അമേരിക്കയെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭ

Posted on: June 23, 2018 9:51 am | Last updated: June 23, 2018 at 9:51 am
SHARE
കുടിയേറ്റക്കാരായ മെക്‌സിക്കന്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിച്ച കുട്ടിയെ യു എസിലെ ഹ്യൂമാനിറ്റേറിയന്‍ റെസ്‌പെക്ട് സെന്ററില്‍ പാര്‍പ്പിച്ചിരിക്കുന്നു

ജനീവ: കുടിയേറ്റക്കാരായ മെക്‌സിക്കന്‍ കുടുംബാംഗങ്ങളില്‍ നിന്ന് കുട്ടികളെ വേര്‍തിരിച്ച് താമസിപ്പിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭ. കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിക്കുന്ന നടപടി അമേരിക്ക എത്രയും വേഗം അവസാനിപ്പിക്കണമെന്നും കുട്ടികളെയും മാതാപിതാക്കളെയും അകറ്റുന്നത് കുടിയേറ്റ പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.

മാതാപിതാക്കള്‍ കുടിയേറാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യങ്ങളില്‍ നിരപരാധികളായ കുട്ടികളെ ഇതിന്റെ പേരില്‍ തടഞ്ഞുവെക്കരുതെന്നും യു എന്‍ മനുഷ്യാവകാശ ഉദ്യോഗസ്ഥ റാവിണ ഷംദാസാനി ജനീവയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുടിയേറ്റ ലക്ഷ്യത്തോടെ എത്തുന്നവരെ ക്രിമിനലുകളെ പോലെ കാണുന്ന സ്വഭാവം എതിര്‍ക്കപ്പെടേണ്ടതാണ്. നിയമാനുസൃതമല്ലാത്ത കുടിയേറ്റം ഒരു ക്രിമിനല്‍ കുറ്റമാകില്ലെന്നും അവര്‍ വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ കുട്ടികളുടെ ഏജന്‍സി യൂനിസെഫും നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. കുടിയേറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തില്‍ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിക്കുന്ന നടപടിയെയും കുട്ടികളെ തടഞ്ഞുവെക്കുന്ന നടപടിയെയും വിമര്‍ശിക്കുന്നതായി യൂനിസെഫ് അറിയിച്ചു. കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കുട്ടികളെ തടഞ്ഞുവെക്കുന്ന ലോകത്തെ നൂറ് രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്കയെന്നും യൂനിസെഫ് വക്താവ് ക്രിസ്റ്റഫ് ബൗളിറാക് മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്ക- മെക്‌സിക്കോ അതിര്‍ത്തിയിലെത്തുന്ന കുടിയേറ്റക്കാരായ കുടുംബാംഗങ്ങളില്‍ നിന്ന് കുട്ടികളെ വേര്‍തിരിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടി വ്യാപകമായ വിമര്‍ശത്തിന് കാരണമായിട്ടുണ്ട്. അമേരിക്കക്കകത്തും പുറത്തും ഈ നടപടിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇതിന് പുറമെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായി അറിയപ്പെടുന്ന ബ്രിട്ടനും ഇതിനെ വിമര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here