Connect with us

Kerala

ആശിതയുടെ മനസ്സിലിപ്പോഴും കടലുണ്ടി ദുരന്തത്തിന്റെ നിലക്കാത്ത ചൂളംവിളി

Published

|

Last Updated

കോട്ടക്കല്‍: ആശിതയുടെ മനസ്സില്‍ ഇന്നും ആ ദുരന്തത്തിന്റെ ഇരമ്പല്‍ കെട്ടടങ്ങുന്നില്ല. കുതിച്ചുവന്ന ചെന്നൈ എക്‌സ്പ്രസ് കടലുണ്ടി പാലത്തില്‍ നിന്ന് പുഴയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ തലകീഴായ് നിന്ന ബോഗിയില്‍ നിന്ന് ഭാഗ്യം കൊണ്ട് ജീവിതത്തിലേക്ക് നീന്തിക്കയറിയതിന്റെ വിറയാര്‍ന്ന ഓര്‍മകളാണ് മനസ്സിലിരമ്പുന്നത്.
2001 ജൂണ്‍ 22ന് പതിവു പോലെ കോഴിക്കോട്ടുനിന്ന് തിരൂരിലേക്ക് വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്നു ആശിത. മുമ്പിലുണ്ടായിരുന്ന മൂന്ന് ബോഗികള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഇതിലെ യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാനായില്ല. 52 പേര്‍ മരിച്ചു. 222 പേര്‍ പരുക്കുകളോടെയും അല്ലാതെയുമായി രക്ഷപ്പെട്ടു. അതിലൊരാളാണ് തിരൂര്‍ സ്വദേശി ആശിത. അന്ന് കോഴിക്കോട്ട് ബി എഡിന് പഠിച്ചിരുന്ന ഇവര്‍ ഇപ്പോള്‍ കോട്ടക്കല്‍ ജി എം യു പി സ്‌കൂളില്‍ അധ്യാപികയാണ്.

ഓര്‍മകളിലേക്ക് ഇറങ്ങുമ്പോള്‍ ദുരന്തത്തിന്റെ ഘോരശബ്ദം ഇന്നും മുഴങ്ങുകയാണിവരുടെ കാതുകളില്‍. സീസണ്‍ ടിക്കറ്റില്‍ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ പതിവുപോലെ വൈകുന്നേരം 4.45 ന് കോഴിക്കോട്ട് നിന്ന് ഇവരും കയറി. കടലുണ്ടിപുഴ പാലത്തില്‍ നിന്ന് വന്‍ ശബ്ദത്തോട ചെന്നൈ എക്‌സ്പ്രസിന്റെ നാല് ബോഗികള്‍ പുഴയില്‍ പതിച്ചു. മൂന്നെണ്ണം പൂര്‍ണമായും വെള്ളത്തില്‍ താഴ്ന്നു. തലകീഴായി നിന്ന വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് ഇവര്‍ രക്ഷപ്പെട്ടത്. ദുരന്ത വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തര്‍ എത്തിച്ച ബോട്ടിലേക്ക് എടുത്തുചാടിയാണ് ജീവിതത്തിലേക്ക് നീന്തിയത്.
വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തവരടക്കം മരണപ്പെട്ടെന്നായിരുന്നു വീട്ടിലും പരിസരത്തും ലഭിച്ച വിവരം. സ്ഥിരമായി ഈ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുന്ന താനും മരണത്തിന് കീഴടങ്ങി എന്ന വിശ്വാസത്തിലായിരുന്നു ബന്ധുക്കളും. ഇതിനിടെ ദുഃഖം തളംകെട്ടിനില്‍ക്കുന്ന വീട്ടിലേക്ക് താന്‍ കയറി ചെല്ലുമ്പോഴുള്ള രംഗങ്ങളും ഇവരുടെ മനസ്സില്‍ മായാതെ ഇടംപിടിച്ചിട്ടുണ്ട്.

കടലുണ്ടി തീവണ്ടി ദുരന്തകാരണം ഇന്നും അജ്ഞാതമായി തുടരുകയാണ്. ഏജന്‍സികള്‍ നടത്തിയ റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും പൂര്‍ണമായും പുറത്തുവന്നിട്ടില്ല. ബോഗികള്‍ പാളം തെറ്റിയെന്നും തൂണുകള്‍ ദ്രവിച്ചതിനാലാണെന്നും പറയുന്ന അറിവുകള്‍ മാത്രമാണ് ജനങ്ങളറിയുന്നത്. ആ ദുരന്തനാളുകള്‍ ജീവിതത്തിലേക്ക് വീണ്ടും കടന്നുവരുമ്പോള്‍ കടലുണ്ടിപാലം കടന്ന് ചൂളം വിളിയുമായി കൂകിപ്പായുന്ന തീവണ്ടിയാണ് ആശിതയുടെ മനസ്സ് നിറയെ.

Latest