തോറ്റാല്‍ പുറത്ത്; ജര്‍മനിക്ക് ഇന്ന് ജീവന്‍മരണപോരാട്ടം

Posted on: June 23, 2018 9:12 am | Last updated: June 23, 2018 at 9:55 am
SHARE

സോച്ചി: ലോകചാമ്പ്യന്‍മാരായ ജര്‍മനിക്ക് ഇന്ന് സ്വീഡനെതിരെ ജീവന്‍മരണപോരാട്ടം. ഗ്രൂപ്പിലെ ആദ്യ മത്സരം ജയിച്ച സ്വീഡന്‍ മൂന്ന് പോയിന്റുമായി നോക്കൗട്ടിനരികിലാണ്. മെക്‌സിക്കോക്കും മൂന്ന് പോയിന്റുണ്ട്. ഇന്ന് ദക്ഷിണ കൊറിയയാണ് മെക്‌സിക്കോയുടെ എതിരാളി.

സ്വീഡനും മെക്‌സിക്കോയും ജയിച്ചാല്‍ ജര്‍മനിയും കൊറിയയും ലോകകപ്പില്‍ നിന്ന് പുറത്താകും.
ജര്‍മന്‍ നിരയില്‍ മാറ്റങ്ങളുണ്ടാകും. ബൊറുസിയ ഡോട്മുണ്ട് മുന്നേറ്റ താരം മാര്‍കോ റ്യൂസ് സ്റ്റാര്‍ട്ടിംഗ് ലൈനപ്പിലെത്തും. മെക്‌സിക്കോക്കെതിരെ റ്യൂസ് ബെഞ്ചിലായിരുന്നു. സ്വീഡിഷ് ഡിഫന്‍സില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിക്ടര്‍ ലെന്‍ഡെലോഫിറങ്ങും. ലീഡ്‌സ് യുനൈറ്റഡിന്റെ സെന്റര്‍ ബാക്കായ പോന്റസ് ജാന്‍സന് ഇന്ന് ബെഞ്ചിലാകും സ്ഥാനം.
ആദ്യ മത്സരത്തില്‍ മെക്‌സിക്കോയുടെ വേഗമേറിയ ഗെയിമിന് മുന്നില്‍ നിഷ്പ്രഭമായിരുന്നു ജര്‍മനി.

ലോംഗ് റേഞ്ചറുകള്‍ പരീക്ഷിച്ചെങ്കിലും മെക്‌സിക്കോ ഗോളി ഒചോവയെ കീഴടക്കാന്‍ സാധിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുക എന്ന നാണക്കേട് ജര്‍മനിക്ക് ഒഴിവാക്കേണ്ടതുണ്ട്. 1938 ലാണ് ഇതിന് മുമ്പ് ജര്‍മനി ഗ്രൂപ്പ് റൗണ്ടില്‍ പുറത്തായത്. പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ലോകകപ്പില്‍ തിരിച്ചെത്തിയ സ്വീഡന്‍ ആദ്യമത്സരത്തില്‍ പെനാല്‍റ്റി ഗോളില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചിരുന്നു. ഏഴാം ലോകകപ്പിന് യോഗ്യത നേടിയ സ്വീഡന്‍ അട്ടിമറി സ്വഭാവമുള്ള ടീമാണ്. ഗ്രൂപ്പ് റൗണ്ടില്‍ ഹോളണ്ടിനെ പിന്തള്ളിയ സ്വീഡന്‍ പ്ലേ ഓഫില്‍ ഇറ്റലിയെയാണ് വീഴ്ത്തിയത്.