ഇന്ത്യക്ക് തിരിച്ചടി; സൈനിക താവളം നിര്‍മിക്കുന്നതിന് സെയ്ഷല്‍സ് അനുമതി നിഷേധിച്ചു

Posted on: June 22, 2018 8:13 pm | Last updated: June 23, 2018 at 9:55 am
SHARE

ന്യൂഡല്‍ഹി: സെയ്‌ഷെല്‍സില്‍ സൈനിക താവളങ്ങള്‍ നിര്‍മിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇന്ത്യന്‍ സൈനിക താവളങ്ങള്‍ നിര്‍മിക്കുന്നതിന് സെയ്ഷല്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ സൈനിക താവള പദ്ധതിയുമായി മുന്നോട്ട് പോയത്.

സെയ്‌ഷെല്‍സിനു കീഴിലുള്ള അസംപ്ഷന്‍ ദ്വീപില്‍ സൈനികത്താവളം നിര്‍മിക്കുന്നതു സംബന്ധിച്ച ഉടമ്പടിയില്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യ ഒപ്പിട്ടത്. അതിനു മുന്‍പ് 2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെയ്‌ഷെല്‍സ് സന്ദര്‍ശനത്തിനിടെയാണ് ഇതു സംബന്ധിച്ച തീരുമാനത്തില്‍ ഇരുരാജ്യങ്ങളുമെത്തിയത്. എന്നാല്‍ ജൂണ്‍ 24നു സെയ്‌ഷെല്‍സ് പ്രസിഡന്റ് ഡാനി ഫോയ്ര്‍ ഇന്ത്യയിലേക്കെത്തുമ്പോള്‍ കരാറിനെപ്പറ്റി മോദിയുമായി യാതൊരു ചര്‍ച്ചയുമുണ്ടാകില്ലെന്നു വ്യക്തമാക്കിക്കഴിഞ്ഞു.
ഇന്ത്യയുടെ വിമാനങ്ങള്‍ക്കിറങ്ങാനുള്ള താത്കാലിക എയര്‍സ്ട്രിപ്പും നാവികസേനയ്ക്ക് താവളമടിക്കാനുള്ള സന്നാഹങ്ങളും അസംപ്ഷന്‍ ദ്വീപില്‍ ഒരുക്കുകയെന്നതായിരുന്നു കരാര്‍ . 20 വര്‍ഷത്തേക്കായിരുന്നു ഉടമ്പടി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സ്വാധീനം ശക്തമാകുന്ന സാഹചര്യത്തിലായിരുന്നു ഇന്ത്യ സെയ്‌ഷെല്‍സിനോട് സഹായം അഭ്യര്‍ഥിച്ചത്.

കഴിഞ്ഞ വര്‍ഷമാണു രാജ്യത്തിനു പുറത്തുള്ള ചൈനയുടെ ആദ്യ സൈനിക താവളം ജിബൂത്തിയില്‍ നിര്‍മിച്ചത്. ഇതിനു പിന്നാലെ ഇന്ത്യ സെയ്‌ഷെല്‍സുമായുള്ള ഉടമ്പടി നീക്കങ്ങള്‍ ശക്തമാക്കുകയായിരുന്നു.എന്നാല്‍ ഇന്ത്യയ്ക്കു സൈനിക കേന്ദ്രം അനുവദിക്കുന്നതിനെതിരെ സെയ്‌ഷെല്‍സില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നു. പൊതു സമൂഹത്തിനു പിന്നാലെ പാര്‍ലമെന്റില്‍ പ്രതിപക്ഷവും രംഗത്തെത്തി. തിരക്കേറിയ കപ്പല്‍ ചാലിനു സമീപമാണ് അസംപ്ഷന്‍ ദ്വീപ്. ഇവിടെ ഇന്ത്യയ്ക്കു താവളമൊരുക്കുന്നത് ആ ദ്വീപ് അവര്‍ക്ക് അടിയറവ് വയ്ക്കുന്നതിനു തുല്യമാണെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here