തോട്ടം മേഖലയെ പരിസ്ഥിതി ലോല നിയമത്തില്‍ നിന്ന് ഒഴിവാക്കി

Posted on: June 21, 2018 3:09 pm | Last updated: June 22, 2018 at 10:39 am

തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം മേഖലയെ പരിസ്ഥിതിലോല പ്രദേശ മേഖലയില്‍ (ഇഎഫ്എല്‍) നിന്ന് പൂര്‍ണമായി ഒഴിവാക്കിയതായി സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

വിലയിടിവും ഉയര്‍ന്ന ഉല്പാദനച്ചെലവും കാരണം പ്രതിസന്ധിയിലായ തോട്ടം മേഖലയെ രക്ഷിക്കാന്‍ തോട്ടം നികുതി ഒഴിവാക്കാനും കാര്‍ഷികാദായ നികുതിക്ക് അഞ്ചുവര്‍ഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇക്കാര്യം നിയമസഭയെ അറിയിച്ചത്. സര്‍ക്കാറിന്റെ തീരുമാനം വനഭൂമിയും മരങ്ങളും വ്യാപകമായി നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് ആ്ന്‍ഡ് മാനേജ്‌മെന്റ് ഓഫ് എക്കളോജിക്കലി ഫ്രജൈല്‍ ലാന്റ്) ആക്ടിന്റെ പരിധിയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കിയതായാണ് മുഖ്യമന്ത്രി അറിയിച്ചത്.

ഉപേക്ഷിക്കപ്പെട്ടതോ, പ്രവര്‍ത്തനരഹിതമായിക്കിടക്കുന്നതോ ആയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുകയോ അല്ലെങ്കില്‍ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ രൂപവത്കരിച്ച് അവയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കി പ്രവര്‍ത്തിപ്പിക്കുകയോ, സന്നദ്ധതയുള്ള സ്വകാര്യ കമ്പനികള്‍ക്ക് വ്യക്തമായ മാനദണ്ഡങ്ങളോടെ, തോട്ടത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തരുതെന്ന വ്യവസ്ഥയില്‍ നല്‍കി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും വിധം ആവശ്യമായ നിയമനിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ വകുപ്പ് നിലവില്‍ തയാറാക്കിയിരിക്കുന്ന ലാന്റ് ലീസ് ആക്ടിന്റെ പരിധിയില്‍ ഇക്കാര്യം കൂടി കൊണ്ടുവരുന്ന കാര്യവും പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തോട്ടം മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ്. കൃഷ്ണന്‍ നായര്‍ കമ്മീഷന്റെ ശിപാര്‍ശ അനുസരിച്ചാണ് തീരുമാനം.

2016 ഒക്ടോബര്‍ 10ന് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനും ടാക്‌സസ്, ധനകാര്യം, വനം, റവന്യൂ, കൃഷി, തൊഴില്‍, നിയമം വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളായി കമ്മിറ്റി രൂപവത്കരിച്ചു. 2017 സെപ്തംബറില്‍ പ്രസ്തുത കമ്മിറ്റി സര്‍ക്കാറിന് ശിപാര്‍ശകള്‍ സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം.