Connect with us

Gulf

യു എ ഇയില്‍ പൊതുമാപ്പ്

Published

|

Last Updated

അബുദാബി: രാജ്യത്തെ അനധികൃത താമസിക്കാര്‍ക്ക് ആശ്വാസമായി യു എ ഇ ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ മൂന്നു മാസക്കാലം നീണ്ടുനില്‍ക്കുന്ന ആനുകൂല്യത്തിലൂടെ രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് രേഖകള്‍ ശരിയാക്കുകയോ സ്വരാജ്യത്തേക്ക് മടങ്ങുകയോ ചെയ്യാം. കൂടാതെ ശിക്ഷാനടപടികളില്‍ നിന്ന് ഒഴിവാകാനും കഴിയുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് റഖന്‍ അല്‍ റാശിദി പറഞ്ഞു.
ദുരന്തങ്ങളിലും യുദ്ധത്തിലും ഇരയായവര്‍ക്ക് ഒരു വര്‍ഷത്തെ എമര്‍ജന്‍സി റസിഡന്‍സിയും നല്‍കും. വിസാ നിയമങ്ങളില്‍ ഇളവു വരുത്തിയ സര്‍ക്കാര്‍ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് നടപടി.

“പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ” എന്ന പ്രമേയത്തില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൊതുമാപ്പ് പ്രഖ്യാപിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുന്ന പ്രഖ്യാപനമാണിത്. 2013ലാണ് യു എ ഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. പാസ്‌പോര്‍ട്ടും പോലും നഷ്ടപ്പെട്ട് താമസ രേഖകള്‍ ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളായി കുടുങ്ങിക്കിടക്കുന്നവര്‍ക്കുള്ള മികച്ച അവസരമാണിത്.
2003ലെ പൊതുമാപ്പിലാണ് യു എ ഇയില്‍ നിന്ന് ഏറ്റവുമധികം ഇന്ത്യക്കാര്‍ നാടണഞ്ഞത്. അന്ന് ലക്ഷക്കണക്കിന് പേര്‍ മടങ്ങിയതില്‍ ഭൂരിഭാഗവും ഉത്തരേന്ത്യയില്‍ നിന്നും മറ്റുമുള്ള കെട്ടിട നിര്‍മാണ തൊഴിലാളികളായിരുന്നു.
2003ലെ പൊതുമാപ്പ് കാലത്ത് അബുദാബി ഇന്ത്യന്‍ എംബസിയിലും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പ്രത്യേക കൗണ്ടറുകള്‍ ക്രമീകരിച്ച് ഗുണഭോക്താക്കള്‍ക്ക് സഹായം നല്‍കിയിരുന്നു. വിവിധ മലയാളി സംഘടനകളും പൊതുമാപ്പുകാരുടെ മടക്കയാത്ര സുഗമമാക്കി.

Latest