അക്ഷരപ്പൊരുള്‍; നാളെ മദ്‌റസാ പ്രവേശനോത്സവം

(സെക്രട്ടറി എസ് ജെ എം)
Posted on: June 22, 2018 10:00 am | Last updated: June 22, 2018 at 2:32 pm
SHARE

റമസാന്‍ ഇടവേളക്ക് ശേഷം വീണ്ടും മദ്‌റസകള്‍ തുറക്കുകയാണ്. പിഞ്ചുകുട്ടികള്‍ അത്യാഹ്ലാദ പൂര്‍വ്വം മദ്‌റസാ പ്രവേശനത്തിനൊരുങ്ങുന്നു. സുന്നിജംഇയ്യത്തുല്‍ മുഅല്ലിമീന് കീഴില്‍ മദ്‌റസ വിദ്യാരംഭം (ഫത്‌ഹെ മുബാറക്) സംസ്ഥാന തലത്തിലും മദ്‌റസാ തലങ്ങളിലും പൂര്‍വാധികം സജീവമായി നടക്കുകയാണ്. ഫത്‌ഹേ മുബാറക് സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് വെള്ളിപറമ്പ് മദ്‌റസതുല്‍ ഫത്താഹില്‍ നാളെ നടക്കും.
പലകപ്പുറത്ത് അക്ഷരങ്ങള്‍ വരച്ച് മസ്അലകളും വിശ്വാസ കാര്യങ്ങളും ഏറ്റുചൊല്ലി ഖുര്‍ആന്‍ സൂക്തങ്ങള്‍ മനഃപാഠം ഉരുവിട്ട് ശാസ്ത്രീയമായി വ്യവസ്ഥകളൊന്നുമില്ലാതെ പ്രാഥമിക പഠനം നടന്നിരുന്ന പൂര്‍വസൂരികളുടെ കാലഘട്ടത്തെ അനുസ്മരിച്ച് പുതിയ കാലത്തെ വിദ്യാരംഭത്തെ കുറിച്ച് സംസാരിക്കാം.

ഒരു വിത്ത് നാം കീറി മുറിച്ചുനോക്കിയാല്‍ ഒന്നും കാണാന്‍ കഴിയില്ല. എന്നാല്‍ ആ വിത്തില്‍ നിരവധി രഹസ്യങ്ങള്‍ ഒളിപ്പിക്കപ്പെട്ടിട്ടുണ്ട്. അത് മണ്ണില്‍ നട്ടാല്‍ മുളക്കും, വളരും. ഒരുവലിയ മരമായി വളര്‍ന്നു പന്തലിക്കും. ഇതുപോലെയാണ് നമ്മുടെ കുട്ടികള്‍. അവരുടെ ഭാവി പ്രവചനാതീതമാണ്. ഭാവി രൂപപ്പെടുത്താന്‍ നാം ബദ്ധശ്രദ്ധരാവണം. കൃത്യമായ അറിവ് ആവശ്യമായ തോതില്‍ അവര്‍ക്ക് യഥാസമയം ലഭ്യമാക്കണം.
അറിവ് ശക്തിയാണ്, വെളിച്ചമാണ്. പ്രതിരോധമാണ്. അറിവിന്റെ ആദ്യാക്ഷരം അലിഫാണ്. അത് മതത്തിന്റെ ജീവാത്മാവും പരമാത്മാവുമാണ്. വായിക്കാനും എഴുതാനുമുള്ള കാഹളം മുഴുക്കിയാണ് ഖുര്‍ആന്‍ അവതരണം ആരംഭിക്കുന്നത്. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് എന്നതാണ് ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നത്. മദ്‌റസാ വിദ്യാഭ്യാസം എന്നാല്‍ ധാര്‍മിക വിദ്യാഭ്യാസം എന്നു തന്നെയാണ്. അധര്‍മത്തിലേക്ക് കൂപ്പുകുത്തുന്ന സമൂഹത്തില്‍ മദ്‌റസാ വിദ്യാഭ്യാസത്തിന്റെ പ്രസക്തി വിവരിക്കേണ്ടതില്ല. ലഹരിയും അശ്ലീലവും നാടുവാഴുന്ന അപകടാവസ്ഥ നാം അനുഭവിക്കുകയാണ്.

മത വിദ്യാഭ്യാസത്തിന്റെ കാഴ്ചപ്പാട് അറിവുകള്‍ അഥവാ വിവരങ്ങള്‍ നല്‍കലല്ല, മറിച്ച് മൂല്യങ്ങള്‍ സംവേദനം ചെയ്യലാണ്. മൂല്യങ്ങളാകട്ടെ പഠിപ്പിക്കപ്പെടുന്നതല്ല, പിടിച്ചെടുക്കപ്പെടുന്നതാണ്. ഉത്തമ പൗരനെ വാര്‍ത്തെടുക്കുക എന്നതാണ് മതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഗുരുവില്‍ നിന്നും ഒപ്പിയെടുക്കുന്ന ശീലങ്ങള്‍, ആചാരങ്ങള്‍, കര്‍മരീതികള്‍, വ്യക്തിഗുണങ്ങള്‍ ഇവയാണ് വിദ്യാര്‍ത്ഥിയുടെ മൂലധനം. ഉരുവിട്ടുപഠിക്കുന്ന പാഠങ്ങളും പരീക്ഷയും വിജയവും പരാജയവും ഗ്രേഡും എല്ലാം പ്രത്യക്ഷനേട്ടങ്ങളാണ്. പഠനവും പരീക്ഷയും കഴിഞ്ഞ് മനസ്സില്‍ നന്മയുടെ കണികകള്‍ അവശേഷിക്കുന്നുവെങ്കില്‍ അതാണ് വിദ്യാഭ്യാസം എന്ന് ഒരു മഹാന്‍ പറഞ്ഞിട്ടുണ്ട്.
അറിവിന്റെ മഹത്വം വലുതാണ്. സത്യവിശ്വാസികളെയും ജ്ഞാനം നല്‍കിയവരെയും അല്ലാഹു പദവികള്‍ നല്‍കി ഉയര്‍ത്തും എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അറിവന്വേഷിച്ച് ഒരാള്‍ ഒരുവഴിയില്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി അല്ലാഹു എളുപ്പമാക്കുമെന്ന് നബി (സ)യും പഠിപ്പിക്കുന്നു.
പുതുതലമുറയില്‍ സാംസ്‌കാരിക – ധാര്‍മിക മൂല്യങ്ങള്‍ സന്നിവേശിപ്പിക്കുന്നതില്‍ മദ്‌റസകള്‍ക്ക് കാതലായ പങ്കുണ്ട്. മദ്‌റസകള്‍ ശാന്തി കേന്ദ്രങ്ങളാണ്. ഉത്തമ പൗരനെ സൃഷ്ടിക്കുന്ന കേന്ദ്രമാണ്. മതം ഗുണകാംക്ഷയാണ്. ഗുണപാഠങ്ങളാണ്. സമ്പത്തും ഭൗതിക വിദ്യയും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ അതിനനുസരിച്ചുള്ള തലത്തിലേക്ക് മദ്‌റസാ പഠനം ഉയരണം. വിദ്യാഭ്യാസത്തിന്റെ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്ന കുടുംബം, കൂട്ടുകാര്‍, സമൂഹം, സ്റ്റേറ്റ് എന്നിവക്കൊക്കെ വ്യക്തികളിലെ മൂല്യപോഷണവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമുണ്ട്. അതിനാല്‍ അറിവിന്റെയും സംസ്‌കാരത്തിന്റെയും ഉത്ഭവകേന്ദ്രങ്ങളായ മദ്‌റസകള്‍ നിലനില്‍ക്കുക തന്നെ വേണം.

മൂല്യം എന്നത് വിവിധ തലത്തിലുണ്ട്. വൈയക്തിക മൂല്യങ്ങള്‍, സാമൂഹിക മൂല്യങ്ങള്‍, സാംസ്‌കാരിക മൂല്യങ്ങള്‍, ധാര്‍മിക മൂല്യങ്ങള്‍, സാര്‍വ ലൗകിക മൂല്യങ്ങള്‍ എന്നിങ്ങനെ പലവിധമാണത്. ഒരു കുഞ്ഞ് പിറവിയെടുക്കുന്നതു മുതല്‍ മൂല്യങ്ങളുമായുളള ബന്ധം ആരംഭിക്കുകയായി. കുട്ടികളുടെ സ്വഭാവ രൂപവത്കരണം ഈ മൂല്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യം മൂല്യബോധവും ധാര്‍മിക പരിരക്ഷയുമാണ്. വ്യക്തിത്വ സംസ്‌കരണവും ധാര്‍മിക ജീവിതവും സ്വായത്തമാക്കാനുള്ള ഏത് അറിവിനും പഠനത്തിനും മൂല്യവിദ്യാഭ്യാസമെന്നു പറയാം.

ലോകം നഗര സംസ്‌കാരത്തിലേക്കാണ് നീങ്ങുന്നത്. പരസ്പരം അറിയാനും മൂല്യങ്ങള്‍ പങ്കുവെക്കാനുമുള്ള സാധ്യതകള്‍ നഗരജീവിതത്തില്‍ കുറവാണ്. ഈ പരസ്പര ബന്ധമില്ലായ്മ സാമൂഹിക ജീവിതത്തെ തകിടം മറിക്കും, പാരസ്പര്യം ഇല്ലാതാക്കും. സുഖലോലുപതയും ധൂര്‍ത്തും ദുര്‍വ്യയവും ആണ് ആധുനിക സമൂഹത്തെ നയിക്കുന്നത്. എന്താണ് ത്യാഗം എന്നല്ല, എന്താണ് ലാഭം എന്നതാണ് പുതിയ സമൂഹത്തിന്റെ ചോദ്യം. മൂല്യച്യുതിയെ ചെറുക്കാന്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനേ കഴിയുകയുള്ളൂ. എന്ത് വിദ്യാഭ്യാസം നല്‍കുന്നു എന്നതല്ല, എങ്ങനെ നല്‍കുന്നു എന്നതാണ് പ്രശ്‌നം. സമൂഹം എന്നത് വ്യക്തികളുടെ കൂട്ടായ്മയാണ്. സമൂഹവും വ്യക്തിയും വിശുദ്ധിയോടെ നിലനില്‍ക്കണം. സമൂഹം ധര്‍മപാതയില്‍ നിലനില്‍ക്കുമ്പോള്‍ മാത്രമെ പുതിയ തലമുറ ആ വഴിക്ക് നീങ്ങുകയുള്ളൂ. മൂല്യവിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങള്‍ നേടുന്ന വിദ്യാര്‍ഥി മൂല്യങ്ങള്‍ പരീക്ഷിക്കുന്നത് സമൂഹത്തിലാണ്. അവിടെ വിദ്യാര്‍ഥി പരാജയപ്പെടരുത്. അതിനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് സമൂഹമാണ്.
നവലോകക്രമത്തില്‍ സമൂഹത്തെ നയിക്കുന്നത് മാധ്യമങ്ങളാണ്. നമ്മുടെ മീഡിയകള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളില്‍ ധാര്‍മികതക്ക് നിരക്കാത്തതാണധികവും. മൂല്യശോഷണത്തിലേക്ക് പിഞ്ചുകുഞ്ഞുങ്ങളെ എത്തിക്കുന്ന വാര്‍ത്തകളും പരസ്യങ്ങളുമാണ് മീഡിയകള്‍ കൂടുതലും നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ധാര്‍മിക വിദ്യാഭ്യാസം വളരുകയും പുഷ്പിക്കുകയും ചെയ്യണമെങ്കില്‍ ഗൃഹാന്തരീക്ഷം സംശുദ്ധമാവേണ്ടതുണ്ട്. കുടുംബത്തിലെ നായികമാര്‍ ഉമ്മമാരാണ്. കുടുംബത്തിലെ റാണിമാരാണവര്‍. പഠനം പരിശീലിക്കുന്ന ഇടമാണ് വീടുകള്‍.വീടുകള്‍ ധാര്‍മികതയില്‍ അധിഷ്ഠിതമാകണം. എങ്കില്‍ മാത്രമെ ഗുണനിലവാരമുള്ള മതവിദ്യാഭ്യാസം പ്രതീക്ഷിക്കേണ്ടതുള്ളൂ. സ്വര്‍ഗം മാതാവിന്റെ കാല്‍ക്കീഴിലാണെന്ന് ഏഴുവയസ്സുകരനെ മദ്‌റസകള്‍ പഠിപ്പിക്കുന്നു. മാതൃത്വത്തിനും സ്ത്രീത്വത്തിനും ഇതിലേറെ മാഹാത്മ്യമുള്ള ഒരു പ്രസ്താവന മറ്റൊരിടത്തു നിന്നും ലഭിക്കുകയില്ല. പക്ഷേ സ്വര്‍ഗത്തോളം ഉയര്‍ന്നു നില്‍ക്കുന്ന നിലവാരം ഉമ്മമാര്‍ സ്വായത്തമാക്കണം. ഗൃഹാന്തരീക്ഷത്തിന്റെ പ്രാധാന്യമാണിത് സൂചിപ്പിക്കുന്നത്. ഇസ്‌ലാമിലെ ആദ്യാക്ഷരം അലിഫാണ്. നബി (സ) തങ്ങള്‍ക്ക് ജിബ്‌രീല്‍ (അ) ആദ്യമായി പറഞ്ഞുകൊടുത്ത ആശയം വായനയും എഴുത്തുമാണ്. പരിചയപ്പെടുത്തിയ ആയുധം പേനയുമാണ്. ഇതാണ് നമ്മുടെ അക്ഷരപ്പൊരുള്‍.

LEAVE A REPLY

Please enter your comment!
Please enter your name here