Connect with us

Articles

ഒരു വിശ്വാസിയുടെ യോഗാഭ്യാസ രീതികള്‍

Published

|

Last Updated

അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന്റെ യോഗ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കവെ യോഗ ഒരു മതത്തിന്റെയും ഭാഗമാക്കേണ്ടതില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചത് ശ്രദ്ധേയമായ ഒരു കാര്യമാണ്. യോഗ ചെയ്യുമ്പോള്‍ ഹൈന്ദവ വേദഗ്രന്ഥങ്ങളിലെ സൂക്തങ്ങള്‍ ഉരുവിടണമെന്ന് ചിലര്‍ പറയാറുണ്ട്. അതു വേണ്ട എന്നും യോഗ ഒരു പ്രത്യേക മതവിഭാഗം ഹൈജാക്ക് ചെയ്യേണ്ടതില്ലെന്നുമാണ് അദ്ദേഹം അടിവരയിടുന്നത്.
കോപം ശമിപ്പിക്കുന്നു എന്നതാണ് യോഗയെക്കുറിച്ച് പറയുന്ന പ്രധാനപ്പെട്ട ഒരു നേട്ടം. കോപം വരാനുള്ള കാരണം ശരീരത്തില്‍ എവിടെയെങ്കിലും പൈശാചികത പ്രവര്‍ത്തിക്കുന്നു എന്നതാണ്. യോഗയിലൂടെ അത്തരം ശക്തികളെ ഇല്ലാതാക്കാനും അതുവഴി കോപം നിയന്ത്രണവിധേയമാക്കാനും കഴിയും എന്നാണ് യോഗയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നത്. മുസ്‌ലിംകള്‍ക്ക് യോഗ ചെയ്യേണ്ട ആവശ്യമില്ല. അവര്‍ക്ക് നിസ്‌കാരം എന്ന ധ്യാനമുണ്ട്. അത് വര്‍ഷത്തില്‍ ഒരു ദിവസം മാത്രം ആചരിക്കേണ്ട ഒന്നല്ല. ഒരു ദിവസം അഞ്ച് തവണ നിര്‍ബന്ധമായും നിരവധി തവണ അല്ലാതെയും നിര്‍വഹിക്കേണ്ടതാണ് നിസ്‌കാരം. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ചെയ്യേണ്ടതുമല്ല. നിര്‍ബന്ധമായും ചെയ്യേണ്ട നിസ്‌കാരത്തിന് പുറമെ, തഹജ്ജുദ്, വിത്‌റ്, ളുഹാ തുടങ്ങിയ അതീവ സൂക്ഷ്മമായി ചെയ്യേണ്ട ധ്യാനപ്രക്രിയകളുമുണ്ട്. ഇത്തരം ആധ്യാത്മിക മാര്‍ഗങ്ങളിലൂടെ പൈശാചികത പൂര്‍ണമായും ഇല്ലാതെയാകുന്നു. മനസ്സിന് സന്തോഷവും സമാധാനവുമുണ്ടാകുന്നു. നിസ്‌കാരം എന്ന മഹത്തായ ആരാധന ഉള്ളതുകൊണ്ടുതന്നെ മറ്റൊരു അഭ്യാസത്തിന്റെ ആവശ്യം വിശ്വാസികള്‍ക്ക് ഉണ്ടാകുന്നില്ല.

മുഹമ്മദ് നബി (സ)ക്ക് മുമ്പുള്ള പ്രവാചകന്മാര്‍ക്കും വിവിധ രൂപങ്ങളിലുള്ള ധ്യാനങ്ങളുണ്ടായിരുന്നു. തന്റെ സമുദായത്തിന് നിസ്‌കാരം നിര്‍ബന്ധമാക്കുന്നതിന് മുമ്പ് തന്നെ തിരുനബി(സ) സ്വതന്ത്രമായ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കാറുണ്ടായിരുന്നു. നിസ്‌കാരത്തിന്റെ ഭാഗമായ റുകൂഇല്‍ മാത്രം നില്‍ക്കുന്ന മലക്കുകളുണ്ട്. സുജൂദ് മാത്രം ചെയ്തുകൊണ്ടിരിക്കുന്ന മലക്കുകളുണ്ട്. ഖിയാമില്‍ തന്നെയുള്ള മാലാഖമാരുണ്ട്. ലോകസ്രഷ്ടാവായ അല്ലാഹു മനുഷ്യരെ പടച്ച അന്നുമുതലേ ഈ ധ്യാനാത്മകതയുണ്ട്. ആ ധ്യാനാത്മകതയുടെ സമ്പൂര്‍ണരൂപമാണ് നിസ്‌കാരത്തിലൂടെ വിശ്വാസി സമൂഹം നിര്‍വഹിക്കുന്നത്. നിസ്‌കാരം കോപത്തെയും അസൂയയെയും അകറ്റി നിര്‍ത്തും. ഹൃദയത്തില്‍ അടിഞ്ഞുകൂടുന്ന അഹങ്കാരം, ഉള്‍നാട്യം, അലസത, വൈകാരിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പുറംതള്ളാന്‍ നിസ്‌കാരത്തിലൂടെ സാധിക്കുന്നു. ഇതുവഴി പരിപൂര്‍ണമായ ശാന്തത കൈവരുന്നു. എല്ലാ പൈശാചിക സ്വാധീനങ്ങളെയും കഴുകിക്കളയുന്നു.
ഇന്നത്തെ ഖുതുബയില്‍ വിശദീകരിച്ചത് നല്ല സ്വഭാവമാണ് ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്ത് എന്നാണ്. നല്ല പെരുമാറ്റമാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ ഗുണം. പെരുമാറ്റത്തില്‍ ഏറ്റവും മുഖ്യമായത് അച്ചടക്കമാണ്. അച്ചടക്കം നിസ്‌കാരത്തിന്റെ സ്വഫ്ഫിലൂടെയാണ് പഠിപ്പിക്കുന്നത്. നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന ഇമാമിന്റെ ചലനങ്ങള്‍ക്ക് ശേഷം മാത്രമേ പിന്നില്‍ നിസ്‌കരിക്കുന്ന മഅ്മൂമുകള്‍ ചലിക്കാവൂ എന്നത് അച്ചടക്കത്തിന്റെ ഏറ്റവും വലിയ അടയാളമാണ്. നിസ്‌കാരത്തില്‍ കൃത്യമായ അകലത്തില്‍ അടുത്തടുത്ത് നില്‍ക്കുന്നത് ഈ അച്ചടക്കം പാലിച്ചുകൊണ്ടാണ്. രണ്ട് പേര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ അതിനിടയില്‍ കയറി സംസാരിക്കാന്‍ പാടില്ല. ഇത് അമേരിക്കയിലും പടിഞ്ഞാറന്‍ സംസ്‌കാരം പിന്തുടരുന്ന തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും കാണാവുന്നതാണ്. ഇസ്‌ലാമിക സംസ്‌കാരത്തില്‍ നിന്ന് പാശ്ചാത്യര്‍ ശ്രദ്ധാപൂര്‍വം പകര്‍ത്തിയെടുത്ത ഗുണങ്ങള്‍. നമുക്ക് പലപ്പോഴും അച്ചടക്കത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കുറവാണ്. നിസ്‌കാരത്തില്‍ പാലിക്കുന്ന അച്ചടക്കം ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും പാലിക്കേണ്ടതാണ്. രണ്ട് പേര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നാം കാത്തിരിക്കണം. അവര്‍ സംഭാഷണത്തില്‍ നിന്ന് വിരമിച്ച ശേഷം മാത്രം നമുക്ക് സംസാരിക്കാം. ഊഴം കാത്തിരിക്കുക. ക്യൂ പാലിക്കുക. ക്ഷമിക്കുക. ജീവിതത്തിലുടനീളം ഈ ജാഗ്രത നിലനിര്‍ത്തുക. വഴി കൊടുക്കുക. ഡ്രൈവ് ചെയ്യുമ്പോള്‍ പരമാവധി ക്ഷമിക്കുകയും പരസ്പരം സഹകരിക്കുകയും ചെയ്യുക. പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും സഹായിക്കുകയും ചെയ്യുക. ഇങ്ങനെ നിസ്‌കാരത്തില്‍ നിന്ന് സ്വകാര്യ ജീവിതത്തിലേക്കും സാമൂഹിക ജീവിതത്തിലേക്കും കൊണ്ടുവരേണ്ട എത്രയെത്ര ഗുണങ്ങള്‍.
അല്‍പം കാത്തിരുന്നാല്‍, ക്ഷമിച്ചാല്‍, അച്ചടക്കം പാലിച്ചാല്‍ നഷ്ടപ്പെടാനൊന്നുമില്ല. നമുക്കും മറ്റുള്ളവര്‍ക്കും അതുവഴി ലഭിക്കുന്നത് പരസ്പര സൗഹാര്‍ദവും സ്‌നേഹവും മാത്രം. നല്ല സ്വഭാവവും അച്ചടക്കവും ഉണ്ടാവുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. നല്ല വിശ്വാസി നല്ല അച്ചടക്കം പാലിക്കുന്നു. നിസ്‌കാരത്തിന് നില്‍ക്കുമ്പോള്‍ സ്വഫ് ശരിയാക്കുന്നതിലും ധ്യാനാത്മകമായി നിസ്‌കാരത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും വിശ്വാസികള്‍ വലിയ ശ്രദ്ധ കൊടുക്കുന്നു. അതുകൊണ്ടുതന്നെ, വിശ്വാസത്തിന്റെ പ്രഖ്യാപനമാണ് നിസ്‌കാരം. സര്‍വശക്തനായ അല്ലാഹുവിനെക്കുറിച്ചറിയുകയും അതുവഴി നല്ല സ്വഭാവം നിലനിര്‍ത്താന്‍ പരിശീലിക്കുകയും ചെയ്യുന്നവനാണ് വിശ്വാസി. എവിടെയും അച്ചടക്കരാഹിത്യം ഉണ്ടാകുന്നില്ല.

ഒരു മനുഷ്യന് നല്ല ഗുണങ്ങള്‍ സമ്മാനിക്കുന്ന ആരാധനയാണ് നിസ്‌കാരം. മനുഷ്യശരീരത്തിനും മനസ്സിനും ആവശ്യമുള്ള മുഴുവന്‍ ധ്യാനപരിശീലനങ്ങളും ആധ്യാത്മികമായി സമന്വയിപ്പിക്കുന്ന നിസ്‌കാരം ഏറ്റവും ആത്മാര്‍ഥമായും സൂക്ഷ്മതയോടെയും നിര്‍വഹിക്കാനാണ് വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത്. എല്ലാം നിസ്‌കാരത്തിലുണ്ട്. ഇത്രമേല്‍ സന്തോഷം നല്‍കുന്ന ധ്യാനം വേറെ ഏതാണുള്ളത്? വൃത്തിയോടെയും സന്തോഷത്തോടെയും കൃത്യമായും നിര്‍വഹിക്കാനുള്ള ശ്രദ്ധയാണ് ഉണ്ടാകേണ്ടത്. യോഗയിലൂടെയാണ് മനുഷ്യര്‍ക്ക് സന്തോഷം ഉണ്ടാവുന്നതെന്നും ശാന്തി ലഭിക്കുന്നതെന്നും ചിലരെങ്കിലും ധരിച്ചുവെച്ചിട്ടുണ്ട്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം, നിസ്‌കാരത്തേക്കാള്‍ മികച്ച ധ്യാനമാര്‍ഗം വേറെയില്ല. അതുകൊണ്ടുതന്നെ നിസ്‌കാരത്തിന്റെ മഹത്തവും പ്രാധാന്യവും മനസ്സിലാക്കി ജീവിതം ക്രമീകരിക്കുക. നാഥന്‍ അനുഗ്രഹിക്കട്ടെ – ആമീന്‍.
(ഇന്നലെ ജാമിഅ മര്‍കസിലെ മസ്ജിദ് ഹാമിലിയില്‍ ജുമുഅക്ക് ശേഷം നടത്തിയ പ്രഭാഷണം)

---- facebook comment plugin here -----

Latest