ചരിത്രത്തിന്റെ വര്‍ഗീയവത്കരണവും സ്മാരകങ്ങളുടെ സംഹാരവും

Posted on: June 22, 2018 9:41 pm | Last updated: June 23, 2018 at 12:45 pm
SHARE

ചരിത്രത്തെയും ചരിത്രസ്മാരകങ്ങളെയും വിദ്യാഭ്യാസത്തെയും വര്‍ഗീയവത്കരിക്കുകയാണ് സംഘ്പരിവാര്‍. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന തങ്ങളുടെ രാഷ്ട്രീയ അജന്‍ഡക്കാവശ്യമായ രീതിയില്‍ സമൂഹത്തെയാകെ വര്‍ഗീയവത്കരിക്കാനുള്ള ഹീനമായ നീക്കങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് കൈവന്ന ദേശീയാധികാരം ഉപയോഗിച്ച് ഹിന്ദുരാഷ്ട്ര നിര്‍മിതിക്കാവശ്യമായ പ്രത്യയശാസ്ത്ര പ്രബോധനങ്ങള്‍ക്കായി ചരിത്ര സ്ഥാപനങ്ങളെയും അക്കാദമികളെയും മാറ്റിയെടുക്കാനുള്ള നീക്കങ്ങള്‍. ഇതിനായി സ്വതന്ത്രമായ അക്കാദമിക് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും കാവിവത്കരിക്കുകയുമാണ്.
കഴിഞ്ഞ നാല് വര്‍ഷക്കാലമായി ചരിത്രത്തെയും സംസ്‌കാരത്തെയും കാവിവത്കരിക്കാനുള്ള അത്യന്തം വിജ്ഞാനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഇടപെടലുകളാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ ചരിത്രഗവേഷണകൗണ്‍സില്‍ തൊട്ടുള്ള അക്കാദമിക് സ്ഥാപനങ്ങളെയും സാംസ്‌കാരിക സ്ഥാപനങ്ങളെയും സംഘ്പരിവാര്‍ ബുദ്ധിജീവികളെകൊണ്ട് കുത്തിനിറച്ചു. ആര്‍ എസ് എസ് ആണെന്ന ഒരൊറ്റ യോഗ്യതവെച്ചാണ്, ചരിത്ര ഗവേഷണവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരൊറ്റ ഗവേഷണ കൃതിപോലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, വൈ സുദര്‍ശന റാവുവിനെ ചരിത്രഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചത്. രാമായണവും മഹാഭാരതവുമെല്ലാം യഥാര്‍ഥ ചരിത്രമാണെന്ന് വാദിക്കുന്നതും ജാതിവ്യവസ്ഥയെ ന്യായീകരിക്കുന്നതുമായ പുസ്തകങ്ങളുടെ രചയിതാവാണ് സുദര്‍ശന റാവു.

അക്കാദമിക് ലോകത്തെയാകെ സംഘ്്പരിവാര്‍ നിയന്ത്രണത്തില്‍കൊണ്ടുവരാനുള്ള ജനാധിപത്യവിരുദ്ധവും വിജ്ഞാനവിരുദ്ധവുമായ ഇടപെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്വതന്ത്രമായ അക്കാദമിക് സമൂഹം എന്നത് ഏതൊരു സമൂഹത്തിലും ജനാധിപത്യം നിലനില്‍ക്കുന്നതിനും വിപുലമാവുന്നതിനുമുള്ള മുന്നുപാധിയാണല്ലോ. എവിടെയെല്ലാം അക്കാദമിക് സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നുവോ അവിടെയെല്ലാം സമഗ്രാധിപത്യമോ ഫാസിസമോ പിടിമുറുക്കുന്നുവെന്നതാണ് ചരിത്രാനുഭവം. മുസ്സോളിനിയും ഹിറ്റ്‌ലറുമെല്ലാം സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യരെയും പണ്ഡിതരെയുമാണ് ഭയപ്പെട്ടത്. ഫാസിസത്തിന്റെയും നാസിസത്തിന്റെയും പ്രത്യയശാസ്ത്ര അധീശത്വം ചോദ്യം ചെയ്യുന്ന ചിന്തകന്മാരെയും അക്കാദമിക് സമൂഹത്തെയും കൂച്ചുവിലങ്ങിട്ടുകൊണ്ടാണ് യൂറോപ്പില്‍ മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും ഫാസിസ്റ്റ് ഭീകരത അഴിഞ്ഞാടിയത്.
ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇന്ത്യയുടെ ദേശീയ അഭിമാനങ്ങളായ അക്കാദമിക് സ്ഥാപനങ്ങളെല്ലാം സംഘ്പരിവാര്‍ പിടിയിലമരുന്നതാണ് നാം കണ്ടത്. ഇന്ത്യയുടെ ബഹുസംസ്‌കൃതിയെ നിഷേധിക്കുന്ന ഹിന്ദുത്വ അജന്‍ഡക്കനുസൃതമായ രീതിയില്‍ അക്കാദമിക് രംഗത്തെ ഉടച്ചുവാര്‍ക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ചരിത്ര – ശാസ്ത്രഗവേഷണം ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ മേഖല കാവിവത്കരിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ അക്കാദമിക് രംഗത്ത് കോര്‍പറേറ്റ്‌വത്കരണവും വര്‍ഗീയവത്കരണവും കേന്ദ്രീകരണവും അടിച്ചേല്‍പ്പിക്കാനാണ് ബിജെ പി സര്‍ക്കാര്‍ നോക്കുന്നത്. ‘ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ട്രാന്‍സ് നാഷനല്‍ എഡ്യുക്കേഷന്‍’ പോലുള്ള ബഹുരാഷ്ട്ര വിദ്യാഭ്യാസ കുത്തകകളെ ഉന്നതവിദ്യാഭ്യാസ രംഗത്ത് കടത്തിക്കൊണ്ടുവരികയും വിദ്യാഭ്യാസ ഉള്ളടക്കത്തെ കാവിവത്കരിക്കുകയും ചെയ്യുന്ന പരിഷ്‌കാരങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്നത്. സമ്പദ്ഘടനയുടെ ആഗോളവത്കരണവും ആഗോളവത്കരിക്കപെട്ട ഹിന്ദുത്വവുമാണ് സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്ര അജന്‍ഡ.
അധികാരത്തിലെത്തിയ ഉടനെ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതിഇറാനി പ്രസ്താവിച്ചത് പ്രാചീന ഹിന്ദു ടെക്സ്റ്റുകളെ സ്‌കൂള്‍ പാഠപുസ്തകമാക്കുമെന്നാണ്. ആര്‍ എസ് എസ് നേതൃത്വം നല്‍കുന്ന സമാന്തര വിദ്യാഭ്യാസ സംവിധാനങ്ങളുടെ മേധാവി ദീനനാഥ്ബത്രയുടെ ഉപദേശ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കാവിവത്കരണ നടപടികള്‍ക്ക് ഗതിവേഗം കൂടിയിരിക്കുന്നത്. അന്ധവിശ്വാസങ്ങളുടെയും വര്‍ഗീയതയുടെയും കേന്ദ്രങ്ങളാക്കി ഉന്നതവിദ്യാഭ്യാസ രംഗത്തെ മാറ്റാന്‍ ബി ജെ പി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ജ്യോതിഷവും മന്ത്രവാദവുമെല്ലാം സിലബസിന്റെ ഭാഗമാക്കി പ്രചരിപ്പിക്കാന്‍ വാജ്‌പേയ് സര്‍ക്കാറിന്റെ കാലം മുതല്‍ നീക്കങ്ങളാരംഭിച്ചതാണല്ലോ. ഇന്നത് തീവ്രഗതിയിലായിരിക്കുന്നു. ഇതിഹാസങ്ങളും കെട്ടുകഥകളും ചരിത്രവും ശാസ്ത്രവുമായി പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

വിദ്യാഭ്യാസത്തെ ഹിന്ദുരാഷ്ട്രനിര്‍മിതിക്കുള്ള പ്രത്യയശാസ്ത്ര പ്രബോധനത്തിനുള്ള ഉപകരണമാക്കണമെന്നതാണ് സംഘ്പരിവാറിന്റെ പ്രഖ്യാപിത നിലപാട്. ആധുനികതയുടേതായ എല്ലാത്തിനെയും നിഷേധിക്കുന്ന ഭൂതകാലാരാധനയുടെ മിഥ്യാഭ്രമങ്ങളിലേക്ക് ഒരു തലമുറയെ പുനരാനയിക്കാന്‍ അവര്‍ ശ്രമിക്കുന്നു. അധികാരത്തിലെത്തിയ ഉടനെ ‘ഭാരതീയമൂല്യപരിപ്രേക്ഷ്യത്തോടുകൂടിയ വിദ്യാഭ്യാസ വ്യവസ്ഥയെ പുനഃസംഘടിപ്പിക്കല്‍’ എന്ന സെമിനാറില്‍ പ്രസംഗിച്ചുകൊണ്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതിഇറാനി രാജ്യത്തിന്റെ വിദ്യാഭ്യാസനയത്തിന്റെ മാര്‍ഗം തിരുത്തുന്നതിനുള്ള പ്രഖ്യാപനം നടത്തുകയുണ്ടായി.
‘ദേശീയ വിദ്യാഭ്യാസനയം രൂപപ്പെട്ടത് 1986-ലാണ്. പുതിയ സാധ്യതകളോടും അഭിലാഷങ്ങളോടും കൂടിയ 2014-ലെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ വിദ്യാഭ്യാസനയം ആവശ്യമാണ്. കൂടുതല്‍ ശക്തവും പൂര്‍വസ്ഥിതി വീണ്ടെടുക്കുന്നതും മാനവികവുമായ പുനരുജ്ജീവനം നേടിയ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് അതാവശ്യമാണ്’ എന്നാണ് സ്മൃതിഇറാനി പറഞ്ഞത്. അത്തരമൊരു നിലപാടിന്റെ ഭാഗമായിട്ടാണ് 2016-ലെ വിവാദപരമായ ദേശീയവിദ്യാഭ്യാസ നയം മുന്നോട്ടുവെച്ചിരിക്കുന്നത്. വിദ്യാഭ്യാസവ്യവസ്ഥയില്‍ ഹിന്ദുത്വത്തിനനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ദീനനാഥ്ബത്രയുടെ നേതൃത്വത്തില്‍ ആര്‍ എസ് എസ് ശിക്ഷാസംസ്‌കൃതി ഉത്ഥാന്‍ന്യാസിന് രൂപം കൊടുത്തിരിക്കുന്നത്. കേന്ദ്രത്തില്‍ തങ്ങള്‍ക്ക് കൈവന്ന അധികാരത്തെ ഉപയോഗിച്ച് വിദ്യാഭ്യാസത്തെയാകെ ഉടച്ചുവാര്‍ക്കണമെന്നാണ് ശിക്ഷാസംസ്‌കൃതി ഉത്ഥാന്‍ന്യാസ് മോദി സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്. ഹിന്ദുത്വത്തോട് പ്രതിബദ്ധതയുള്ളവരും ദേശീയവാദികളുമായ ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ വിദ്യാഭ്യാസപരിഷ്‌കാരമാണ് അവര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

നമ്മുടെ ചരിത്രത്തെ അടിമുടി മാറ്റിയെഴുതണമെന്നാണ് ദീനനാഥ്ബത്ര ആവശ്യപ്പെടുന്നത്. ഐതിഹ്യങ്ങളെയും കെട്ടുകഥകളെയും ചരിത്രമാക്കണമെന്ന് അവര്‍ വാദിച്ചുകൊണ്ടിരിക്കുന്നു. ഗുജറാത്തിലെ 42000ത്തോളം വരുന്ന അപ്പര്‍പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ ഈ ദിശയിലാണ് രൂപപ്പെടുത്തിയത്. അവിടെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഒമ്പത് പാഠപുസ്തകങ്ങളില്‍ എട്ട് എണ്ണവും ദീനനാഥ് ബത്ര എഴുതിയതാണ്. ഗുജറാത്ത് സ്റ്റേറ്റ് സ്‌കൂള്‍ബോര്‍ഡ് അംഗീകരിച്ച ‘തേജോമയിഭാരത്’ എന്ന പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടുള്ള പുസ്തകങ്ങളാണിവ. ചരിത്രം, ശാസ്ത്രം, ഭൂമിശാസ്ത്രം, മതം, മറ്റ് അടിസ്ഥാനവിഷയങ്ങള്‍ എല്ലാം ഈ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് കുട്ടികളെ പഠിപ്പിക്കുന്നത്.

കാണ്ഡകോശ ഗവേഷണം കണ്ടുപിടിച്ചത് അമേരിക്കയല്ലെന്നും ഭാരതത്തിന്റെ ഇതിഹാസകൃതികളില്‍ സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് തന്നെ ഇതുണ്ടായിരുന്നുവെന്നുമാണ് ദീനനാഥ്ബത്രയുടെ പാഠപുസ്തകങ്ങള്‍ പറയുന്നത്. ശരീരഭാഗങ്ങള്‍ പുനരുല്‍പാദിപ്പിക്കുന്നതിനുള്ള പേറ്റന്റ് ഡോ. ബാലകൃഷ്ണ ഗണപത്മതപൂര്‍കര്‍ നേടിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഗവേഷണ പഠനങ്ങള്‍ മഹാഭാരതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണെന്നുമാണ് വാദിക്കുന്നത്. സൂര്യനെ പോലെയുള്ള പുത്രന്‍ കുന്തിക്കുണ്ടായത് പ്രാചീന ഇന്ത്യയില്‍ നിലനിന്നിരുന്ന ജനിതകശാസ്ത്രത്തിന്റെയും ജനിതക എന്‍ജിനീയറിംഗിന്റെയും ഫലമായിരുന്നു പോലും. ഗര്‍ഭം ധരിക്കാന്‍ കഴിയാതിരുന്ന ഗാന്ധാരി ഗര്‍ഭഛിദ്രത്തിന് വിധേയയായിപോലും! കൃത്രിമ ഗര്‍ഭധാരണത്തിനുള്ള വൈദ്യശാസ്ത്ര കഴിവ്

പ്രാചീനഭാരതത്തിലുണ്ടായിരുന്നുപോലും! ഗാന്ധാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് വലിയ ഒരു മാംസപിണ്ഡം പുറത്തുവന്നുപോലും. ഋഷി ദൈ്വപായന വ്യാസനെ വിളിച്ചുവരുത്തി. അദ്ദേഹം കടുപ്പമുള്ള മാംസപിണ്ഡത്തെ പ്രതേ്യക ഔഷധങ്ങള്‍ ചേര്‍ത്ത് ശീതളമായ പാത്രത്തില്‍ സൂക്ഷിച്ചു. പിന്നീട് ആ മാംസപിണ്ഡം നൂറ് ഭാഗങ്ങളാക്കി ഖണ്ഡിച്ചു. എന്നിട്ട് ഈ നൂറ് ഭാഗങ്ങള്‍ നെയ്‌നിറച്ച പ്രതേ്യക പാത്രങ്ങളിലാക്കി രണ്ട് വര്‍ഷക്കാലം സൂക്ഷിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ 100 കൗരവന്മാര്‍ ജനിച്ചു! ഇതിഹാസകഥയിലെ ഈ സംഭവം ഉദ്ധരിച്ചുകൊണ്ടാണ് ഡോ. ബാലകൃഷ്ണ കാണ്ഡകോശഗവേഷണം തന്റെ കണ്ടുപിടിത്തമല്ലെന്നും അത് സഹസ്രാബ്ദങ്ങള്‍ ക്കുമുമ്പ് ഇന്ത്യയില്‍ കണ്ടുപിടിക്കപ്പെട്ടതാണെന്നും പറയുന്നത്.
അതേപോലെ യോഗവിദ്യകൊണ്ട് ഋഷിമാര്‍ക്ക് ദിവ്യദൃഷ്ടി കൈവരിക്കാന്‍ കഴിഞ്ഞിരുന്നുവെന്നും ഇന്റര്‍നെറ്റും ടെലിവിഷനുമൊക്കെ പൗരാണിക ഇന്ത്യയില്‍ നിലനിന്നിരുന്നുവെന്നും ബത്രയുടെ പാഠപുസ്തകങ്ങള്‍ തട്ടിവിടുന്നു. മഹാഭാരതത്തിലെ ഹസ്തിനപുരിയിലിരുന്ന് സഞ്ജയന്‍ തന്റെ ദിവ്യദൃഷ്ടികൊണ്ട് കുരുക്ഷേത്രയുദ്ധം തത്സമയം അന്ധനായ ധൃതരാഷ്ട്രര്‍ക്ക് വിവരിച്ചുകൊടുത്തു പോലും! ലൈവ് ടെലികാസ്റ്റിംഗ് മഹാഭാരതകാലത്തുതന്നെ ഇന്ത്യയിലുണ്ടായിരുന്നുവെന്നാണ് മോദിയും ബിപ്ലവ്‌ദേവ്കുമാറുമെല്ലാം നാടുനീളെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്.

മോട്ടോര്‍കാര്‍ വേദകാലത്തുതന്നെ കണ്ടുപിടിക്കപ്പെട്ടിരുന്നുവെന്നാണ് പറയുന്നത്. ഋഗേ്വദത്തിലെ അനശ്വരഥം (യന്ത്രരഥം) മോട്ടോര്‍കാറാണെന്നാണ് ദീനനാഥ്ബത്ര വ്യാഖ്യാനിച്ച് വിശദീകരിക്കുന്നത്. മുംബൈയിലെ ശാസ്ത്രകോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് നരേന്ദ്രമോദി പറഞ്ഞത്; ‘ഒരുകാലത്ത് വൈദ്യശാസ്ത്ര രംഗത്ത് നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങളെച്ചൊല്ലി നമുക്ക് അഭിമാനം കൊള്ളാം. മഹാഭാരതത്തിലെ കര്‍ണനെക്കുറിച്ച് നാമെല്ലാം വായിച്ചിട്ടുണ്ട്. തന്റെ മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നല്ല കര്‍ണന്‍ ജനിച്ചത്. ഇതിനര്‍ഥം അക്കാലത്ത് ജനിതകശാസ്ത്രം നിലവിലുണ്ടായിരുന്നുവെന്നാണല്ലോ… നാം ഗണേശ ഭഗവാനെ ആരാധിക്കുന്നു. മനുഷ്യന്റെ ശരീരത്തില്‍ ആനയുടെ മുഖം വെച്ചുപിടിപ്പിച്ച് പ്ലാസ്റ്റിക് സര്‍ജറിയുടെ പ്രയോഗം ആരംഭിച്ച ചില പ്ലാസ്റ്റിക് സര്‍ജന്മാര്‍ അക്കാലത്ത് ഉണ്ടായിരിക്കണം…’
വൈദിക പാരമ്പര്യത്തെ ഉദാത്തവത്കരിച്ച് അങ്ങേയറ്റം സങ്കുചിതമായ ദേശീയത വളര്‍ത്തുകയാണ് ഇത്തരം ചരിത്രത്തെയും ശാസ്ത്രത്തെയുമെല്ലാം സംബന്ധിച്ച കെട്ടുകഥകള്‍ എഴുന്നള്ളിച്ചുകൊണ്ട് സംഘ്പരിവാര്‍ ചെയ്യുന്നത്. യുക്തിക്കും ചരിത്രത്തിനും പകരം കല്‍പ്പിത കഥകളെയും ഇതിഹാസ സന്ദര്‍ഭങ്ങളെയും എഴുന്നള്ളിക്കുകയാണവര്‍. ഡോ.റൊമീളഥാപറും ഡോ.ഇര്‍ഫാന്‍ഹബീബുമെല്ലാം സംഘ്പരിവാറിന്റെ ഇത്തരം പദ്ധതികളെ അബദ്ധജഡിലവും ഉപരിതലസ്പര്‍ശിയുമായ ചവറുപരിപാടികളെന്നാണ് വിശേഷിപ്പിച്ചത്.
(തുടരും)

LEAVE A REPLY

Please enter your comment!
Please enter your name here