Connect with us

Kerala

ആസ്‌ത്രേലിയയില്‍ മലയാളി യുവാവിന്റെ കൊലപാതകം: ഭാര്യക്ക് 22 വര്‍ഷവും കാമുകന് 27 വര്‍ഷവും തടവ്

Published

|

Last Updated

സാം എബ്രഹാമും സോഫിയയും

മെല്‍ബണ്‍: മലയാളി യുവാവിനെ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭാര്യക്കും കാമുകനും കോടതി തടവ് ശിക്ഷ വിധിച്ചു. പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാമിനെ (34) കൊലപ്പെടുത്തിയ കേസില്‍ സാമിന്റെ ഭാര്യ സോഫിയക്ക് 22 വര്‍ഷത്തെ തടവും കാമുകന്‍ അരുണ്‍ കമലാസനന് 27 വര്‍ഷത്തെ തടവുമാണ് സുപ്രീം കോടതി വിധിച്ചത്. 2015 ഒക്ടോബര്‍ 14നായിരുന്നു കൊല്ലം പുനലൂര്‍ സ്വദേശിയായ സാം എബ്രഹാമിനെ മെല്‍ബണ്‍ എപ്പിംഗിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്നാണ് ഭാര്യ പോലീസിനെ അറിയിച്ചത്. മരണകാരണം ഹൃദ്രോഹമാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച സോഫിയ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുകയും ചെയ്തു. ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് സാമിന്റെ മരണമെന്ന് വ്യക്തമാകുകയായിരുന്നു. സംഭവം നടന്ന് പത്ത് മാസത്തിന് സേഷം 2016 ആഗസ്റ്റ് 12നാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. സോഫിയയുമായുള്ള കമലാസനനുള്ള അവിഹിത ബന്ധമാണ് സാമിന്റെ കൊലപാതകത്തിന് കാരണമെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മൂന്നു വര്‍ഷത്തോളം നീണ്ട വ്യക്തമായ പദ്ധതി തയ്യാറാക്കിയ ശേഷം നടത്തിയ കൊലപാതകമായിരുന്നു ഇതെന്നും, അരുണ്‍ കമലാസനമായിരുന്നു അതിന്റെ ആസൂത്രകനെന്നും കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.

പരസ്പരം പ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒരുമിച്ച് ജീവിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്നാണ് കോടതിയുടെ കണ്ടെത്തല്‍. അവക്കാഡോ ജ്യൂസില്‍ മയക്കുമരുന്ന് കൊടുത്ത് മയക്കി കിടത്തിയ ശേഷം, ഓറഞ്ച് ജ്യൂസില്‍ കലര്‍ത്തിയ സയനൈഡ് വായിലേക്ക് ഒഴിച്ചുകൊടുത്താണ് കൊലപാതം നടത്തിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.