസമയത്ത് കൈയുറ, കാലുറ എന്നിവ ധരിക്കാന്‍ ശ്രദ്ധിക്കണം. രോഗാണുവാഹിയായ എലിയുടെ വിസര്‍ജ്യം മാത്രമല്ല, കാര്‍ന്നുതിന്നുന്ന ജീവികളുടെ വിസര്‍ജ്യം വഴിയും രോഗം പകരാം. പട്ടി, പൂച്ച, അണ്ണാന്‍, പന്നി, കന്നുകാലികള്‍ തുടങ്ങിയ മൃഗപരിപാലന ജോലി ചെയ്യുന്നവരും കട്ടിയുള്ള കൈയുറകളും ബൂട്ടുകളും ഉപയോഗിക്കണം. പറമ്പില്‍ ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ് എലികളെ ആകര്‍ഷിക്കാതിരിക്കണം. കൈതച്ചക്ക കൃഷിയിടങ്ങളില്‍ എലികള്‍ കൂടുതലായി കാണപ്പെടാറുണ്ട്. പാടത്തെ വെള്ളക്കെട്ടില്‍ രോഗവാഹകരായ കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജ്യം കലര്‍ന്ന് രോഗസംക്രമണം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. പെട്ടെന്നുള്ള മഴയില്‍ നഗരത്തിലെ ഓടകള്‍ നിറഞ്ഞൊഴുകുന്നത് കാരണം എലിപ്പനി പകരാന്‍ സാധ്യതയുണ്ട്. ശരീരത്തില്‍ മുറിവുള്ളപ്പോള്‍ രോഗസാധ്യത കൂടുതലാണ്.

പെട്ടെന്നുണ്ടാകുന്ന പനിയും തലവേദനയും ശക്തിയായ പേശീവേദനയുമാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. ആരംഭത്തില്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സിച്ചാല്‍ രോഗം പൂര്‍ണമായും മാറുന്നതാണ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലാളികളും പനിയുള്ളവരും അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട് എലിപ്പനി ചികിത്സാ മാനദണ്ഡപ്രകാരം പ്രതിരോധ ചികിത്സ ഉറപ്പുവരുത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here