പറളിയില്‍ കാട്ടാനക്കൂട്ടമിറങ്ങി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Posted on: June 22, 2018 9:42 am | Last updated: June 22, 2018 at 10:40 am

പാലക്കാട്: പറളിയില്‍ കാട്ടാനക്കൂട്ടമിറങ്ങി. ജനവാസമേഖലയിലാണ് ആനകളിറങ്ങിയത്. രണ്ട് ആനകള്‍ പറളി കടവില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. വനപാലകരും നാട്ടുകാരും ചേര്‍ന്ന് ആനകളെ കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമം തുടങ്ങി. കാട്ടാനകള്‍ ഇറങ്ങിയതിനെ തുടര്‍ന്ന് പറളി പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

പുതുപ്പരിയാരം പഞ്ചായത്തിലെ വാളേക്കാട്ട് ബുധനാഴ്ച വൈകുന്നേരം കാട്ടാന തൊഴിലാളിയെ ചവിട്ടിക്കൊന്നിരുന്നു. പുതുപ്പരിയാരം വാളേക്കാട്ട് ചെറുട്ടിയുടെ മകന്‍ പ്രഭാകര(51) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ആനകള്‍ പറളി പഞ്ചായത്തിലെ കമ്പയില്‍ റേഷന്‍കട തകര്‍ത്ത് അരിയും ഗോതമ്പ് പൊടികളും തിന്നും ചവിട്ടിയരച്ചും വ്യാപകമായി നശിപ്പിച്ചു. കെ.ടി. അബ്ദുര്‍ റഹ്മാന്റെ എ.ആര്‍.ഡി 122 നമ്പര്‍ കടയാണ് തകര്‍ത്തത്.

കാട്ടാനകള്‍ നാട്ടിലിറങ്ങി ആള്‍നാശവും കൃഷിനാശവും വ്യാപകമായി നടത്തുമ്പോഴും കാട്ടാനയെ തുരത്താന്‍ സംവിധാനമില്ലാതെ വനംവകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്. ഓലപടക്കവും തപ്പട്ടയും മാത്രമാണ് കാട്ടാനയെ തുരത്താന്‍ വനംവകുപ്പിന്റെ കൈയിലെ ഏക ഉപകരണം.
നാട്ടിലിറങ്ങിഭീതി വിതക്കുന്ന കാട്ടാനകളെ തുരുത്തുകയെന്ന ലക്ഷ്യത്തോടെ വനം വകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമി( ആര്‍ ആര്‍ ടി)ന് രൂപം നല്‍കിയിരുന്നു. രണ്ട് പോലീസുകാരെയും പ്രത്യേക വാഹനവും അനുവദിക്കുകയും ചെയ്തിരുന്നു. ആനകളെ വേദനിപ്പിച്ച് കാട് കയറ്റാന്‍ റബ്ബര്‍ ബുള്ളറ്റും അനുവദിച്ചിരുന്നു. കുറച്ച് മാസത്തിനകം ആര്‍ ആര്‍ ടിയില്‍ നിന്ന് പോലീസിനെയും പിന്‍വലിച്ചു. അതോടെ തോക്കും നഷ്ടമായി.
ഇപ്പോള്‍ വനവകുപ്പിന്റെ പക്കലുള്ളത് ഓലപ്പടക്കവും ഗുണ്ടും മാത്രമാണ്. കാട്ടാനകളെ തുരുത്തുന്നതിന് ഓലപ്പടക്കവും ഗുണ്ടും പൊട്ടിക്കുന്നത് കാട്ടാനകളെ പ്രകോപിതരാക്കാനും കൂടുതല്‍ ആക്രമാസക്തമാക്കുന്നതിനും മാത്രമേ ഉപകരിക്കുകയുള്ളവെന്നാണ് വെറ്റിനറി ഡോക്ടര്‍മാര്‍ പറയുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ധോണിയിലും പരിസരത്തും കാട്ടാനകള്‍ വിലസുകയാണ്. ഈ കാട്ടാനകളാണ് പാലക്കാട് ഡിവിഷന്‍ പരിധിയില്‍ കൃഷിനാശവും ആള്‍ നാശവും വരുത്തി വെക്കുന്നത്.
പാലക്കാട് ഡിവിഷനില്‍ വനമേഖല കുറവാണ്. കുടുതല്‍ വനപ്രദേശമേഖലകളില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് അപൂര്‍വമാത്രമാണ്. എന്നാല്‍ പാലക്കാട് ഡിവിഷനില്‍ വനം പ്രദേശം കുറവായതിനാല്‍ കാട്ടാനകള്‍ ഇറങ്ങിയാല്‍ അവ തിരികെ കയറുന്നില്ലെന്ന് മാത്രമല്ല കയറ്റാന്‍ വനംവകുപ്പിനു സംവിധാനവുമില്ലാത്തതും കൂടുതല്‍ രൂക്ഷമാക്കുകയാണ്.