രാഹുല്‍ ഗാന്ധി മന്ദബുദ്ധിയെന്ന് ബിജെപി നേതാവ് സരോജ് പാണ്ഡെ

Posted on: June 22, 2018 2:15 pm | Last updated: June 22, 2018 at 3:33 pm

റായ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി ജനറല്‍ സെക്രട്ടറിയും ദുര്‍ഗ് മണ്ഡലത്തില്‍ നിന്നുള്ള എംപിയുമായ സരോജ് പാണ്ഡെ. രാഹുല്‍ ഗാന്ധി മന്ദബുദ്ധിയെന്നായിരുന്നു സരോജ് പാണ്ഡെയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധി ഇപ്പോള്‍ പല കാര്യങ്ങളും പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, അതിന് ഒരു പ്രായമുണ്ട്. നാല്‍പ്പത് വയസ്സിന് ശേഷവും പഠിക്കാന്‍ കഴിയാത്ത വ്യക്തിയെ വിദ്യാര്‍ഥിയെന്ന് വിളിക്കാന്‍ കഴിയില്ല. ഇത്തരക്കാരെ മന്ദബുദ്ധിയെന്നാണ് വിളിക്കേണ്ടതെന്നും മാധ്യമങ്ങളോട് സംസാരിക്കവേ സരോജ് പാണ്ഡെ പറഞ്ഞു. മുമ്പും ഇവര്‍ വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ ആര്‍എസ്എസ്‌കാര്‍ക്ക് നേരെ കണ്ണുരുട്ടിയാല്‍ സിപിഎമ്മുകാരുടെ കണ്ണ് ചൂഴ്‌ന്നെടിക്കുമെന്ന് ഇവര്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു.