വീണ്ടും അര്‍ജന്റീനിയന്‍ ദുരന്തം; ക്രൊയേഷ്യയോട് തോറ്റത് എതിരില്ലാത്ത മൂന്ന് ഗോളിന്

  • പെറുവിനെതിരെ ഫ്രാന്‍സിന് ഒരു ഗോള്‍ ജയം
  • ഡെന്‍മാര്‍ക്ക് - ഓസ്‌ട്രേലിയ മത്സരം സമനിയില്‍
Posted on: June 22, 2018 3:18 am | Last updated: June 22, 2018 at 12:21 pm
SHARE

മോസ്‌കോ: ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളെ നിരാശയുടെ പടുകുഴിയിലാഴ്ത്തില്‍ ലോകകപ്പില്‍ വീണ്ടുമൊരു അര്‍ജന്റീനിയന്‍ ദുരന്തം. നിസ്‌നിയിലെ നൊവ്‌ഗൊരാഡ് സ്്‌റ്റേഡിയത്തില്‍ ഗ്രൂപ്പ് ഡിയിലെ രണ്ടാം പോരാട്ടത്തില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട് മെസ്സിയും കൂട്ടരും തലകുനിച്ചു. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമുള്ള അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകലിന്റെ വക്കിലെത്തി. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ മെസ്സിപ്പടക്ക് ഇനി മുന്നോട്ട് പോകാനാകുകയുള്ളൂ.

രണ്ടാം പകുതിയിലാണ് അര്‍ജന്റീനയുടെ ഗോള്‍മുഖത്ത് മൂന്ന് തവണ പന്ത് എത്തിയത്. ഗോളി മെര്‍ക്കാഡോ കബല്ലാരോയുടെ പിഴവാണ് ആദ്യഗോള്‍ സമ്മാനിച്ചത്. 80ാം മിനുട്ടില്‍ മോഡ്രിച്ചിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ തന്നെ ഇവാന്‍ റാക്കിറ്റിച്ച് ഒരിക്കല്‍ കൂടി വല കുലുക്കിയതോടെ അര്‍ജന്റീനിയന്‍ ദുരന്തം പൂര്‍ത്തിയായി.

നൈജീരിയയോടാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ഇതില്‍ അവര്‍ വിജയിക്കുകയും ഐസ്ലാന്‍ഡ് അടുത്ത രണ്ട് മത്സരങ്ങളില്‍ തോല്‍ക്കുകയോ സമനിലപിടിക്കുകയോ ചെയ്യുകയും ചെയ്താല്‍ മാത്രമേ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ എത്തുകയുള്ളൂ.

നേരത്തെ നടന്ന മറ്റു മത്സരങ്ങളില്‍ ഫ്രാന്‍സ് ഒരു ഗോളിന് പെറുവിനെ തോല്‍പ്പിക്കുകയും ഡെന്‍മാര്‍ക്ക് ഓസ്‌ട്രേലിയ മത്സരം സമനിയില്‍ കലാശിക്കുകയും ചെയ്തു.