ഖത്വര്‍ സര്‍ക്കാറിനെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്: പ്രതി റിമാന്‍ഡില്‍

Posted on: June 22, 2018 10:39 am | Last updated: June 22, 2018 at 2:21 pm
SHARE

കൊടുങ്ങല്ലൂര്‍: ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പൂര്‍ണകായ ചിത്രങ്ങള്‍ നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് ഖത്വര്‍ സര്‍ക്കാറിനെ കബളിപ്പിച്ച് അഞ്ച് കോടി അഞ്ച് ലക്ഷം തട്ടിയ കേസിലെ പ്രതി സുനില്‍ മേനോനെ കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. പ്രതിക്ക് വേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.

കഴിഞ്ഞ ഫെബ്രുവരിയില്‍ രാജാവിന്റെ 10 ചിത്രങ്ങള്‍ വിഖ്യാതരായ ചിത്രകാരന്‍ മാരുടെ സഹായത്തോടെ തുകലില്‍ വരച്ച് ചെമ്പും സ്വര്‍ണവും ചേര്‍ത്ത് ഫ്രെയിം ചെയ്ത് നല്‍കാമെന്ന് പറഞ്ഞാണ് ഇ മെയില്‍ വഴി തട്ടിപ്പ് നടത്തിയത്. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് രാജാവിന്റെ സഹോദരിയും ഖത്വര്‍ മ്യൂസിയം അതോറിറ്റി ചെയര്‍പേഴ്‌സനുമായ ശൈഖ അല്‍മായസയുടെ ഇ മെയില്‍ വഴി മ്യൂസിയം അതോറിറ്റി സി ഇ ഒ ക്ക് സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തിയത്. റോയല്‍ കളക്ഷന്‍ ന്യൂയോര്‍ക്ക് എന്ന കമ്പനി അഡ്രസില്‍ ജെറോം നെപ്പോളിയന്‍ എന്ന പേരിലാണ് ഇയാള്‍ ആദ്യമായി സി ഇ ഒ യുമായി ബസപ്പെടുന്നത്.

തട്ടിപ്പിനായി പ്രതി രണ്ട് വര്‍ഷത്തെ പരിശീലനമാണ് നടത്തിയത്. ഇതിനായി ഖത്വര്‍ രാജകുടുംബത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ ഇയാള്‍ ഹാക്കിംഗിലൂടെ മനസിലാക്കിയതാകാമെന്നാണ് നിഗമനം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 416, 465, 468, 470, ഐടി ആക്ടിലെ 66 സി, 66 ഡി എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
അതിനിടെ, സുനില്‍ ഭാര്യ വീടിന്റെ മുകള്‍ നിലയില്‍ ലാപ് ടോപിന്റെ മുന്നിലിരുന്നാണ് തന്റെ പദ്ധതികളെല്ലാം തയ്യാറാക്കിയത്. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ രസകരമായ മറുപടികളാണ് ഇയാള്‍ നല്‍കിയതത്രേ. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഖത്വറിനെതിരെ ഉപരോധം നിലനില്‍ക്കുന്ന സമയമാണ് ഇയാള്‍ തട്ടിപ്പിനായി തെരഞ്ഞെടുത്തത്.

ഖത്വര്‍ രാജാവിന്റെ ചിത്രങ്ങള്‍ ലോകത്തെ മികച്ച രാജ്യങ്ങളിലെ പ്രഗത്ഭരായ ചിത്രകാരന്മാരെക്കൊണ്ട് വരപ്പിച്ചാല്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ രാജാവ് സമ്മതനാണെന്ന ചിന്ത ഖത്വര്‍ അധികൃതര്‍ക്ക് ഉണ്ടാകുമെന്ന തോന്നലാണ് അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രഗത്ഭരായ ചിത്രകാരന്മാരെക്കൊണ്ട് ചിത്രങ്ങള്‍ വരക്കാമെന്ന വാഗ്ദാനം നടത്താനുള്ള കാരണമായി പറഞ്ഞത്.
തട്ടിപ്പിനായി ഉപയോഗിച്ച ലാപ്‌ടോപ്പ്,ഐപാഡ്,മൊബൈല്‍ ഫോണുകള്‍, പത്തോളം സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.