Connect with us

Sports

കോച്ചിനെ പുറത്താക്കണമെന്ന് അര്‍ജന്റീന താരങ്ങള്‍

Published

|

Last Updated

നിഷ്‌നി: ക്രൊയേഷ്യയോട് തോറ്റതിന് പിറകെ അര്‍ജന്റീന ടീമില്‍ കലാപം. കോച്ച് ജോര്‍ജ് സംപോളിക്കെതിരെ കളിക്കാര്‍ ഒറ്റക്കെട്ടായി നീങ്ങുകയാണ്. നൈജീരിയക്കെതിരെ കളിക്കാന്‍ ഇറങ്ങണമെങ്കില്‍ സംപോളിയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് കളിക്കാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തോല്‍വിയെ കുറിച്ച് സംപോളി പറഞ്ഞത് തന്റെ പദ്ധതി വിജയിച്ചില്ല എന്നാണ്.
ഇതിനെ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോ ചോദ്യം ചെയ്തു. എന്ത് പദ്ധതിയാണ് കളിക്കാരില്‍ നിന്ന് അയാള്‍ ആഗ്രഹിച്ചത് എന്ന് നിങ്ങള്‍ ചോദിക്കൂ. ഇതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ അഗ്യുറോ പറഞ്ഞത്.
അഞ്ച് മധ്യനിരക്കാരെയും മൂന്ന് സ്‌ട്രൈക്കര്‍മാരെയും വിന്യസിച്ചിട്ടും അര്‍ജന്റീനക്ക് ക്രൊയേഷ്യന്‍ ഗോള്‍മുഖം വിറപ്പിക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് അഗ്യുറോയെ കോച്ച് പിന്‍വലിച്ചു. ഇത് താരത്തെ ചൊടിപ്പിക്കുകയും ചെയ്തു.
നൈജീരിയക്കെതിരെ വലിയ മാര്‍ജിനില്‍ ജയം അനിവാര്യമാണ് അര്‍ജന്റീനക്ക്. ഈ മത്സരത്തില്‍ സംപോളിയെ മാറ്റി നിര്‍ത്തി ജോര്‍ജ് ബുറുഷാഗയെ കോച്ചാക്കാനുള്ള ആലോചനയിലാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. 1986 ല്‍ ലോകകപ്പ് നേടിയ അര്‍ജന്റീന ടീം അംഗമായ ജോര്‍ജ് അന്ന് ഗോള്‍ നേടുകയും ചെയ്തു.ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ജെറാര്‍ഡോ മാര്‍ട്ടിനോ, എഡ്ഗാര്‍ഡോ ബൗസ എന്നീ പരിശീലകരെ പുറത്താക്കിയാണ് ചിലിക്ക് കോപ അമേരിക്ക നേടിക്കൊടുത്ത ജോര്‍ജ് സംപോളിയെ പരിശീലകനാക്കിയത്.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ തട്ടിതടഞ്ഞാണ് അര്‍ജന്റീന റഷ്യന്‍ ലോകകപ്പിനുള്ള ടിക്കറ്റ് നേടിയെടുത്തത്. ചിലിയെ ലാറ്റിനമേരിക്കയിലെ ശക്തരാക്കിയ സംപോളിയുടെ വരവ് അവസാന ഘട്ടത്തില്‍ അര്‍ജന്റീനക്ക് പുത്തനുണര്‍വേകിയിരുന്നു. എന്നാല്‍ സാംപോളിയുടെ തന്ത്രങ്ങള്‍ മെസിയുടെ അര്‍ജന്റീന ടീമില്‍ വര്‍ക്കൗട്ടാകാത്ത കാഴ്ച.

ആദ്യ മത്സരത്തില്‍ ഐസ്‌ലന്‍ഡിനെതിരെ സമനില വഴങ്ങിയപ്പോള്‍ തന്നെ സാംപോളിയുടെ കൈയ്യില്‍ കാര്യമായ തന്ത്രങ്ങളില്ലെന്ന് ബോധ്യപ്പെട്ടിരുന്നു. ക്രൊയേഷ്യയുടെ മിഡ്ഫീല്‍ഡ് ശക്തമാണെന്ന് കണ്ടതോടെ, അദ്ദേഹം 3-5-2 ഫോര്‍മേഷനിലേക്ക് ടീമിനെ മാറ്റിപ്പണിത്. പക്ഷേ, ക്രൊയേഷ്യ അത് ഗംഭീരമായി മറികടന്നു. മെസ്സിയെ മധ്യത്തില്‍ കളിപ്പിച്ച് കൊണ്ടുള്ള തന്ത്രമായിരുന്നു ഇത്. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ ഹാവിയര്‍ മഷറാനോയും എന്‍സോ പെരെസും അണിനിരക്കുകയും മുന്നേറ്റത്തിന്റെ ചുമതല സെര്‍ജിയോ അഗ്യൂറോ സാല്‍വിയോ അക്യുന എന്നിവര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ കളിക്കാര്‍ക്കിടയില്‍ മികച്ച കോമ്പിനേഷനുണ്ടെങ്കിലേ ഈ ഫോര്‍മേഷന്‍ ഫലപ്രദമാകൂ. എണ്ണയിട്ട യന്ത്രം പോലെ കളിക്കാര്‍ പാസുകള്‍ നല്‍കി അറ്റാക്കിംഗിലേക്ക് വരണം.

ഒരു താരം മങ്ങിയാല്‍ ഈ ഫോര്‍മേഷന്‍ വെള്ളത്തിലാകും. മെസിയിലേക്ക് പന്തെത്താതെ ക്രൊയേഷ്യന്‍ മധ്യനിര ശ്രമിച്ചതോടെ സംപോളിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഗോളടിക്കുന്നതിനേക്കാള്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്ന മെസിയെ അര്‍ജന്റീനക്ക് ആവശ്യമുണ്ടായിരുന്നു.
തനിക്കൊന്നും ചെയ്യാനില്ലാത്ത ഒരു സ്‌ക്വാഡില്‍ വന്ന് പെട്ടതിന്റെ ദുരന്തം പേറി മെസി ഗ്രൗണ്ടില്‍ നില്‍ക്കുന്ന കാഴ്ച. എപ്പോഴും മുഖത്ത് ടെന്‍ഷന്‍. എതിരാളികള്‍ക്ക് ആത്മവിശ്വാസം ലഭിക്കാന്‍ മെസിയുടെ മുഖത്ത് നോക്കിയാല്‍ മതി. പിന്നെ, കോച്ചിന്റെ നെട്ടോട്ടവും.
കളിയുടെ രണ്ടാം പകുതിയില്‍ സെര്‍ജിയോ അഗ്യുറോയെ പിന്‍വലിച്ച സാംപോളിയുടെ തീരുമാനം ഏറെ ഞെട്ടിക്കുന്നതായിരുന്നു. ഏതെങ്കിലും തരത്തില്‍ ടീമിന് സംഭാവന നല്‍കുന്ന താരമായിരുന്നു അഗ്യുറോ. പക്ഷേ അഗ്യുറോയെ ഒറ്റ സ്‌ട്രൈക്കറായി കളിപ്പിച്ച സാംപോളിയുടെ തന്ത്രവും പാളിപ്പോയതാണ്.

ഫോമിലുള്ള താരങ്ങളെ പുറത്തിരുത്തി സംപോളി സൂപ്പര്‍ കോച്ചാകാന്‍ കാട്ടിക്കൂട്ടിയ വ്യഗ്രത പാളിപ്പോകുന്ന കാഴ്ച.
ഗോണ്‍സാലോ ഹിഗ്വയ്ന്‍, എയ്ഞ്ചല്‍ ഡിമരിയ, പൗലോ ഡൈബാല, ജിയോവാനി ലോ സെല്‍സോ, എവര്‍ ബനേഗ എന്നിവരെയാണ് സാംപോളി പുറത്തിരുത്തിയത്. എന്‍സോ പെരെസ്, ഗബ്രിയേല്‍ മെര്‍ക്കാഡോ, നിക്കോളാസ് താഗ്ലിയാഫിക്കോ, മാക്‌സി മെസ, മാര്‍കോസ് അക്വിന എന്നിവരെയാണ് പകരം ഇറക്കിയത്. ഇവരൊന്നും അത്ര വലിയ ഫോമില്‍ ക്ലബ്ബ് സീസണ്‍ പൂര്‍ത്തിയാക്കിയവരല്ല.
എന്നിട്ടും സാംപോളി ഇവരെ ടീമിലെടുത്തത് അദ്ഭുതപ്പെടുത്തുന്നതായിരുന്നു. മെസ്സിയുമായി ഏറ്റവും നല്ല ഒത്തിണക്കമുള്ള കളിക്കാരെയാണ് സാംപോളി പുറത്തിരുത്തിയത്.
ഇത് മെസ്സിയെ മാനസികമായി തളര്‍ത്തിയിരുന്നു. കളിയിലും അത് പ്രകടമായിരുന്നു. വിങുകളിലൂടെ ആക്രമണം നടത്തുന്ന അര്‍ജന്റീനയുടെ ശൈലി തീര്‍ത്തും തകരുകയും ചെയ്തു.

Latest