ജയം തേടി ബ്രസീല്‍ ഇന്ന് കോസ്റ്റാറിക്കക്കെതിരെ

Posted on: June 22, 2018 9:04 am | Last updated: June 22, 2018 at 10:40 am
SHARE

സെയിന്റ്പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യ ലോകകപ്പില്‍ ആദ്യ ജയം തേടി ബ്രസീല്‍ ഇന്ന് കോസ്റ്റാറിക്കയെ നേരിടും. ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനോട് സമനിലയായ ബ്രസീലിന് പ്രീക്വാര്‍ട്ടറിലേക്കുള്ള വഴി എളുപ്പമാക്കാന്‍ ജയം അനിവാര്യമാണ്. ആദ്യ മത്സരം തോറ്റ കോസ്റ്റാറിക്കയുടെ നില പരുങ്ങലിലാണ്. തോറ്റാല്‍ അവര്‍ പുറത്താകും.
ഗ്രൂപ്പില്‍ ആദ്യ കളി ജയിച്ച സെര്‍ബിയ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ന് സ്വിറ്റ്‌സര്‍ലാന്‍ഡുമായാണ് മത്സരം. ജയിച്ചാല്‍ സെര്‍ബിയക്ക് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം.

നെയ്മര്‍ കളിക്കും…

ബ്രസീല്‍ സൂപ്പര്‍സ്റ്റാര്‍ നെയ്മറിനെ ചുറ്റിപ്പറ്റി ചില കഥകള്‍ പരക്കുന്നുണ്ട്. പരുക്കാണെന്നും ലോകകപ്പില്‍ കളിക്കാന്‍ സാധിക്കില്ലെന്നുമുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, കോസ്റ്റാറിക്കക്കെതിരെ നെയ്മര്‍ ആദ്യലൈനപ്പില്‍ കളിക്കുമെന്ന് ബ്രസീല്‍ കോച്ച് ടിറ്റെ വ്യക്തമാക്കി. ആദ്യ മത്സരത്തില്‍ നെയ്മര്‍ കടുത്ത ടാക്ലിംഗിനും ഫൗളുകള്‍ക്കും വിധേയനായിരുന്നു. സ്വിസ് ടീം പതിനൊന്ന് തവണയാണ് നെയ്മറിനെ ഫൗള്‍ ചെയ്തത്.
പരുക്കില്‍ നിന്ന് മുക്തനായ നെയ്മറിന് ലോകകപ്പില്‍ മികവറിയിക്കാനുള്ള അവസരം അവശേഷിക്കുകയാണ്. സന്നാഹ മത്സരത്തില്‍ ക്രോയേഷ്യക്കെതിരെയും ആസ്ത്രിയക്കെതിരെയും ഗോളുകള്‍ നേടി നെയ്മര്‍ മികവറിയിച്ചതാണ്- ടിറ്റെ പറഞ്ഞു.

ഫേവറിറ്റുകള്‍ക്ക് ജയിച്ചാല്‍ പോരാ…

സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ഫിലിപ് കുട്ടീഞ്ഞോയുടെ ഗോളില്‍ ലീഡെടുത്ത ബ്രസീലിന് പിന്നീട് പ്രതിരോധ നിരയെ മറികടക്കാന്‍ സാധിച്ചില്ല. അനായാസ സ്‌കോറിംഗാണ് ബ്രസീലിന്റെ പ്രത്യേകത. മുന്നോട്ടുള്ള പ്രയാണത്തിന് ആത്മവിശ്വാസമുണ്ടാകണമെങ്കില്‍ ഇന്ന് വലിയ മാര്‍ജിനില്‍ ജയിക്കേണ്ടതുണ്ട്. ആദ്യ മത്സരത്തിലെ പ്രകടനം നെയ്മറിനെതിരെ വിമര്‍ശം ഉയരാനിടയാക്കിയിരുന്നു. ഹെയര്‍സ്റ്റൈലില്‍ മാത്രമാണ് ശ്രദ്ധയെന്നായിരുന്നു ബ്രസീലിയന്‍ മാധ്യമങ്ങള്‍ പരിഹസിച്ചത്. കോസ്റ്റാറിക്കക്കെതിരെയും മങ്ങിയാല്‍ കോച്ച് ടിറ്റെയുടെ പരിശീലക മികവും ചോദ്യം ചെയ്യപ്പെടും. കോസ്റ്റാറിക്ക കോച്ച് ഓസ്‌കര്‍ റാമിറെസിന് മുന്നില്‍ അറ്റാക്കിംഗ് ഗെയിം മാത്രമേ പോംവഴിയുള്ളൂ. ആദ്യ കളി തോറ്റ സ്ഥിതിക്ക് പ്രതിരോധ ഗെയിമിന് സാധ്യതയില്ല. ഇത് മുതലെടുക്കാനാകും ടിറ്റെ ശ്രമിക്കുക. വിംഗുകളിലൂടെയുള്ള അറ്റാക്കിംഗിന് മാര്‍സലോയും വില്യനും നേതൃത്വം നല്‍കും. ഗബ്രിയേല്‍ജീസസിന് താനൊരു മികച്ച സെന്റര്‍ സ്‌ട്രൈക്കറാണെന്ന് തെളിയിക്കേണ്ടതുണ്ട്. കാറ്റടിച്ചാല്‍ വീണു പോകുന്നവനല്ലെന്ന് നെയ്മറിനും !

നേര്‍ക്ക് നേര്‍….

കോസ്റ്റാറിക്കക്കെതിരെ ബ്രസീലിന്റെ റെക്കോര്‍ഡ് വളരെ മികച്ചതാണ്. പത്ത് തവണ കളിച്ചതില്‍ ഒമ്പതിലും ബ്രസീല്‍ ജയിച്ചു. 1960 മാര്‍ച്ചില്‍ നടന്ന സൗഹൃദ മത്സരത്തിലാണ് ഏക തോല്‍വി. ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് നേര്‍ക്ക്‌നേര്‍. 1990 ല്‍ 1-0നും 2002 ല്‍ 5-2നും ബ്രസീല്‍ ജയിച്ചു.

ബ്രസീലിനെ കുറിച്ച്…

സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ഫിലിപ് കുട്ടീഞ്ഞോ നേടിയത് അദ്ദേഹത്തിന്റെ പതിനൊന്നാമത്തെ രാജ്യാന്തര ഗോളായിരുന്നു. അഞ്ചും ബോക്‌സിന് പുറത്ത് വെച്ചാണ് നേടിയത്.
സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ നെയ്മര്‍ ഫൗള്‍ ചെയ്യപ്പെട്ടത് പത്ത് തവണയാണ്. 1998 ലോകകപ്പിന് ശേഷം ഒരു മത്സരത്തില്‍ ഒരു താരം ഏറ്റവും കൂടുതല്‍ തവണ ഫൗള്‍ ചെയ്യപ്പെടുന്ന കാഴ്ചയായിരുന്നു റഷ്യയില്‍ കണ്ടത്.

കോസ്റ്റാറിക്കയെ കുറിച്ച്..

ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ രാജ്യത്തിനെതിരെ കോസ്റ്റാറിക്ക അവസാനമായി ജയം കണ്ടത് 2014 ലാണ്. 3-1ന് ഉറുഗ്വെയെ തോല്‍പ്പിച്ചു.
ലോകകപ്പില്‍ തുടരെ അഞ്ച് മത്സരങ്ങളില്‍ അപരാജിതരായി നിന്ന കോസ്റ്റാറിക്കയുടെ ആ റെക്കോര്‍ഡ് റഷ്യയില്‍ ആദ്യ കളിയില്‍ സെര്‍ബിയക്ക് മുന്നില്‍ തകര്‍ന്നു.
ലോകകപ്പില്‍ 31 ഷോട്ടുകളില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് കോസ്റ്റാറിക്കക്ക് നേടാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here