എഡിജിപിയുടെ മകളുടെ പരാതി: പോലീസ് ഡ്രൈവറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

Posted on: June 21, 2018 1:52 pm | Last updated: June 22, 2018 at 3:20 am
SHARE

കൊച്ചി: എ ഡി ജി പി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദനമേറ്റ പോലീസുകാരന്‍ ഗവാസ്‌കറെ ജൂലൈ നാല് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കേസില്‍ സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടിയ ഹൈക്കോടതി കേസുമായി ബന്ധപ്പെട്ട സിഡിയും കേസ് ഡയറിയും ഹാജരാക്കാനും നിര്‍ദേശിച്ചു. തനിക്കെതിരെ നല്‍കിയത് വ്യാജ പരാതിയാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നെടുമങ്ങാട് ആര്യനാട് സ്വദേശിയായ ഗവാസ്‌കര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. തന്റെ കൈകളില്‍ കയറിപ്പിടിച്ചെന്നാണ് സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ പരാതി നല്‍കിയത്.

നിലവില്‍ ഗവാസ്‌കറിന്റെയും സ്‌നിഗ്ധയുടെയും പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ച് വരികയാണ്. സംഭവത്തില്‍ ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പോലീസ് കേസെടുത്തിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങളാണ് ഗവാസ്‌കറിനെതിരെ ചുമത്തിയിരിക്കുന്നത്. കനകക്കുന്നില്‍ പ്രഭാത നടത്തം കഴിഞ്ഞെത്തിയ, സ്‌നിഗ്ധ പാര്‍ക്കിലെ പൊതുപാര്‍ക്കിംഗ് സ്ഥലത്ത്‌വെച്ച് മര്‍ദിച്ചെന്നും തലക്ക് പിന്നിലിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് ഗവാസ്‌കര്‍ മ്യൂസിയം പോലീസില്‍ നല്‍കിയ പരാതി.

തുടര്‍ച്ചയായുള്ള ചീത്തവിളിയെ എതിര്‍ത്തതാണ് മര്‍ദനത്തിന് കാരണമെന്നാണ് ഗവാസ്‌കറിന്റെ പരാതിയിലുള്ളത്. മര്‍ദനത്തില്‍ ഗവാസ്‌കറിന്റെ നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് പരുക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സയിലാണ് .

LEAVE A REPLY

Please enter your comment!
Please enter your name here