അത്യാഢംബര കാറുകള്‍ വാങ്ങി വ്യാജ ചെക്ക് നല്‍കി കബളിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

Posted on: June 22, 2018 5:59 pm | Last updated: June 22, 2018 at 5:59 pm
SHARE

ദുബൈ: അത്യാഢംബര കാറുകള്‍ വാങ്ങുന്നതിന് വ്യാജ ചെക്കുകള്‍ നല്‍കി കബളിപ്പിച്ച ജി സി സി പൗരനെ ഖിസൈസ് പോലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈനിലൂടെ ആഢംബര വാഹനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി വ്യാജ ചെക്കുകള്‍ നല്‍കി കബളിപ്പിച്ചത്.
ഇത്തരത്തില്‍ വില്‍പനക്കായി പരസ്യപ്പെടുത്തുന്നവരെ വാഹനം വാങ്ങുന്നതിന് താല്പര്യം ഉണ്ടെന്നറിയിച്ചു സമീപിക്കുന്നതാണ് ആദ്യത്തെ രീതി. തുടര്‍ന്ന് ഉയര്‍ന്ന വില വാഹനങ്ങള്‍ക്ക് ഓഫര്‍ ചെയ്യും. വ്യാഴാഴ്ചകളില്‍ ഈ വിലക്കുള്ള ചെക്ക് നല്‍കലാണ് പിന്നെ ചെയ്യുന്നത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം ബേങ്കുകള്‍ അവധിയാകുന്നതിനാല്‍ ശനിയാഴ്ച വരെ സാമ്പത്തിക കൈമാറ്റം നടക്കില്ലെന്ന സാഹചര്യം മുതലെടുക്കാനാണ് ഈ രീതി പിന്‍പറ്റുന്നത്. വാഹനത്തിന്റെ ഉടമസ്ഥാവകാശം തന്നിലേക്ക് മാറ്റുന്നതോടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യും. അടുത്ത പ്രവര്‍ത്തി ദിവസം ചെക്ക് ബേങ്കില്‍ സമര്‍പിക്കുന്നതോടെയാണ് തങ്ങള്‍ കബളിപ്പിക്കപെട്ടതായി അറിയുക.
സമാനമായ രീതിയില്‍ പ്രതിയെ കുറിച്ച് എട്ട് പരാതികളാണ് മുന്‍പ് ലഭിച്ചത്. ഇതേതുടര്‍ന്ന് ഇയാളെ മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിക്കുകയായിരുന്നുവെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.

പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അതിവിദഗ്ധമായി പോലീസ് ഒരുക്കിയ വലയില്‍ പ്രതി കുടുങ്ങുകയായിരുന്നു. കൂടുതല്‍ നിയമ നടപടികള്‍ക്കായി പ്രതിയെ ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നു.
ഇത്തരത്തില്‍ സമാനമായ 1429 ചെക്ക് കേസുകളാണ് പോലീസ് കഴിഞ്ഞ വര്‍ഷം കൈകാര്യം ചെയ്തത്. 14.4 കോടി ദിര്‍ഹമിന്റെ ഇടപാടുകളാണ് ഇവയുടേത്. ദുബൈ പോലീസിന് കീഴില്‍ പ്രത്യേക സ്മാര്‍ട് വിഭാഗം കമ്പനികള്‍ക്കും ബേങ്കുകള്‍ക്കും ചെക്ക് കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ദുബൈ പോലീസ് സ്മാര്‍ട് ആപ്പ് തയാറാക്കിയിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളില്‍ എത്താതെ ഇത്തരം സംഭവങ്ങള്‍ ആപ്പിലൂടെ പരാതിപെടാവുന്നതാണെന്നും ഖുസൈസ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ യൂസഫ് അലി അദിതി പറഞ്ഞു.

കൂടുതലും വ്യാപാര, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നാണ് ചെക്ക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചെക്ക് കേസുകള്‍ കുറച്ചു കൊണ്ട് വരുന്നതിനായി യു എ ഇ സെന്‍ട്രല്‍ ബേങ്കുമായി സഹകരിച്ചു പോലീസ് കൂടുതല്‍ പഠനങ്ങള്‍ നടത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ബേങ്കുകള്‍ക്ക് ചില മുന്‍കരുതലിനുള്ള മാനദണ്ഡങ്ങളും ഏര്‍പെടുത്തിയിരുന്നു. കമ്പനിയുടെ മൂല ധന ശേഷി അനുസരിച്ചു മാത്രം ചെക്ക് ബുക്ക് ഇഷ്യൂ ചെയ്യുക. വ്യക്തികളുടെ വരുമാനത്തിന്റെ തോതിന് അനുസൃതമായി മാത്രം ചെക്ക് ബുക്കുകള്‍ നല്‍കുക എന്നിവ മുന്‍കരുതലായി കൈക്കൊള്ളാന്‍ ബേങ്കുകളോട് നിര്‍ദേശിച്ചിരുന്നു. തങ്ങളുടെ വസ്തു വകകള്‍ ചെക്ക് മാത്രം സ്വീകരിച്ചു വില്‍പനക്ക് മുതിരരുത്. അവയുടെ മൂല്യം പണമായി തങ്ങള്‍ക്ക് കിട്ടുമെന്ന് ഉറപ്പിച്ച ശേഷം മാത്രമേ വ്യാപാരത്തില്‍ ഇടപെടാവു എന്നും പോലീസ് മുന്നറിയിപ്പിലുണ്ട്.