ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിപുലമായ സൗകര്യമൊരുങ്ങുന്നു

Posted on: June 22, 2018 10:18 am | Last updated: June 22, 2018 at 10:18 am
SHARE

കൊച്ചി: കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ രാജ്യത്തെ 21 എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ നിന്നായി ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങളൊരുങ്ങുന്നു. 1,28,702 പേരാണ് വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റികള്‍ക്ക് കീഴില്‍ ഈവര്‍ഷം ഇന്ത്യയില്‍ നിന്ന് യാത്രയാകുന്നത്. കൂടാതെ സ്വകാര്യ ഏജന്‍സികള്‍ വഴിയും തീര്‍ഥാടകര്‍ പോകുന്നുണ്ട്.

ഇവരുടെ സേവനങ്ങള്‍ക്കായി ഉദ്യോഗസ്ഥ, ആരോഗ്യ വിഭാഗങ്ങളിലായി 600 പേരെ മക്കയിലും മദീനയിലും നിയോഗിക്കും. 600ഓളം പേരെ വിവിധ സംസ്ഥാനങ്ങളിലും യാത്രാസൗകര്യങ്ങള്‍ ഒരുക്കുന്നതിനും തീര്‍ഥാടകരെ സഹായിക്കുന്നതിനും നിയോഗിക്കും. നിശ്ചിത കാലയളവില്‍ താത്കാലികമായിട്ടായിരിക്കും ഇവരുടെ നിയമനം. ദിനേന ഹാജിമാര്‍ക്കുണ്ടാകുന്ന പ്രയാസ ങ്ങള്‍ പരിഹരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന, മക്കയില്‍ 14ഉം മദീനയില്‍ മൂന്നും ഓഫീസുകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ സജ്ജമാക്കും. ഹാജിമാരുടെ താമസ സ്ഥലത്തിനോട് ചേര്‍ന്നായിരിക്കും ഇവ പ്രവര്‍ത്തിക്കുക. കൂടാതെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കായി ക്രമീകരിക്കുന്നുണ്ട്.
ഹാജിമാരുടെ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍, പണം, ബാഗേജ്, യാത്രാ രേഖകള്‍ എന്നിവ നഷ്ടപ്പെടുകയോ മറ്റോ ചെയ്താലുള്ള പ്രയാസങ്ങള്‍ നേരിടുന്നതിനാണ് വിമാനത്താവളങ്ങളില്‍ പ്രത്യേക ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. മക്കയില്‍ 40 കിടക്കകളും മദീനയില്‍ 15 കിടക്കകളുമുള്ള അത്യാധുനിക ആശുപത്രി സംവിധാനവും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കും. കൂടാതെ വിവിധ സ്ഥലങ്ങളിലായി മക്കയില്‍ 14 ഡിസ്‌പെന്‍സറികളും മദീനയില്‍ മൂന്ന് ഡിസ്പന്‍സറികളും തുറക്കും.

45 വയസ്സിന് മുകളില്‍ പ്രായമുള്ള മെഹ്‌റം ഇല്ലാതെ യാത്ര ചെയ്യുന്നവരുടെ പ്രശ്‌നങ്ങ ള്‍ പരിഹരിക്കാന്‍ മാത്രമായി പ്രത്യേകമായ ഓഫീസും തുറക്കുന്നുണ്ട്. ഈവര്‍ഷം മുതലാണ് 45 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് മെഹ്‌റം ഇല്ലാതെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നത്. തീര്‍ഥാടകര്‍ക്കുള്ള മൊബൈല്‍ സിം കാര്‍ഡുകള്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് വിതരണം ചെയ്യുമെങ്കിലും സഊദിയില്‍ വിമാനം ഇറങ്ങിയ ശേഷം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ഫിംഗര്‍ പ്രിന്റ് പതിച്ചശേഷം മാത്രമേ ഇവ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഇക്കാര്യങ്ങളില്‍ യാത്ര പുറപ്പെടും മുമ്പ് വ്യക്തമായ നിര്‍ദേശങ്ങള്‍ ഹാജിമാര്‍ക്ക് നല്‍കും.
കേരളം, ലക്ഷദ്വീപ്, മാഹി എന്നിവടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ മക്കയിലേക്ക് പുറപ്പെടുന്നത്. ജിദ്ദയിലേക്കാണ് തീര്‍ഥാടകര്‍ ആദ്യം പുറപ്പെടുന്നത്. ഹജ്ജ്കര്‍മം നിര്‍വഹിച്ച് തീര്‍ഥാടകര്‍ മദീന വഴി നാട്ടിലേക്ക് തിരിക്കും.