ഹാജിമാര്‍ക്ക് വഴികാട്ടിയായി മൊബൈല്‍ ആപ്ലിക്കേഷന്‍

Posted on: June 22, 2018 10:29 am | Last updated: June 22, 2018 at 10:29 am

കൊച്ചി: ഹാജിമാര്‍ക്ക് വഴികാട്ടിയായി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍. തീര്‍ഥാടകര്‍ക്ക് വളരെയേറെ ഉപകാരപ്രദമാകുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഏറെ പുതുമകളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓരോ ഹാജിമാരെയും സംബന്ധിച്ച പൂര്‍ണമായ വിവരവും ഹാജിമാര്‍ക്ക് ആവശ്യമായ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടു ണ്ട്. വിവിധ വിഷയങ്ങളില്‍ ഹാജിമാര്‍ക്ക് സംശയ നിവാരണത്തിന് ഉപകാരപ്രദമായ രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ഹജ്ജ് കമ്മിറ്റി വഴി യാത്രയാകുന്ന തീര്‍ഥാടകര്‍ക്ക് പുറമെ സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ വഴി യാത്രതിരിക്കുന്ന തീര്‍ഥാടകരുടെ വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാകും. സ്വകാര്യ ഗ്രൂപ്പുകള്‍ വഴി യാത്രതിരിക്കുന്നവരുടെ വിവരങ്ങള്‍ തീര്‍ഥാടകര്‍ സഊദിയിലേക്ക് പുറപ്പെട്ട് തുടങ്ങിയതിന് ശേഷം മാത്രമേ ലഭ്യമാവുകയുള്ളൂ.
കൂടാതെ മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ നേരിട്ട് എത്തുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാകും. ഇത്തരത്തില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സ്വന്തം നിലയില്‍ തന്നെ ഈ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാം. ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലുള്ള ഹജ്ജ് ഗൈഡിന് പുറമെ തീര്‍ഥാടകര്‍ക്ക് ഹജ്ജ് കര്‍മങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ സഹായകമാകുന്ന രീതിയിലുള്ള വീഡിയോ ചിത്രവും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യന്‍ ഹജ്ജ് മിഷനാണ് 40 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഹജ്ജ് കര്‍മങ്ങള്‍ക്ക് പുറമെ ഇന്ത്യയി ല്‍ നിന്ന് യാത്ര തിരിക്കുന്ന തീര്‍ഥാടകര്‍ യാത്ര തുടങ്ങിയത് മുതല്‍ മടങ്ങിയെത്തുന്നത് വരെയുള്ള വിവരങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നിന്ന് യാത്ര തിരിക്കുന്ന മുഴുവന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലും ഈ വീഡിയോ പ്രദര്‍ശിപ്പിക്കും. തൊട്ടടുത്തുള്ള ആശുപത്രി, ഫാര്‍മസി, മസ്ജിദ്, റസ്റ്റോറന്റ്, ഷോപ്പിംഗ് സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളും ഈ ആപ്പ് വഴി എളുപ്പത്തില്‍ തീര്‍ഥാടകര്‍ക്ക് കണ്ടെത്താനാകും.
യാത്രയില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍, സഊദിയില്‍ എത്തിയ ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച നിര്‍ദേശങ്ങളും ഇതില്‍ ഉള്‍ക്കൊ ള്ളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹാജി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.