Connect with us

Editorial

യു എസ് പിന്മാറ്റം

Published

|

Last Updated

ഇസ്‌റാഈലിനെ ചൊല്ലി യു എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ പിന്മാറ്റത്തില്‍ അത്ഭുതമില്ല. അറബ് രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്താനായി ഫലസ്തീന്‍ വെട്ടിമുറിച്ചു ഇസ്‌റാഈല്‍ സ്ഥാപിക്കുന്നതില്‍ മുന്‍കൈയെടുത്ത അമേരിക്ക തന്നെയാണല്ലോ ഇസ്‌റാഈലിന്റെ എല്ലാ മാടമ്പിത്തരങ്ങള്‍ക്കും പിന്തുണ നല്‍കിവരുന്നതും. അതുകൊണ്ടു തന്നെ ഇസ്‌റാഈലിനെതിരെയുള്ള കുറ്റപ്പെടുത്തലുകള്‍ ട്രംപ് ഭരണകൂടത്തിന് ഇഷ്ടപ്പെടില്ല. ഇസ്‌റാഈലിനെതിരെ യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ കടുത്ത വിവേചനം കാണിക്കുന്നതുകൊണ്ടാണ് പിന്മാറ്റമെന്നാണ് യു എന്നിലെ യു എസ് അംബാസഡര്‍ നിക്കി ഹാലെ പറയുന്നത്. മനുഷ്യാവകാശത്തെ പരിഹസിക്കുന്നതാണ് യു എന്‍ സമിതിയുടെ നിലപാടുകളെന്നും അതുമായി യോജിച്ചുപോകാനാകില്ലെന്നും വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോവിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹാലെ പറയുകയുണ്ടായി.

ഗാസ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ഇസ്‌റാഈല്‍ സൈന്യം ഫലസ്തീനികളെ വെടിവെച്ചുകൊന്ന സംഭവം അന്വേഷിക്കാന്‍ യു എന്‍ മനുഷ്യാവകാശ സമിതി തീരുമാനിച്ചതാണ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചതെന്ന് കരുതുന്നു. എന്നാല്‍, കുടിയേറ്റക്കാരുടെ മക്കളെ രക്ഷിതാക്കളില്‍ നിന്ന് അകറ്റാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തലവന്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ വിമര്‍ശിച്ചതിന്റെ തൊട്ടുപിറ്റേന്നാണ് പിന്മാറ്റമെന്നത് അതിലുള്ള അരിശം കൂടിയാണ് പിന്‍മാറ്റത്തിന് പിന്നിലെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

ഇസ്‌റാഈലിനെ യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നിരന്തരം വിമര്‍ശിക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനം നടത്തുന്ന രാജ്യമാണ് ഇസ്‌റാഈല്‍. കൊടുംക്രൂരതകളാണ് ഇസ്‌റാഈല്‍ സൈന്യം ഫലസ്തീനികള്‍ക്ക് നേരെ നടത്തിവരുന്നത്. കുട്ടികളടക്കം ഫലസ്തീനികളെ നിര്‍ദാക്ഷിണ്യം വെടിവെച്ചുകൊല്ലുന്നു. നിരപരാധികളായ കുട്ടികളെ അനധികൃതമായി പിടികൂടി സൈന്യം മനുഷ്യത്വവിരുദ്ധ നടപടികളില്‍ ഏര്‍പ്പെടുന്നതായി ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ നിരീക്ഷണ സംഘടന പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ ശ്വാസംമുട്ടിക്കുക, അവര്‍ക്ക് നേരെ ഗ്രനേഡ് എറിയുക, കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇരയാക്കുക, മനുഷ്യകവചമാക്കി ഉപയോഗിക്കുക തുടങ്ങി ഇസ്‌റാഈല്‍ സൈന്യം നടത്തിവരുന്ന മൃഗീയ ചെയ്തികള്‍ റിപ്പോര്‍ട്ടില്‍ എണ്ണിപ്പറയുന്നു. ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ ഫലസ്തീനികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലന്‍സുകളെയും ഡോക്ടര്‍മാരെ പോലും വെറുതെവിടുന്നില്ല. വെസ്റ്റ് ബാങ്കിലേയും കിഴക്കന്‍ ജറൂസലമിലേയും ഇസ്‌റാഈല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ നിയമ വിരുദ്ധമാണെന്ന് യു എന്‍ രക്ഷാസമിതി വ്യക്തമാക്കിയിട്ടും നൂറുകണക്കന് വീടുകളാണ് അവിടങ്ങളില്‍ അനധികൃതമായി നിര്‍മിക്കുന്നത്.

അല്ലെങ്കിലും മനുഷ്യാവകാശത്തെക്കുറിച്ചു പറയാന്‍ ട്രംപ് ഭരണകൂടത്തിന് എന്തവകാശം? ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസകരാണ് യു എസ്. കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള വംശീയ അതിക്രമങ്ങള്‍ അവിടെ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കയാണ്. 2015ല്‍ ഒബാമ ഭരണകൂടം അടച്ചു പൂട്ടിയ ഗ്വാണ്ടനാമോ തടവറകള്‍ വീണ്ടും തുറക്കാന്‍ ഉത്തരവിട്ടു. ഡ്രോണ്‍ വിമാനങ്ങളായും സൈനിക ഇടപെടലുകളായും അവര്‍ നടത്തുന്ന അതിക്രമങ്ങള്‍ വേറെയും. വിലങ്ങണിയിച്ച തടവുകാരന്റെ തലക്കരികെ പട്ടാളക്കാര്‍ തോക്കുമായി നില്‍ക്കുന്നതും നഗ്‌നരായ തടവുകാരെ നായയെ കൊണ്ട് ആക്രമിപ്പിക്കുന്നതുമുള്‍പ്പെടെ അമേരിക്കന്‍ സൈന്യം തടവുകാരോട് കാണിക്കുന്ന ക്രുരതകള്‍ തുറന്നു കാണിക്കന്ന ഫോട്ടോകള്‍ പുറത്തുവന്നല്ലോ. അമേരിക്കന്‍ അതിര്‍ത്തിയിലെ കുടിയേറ്റക്കാരായ കുടുംബങ്ങളിലെ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്നകറ്റുന്ന ട്രംപ് ഭരണകൂടത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത നടപടി വന്‍വിവാദമായിരിക്കയാണ്. ഒന്നര മാസത്തിനിടെ 2,000 കുഞ്ഞുങ്ങളെയാണ് ട്രംപ് ഭരണകൂടം രക്ഷാകര്‍ത്താക്കളില്‍ നിന്ന് വേര്‍പ്പെടുത്തിയത്. കുട്ടികള്‍ എവിടെയെന്നറിയാതെ വേദനിക്കുന്ന മാതാപിതാക്കളുടെയും മാതാപിതാക്കളെ കാണാതെ വാവിട്ടു കരയുന്ന കുഞ്ഞുങ്ങളുടെയും കരളലിയിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നതോടെ കടുത്ത പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ട്രംപ് വേര്‍പെടുത്തല്‍ ഉത്തരവ് പിന്‍വലിച്ചെങ്കിലും ഇതിനകം വേര്‍പെടുത്തപ്പെട്ട കുട്ടികളുടെയും മാതാപിതാക്കളുടെയും കാര്യത്തില്‍ എന്തു നടപടിയാകും ഉണ്ടാകുകയെന്നത് അവ്യക്തമാണ്. ആഗോള താപനം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുവന്ന പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയത് ഉള്‍പ്പെടെ ആഗോള ജനതയുടെ താത്പര്യങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിന്റെ ഗുണത്തിനും സഹായകമായ തീരുമാനങ്ങളെ അട്ടിമറിക്കുന്നതാണ് ട്രംപ് കൈകൊണ്ട തീരുമാനങ്ങളത്രയും. ട്രംപിന്റെ മുന്‍ഗാമി ഒബാമയുടെ കൂടി താത്പര്യമാണ് 2015 ഡിസംബറില്‍ ആഗോളതാപനം നിയന്ത്രണ ഉടമ്പടി ലോക രാഷ്ട്രങ്ങള്‍ അംഗീകരിച്ചത്. എന്നിട്ടും ട്രംപ് മനുഷ്യാവകാശത്തെക്കുറിച്ചു പറയുമ്പോള്‍ അത് വേറെ ചില ഉപമകളാണ് ഓര്‍മിപ്പിക്കുന്നത്.