Connect with us

Kerala

ഖത്വര്‍ രാജാവിന്റെ പേരില്‍ വ്യാജ സന്ദേശം; കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍

Published

|

Last Updated

പിടിയിലായ സുനില്‍ മേനോന്‍

കൊടുങ്ങല്ലൂര്‍: ഖത്വര്‍ രാജാവ്ശൈഖ് തമീം ബിന്‍ അല്‍ത്താനിയുടെ പൂര്‍ണകായ ചിത്രങ്ങള്‍ ലോകത്തെ വിഖ്യാത ചിത്രകാരന്മാരെ കൊണ്ട് വരപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ച് കോടി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. പറവൂര്‍ പെരുവരം സ്വദേശി മുളക്കല്‍ ഭാസ്‌കര മേനോന്റെ മകനും ശാന്തിപുരത്ത് താമസക്കാരനുമായ സുനില്‍ മേനോ (47 ) നെയാണ് കൊടുങ്ങല്ലൂര്‍ സി ഐ. പി സി ബിജു കുമാറും സംഘവും അറസ്റ്റ് ചെയ്തത്. തുകയില്‍ നാല് കോടി 60 ലക്ഷം രൂപ മരവിപ്പിച്ചു.

23 ലക്ഷം രൂപ വിലവരുന്ന ജീപ്പ് പിടിച്ചെടുത്തു. സുനിലിന്റെ ഭാര്യയെയും കേസില്‍ പ്രതിയാക്കിയേക്കുമെന്ന് സൂചനയുണ്ട്. രാജകുടുംബാംഗത്തിന്റെ ഇ മെയിലില്‍ നുഴഞ്ഞുകയറി ഖത്വര്‍ സര്‍ക്കാറിന്റെ കീഴിലുള്ള മ്യൂസിയം അതോറിറ്റിയെ കബളിപ്പിച്ചായിരുന്നു തട്ടിപ്പ്. അമേരിക്കയിലെ ഓണ്‍ലൈന്‍ ട്രേഡിംഗ് കമ്പനിയുടെ പേരില്‍ വ്യാജ ഇ മെയില്‍ വിലാസം ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. 2018 ഫെബ്രുവരിയില്‍ രാജാവിന്റെ സഹോദരിയും ഖത്വര്‍ മ്യൂസിയം അതോറിറ്റി ചെയര്‍പേഴ്‌സനുമായ ശൈഖ അല്‍മയാസയുടെ ഇ മെയില്‍ ഹാക്ക് ചെയ്ത് അമേരിക്കന്‍ പൗരനെന്ന് വിശേഷിപ്പിച്ച് ജെറോം നെപ്പോളിയന്‍ എന്ന വ്യാജ വ്യക്തിയെ അതോറിറ്റിയുടെ സി ഇ ഒക്ക് പരിചയപ്പെടുത്തുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.

രാജാവിന്റെ 10 ചിത്രങ്ങള്‍ തുകല്‍ പ്രതലത്തില്‍ സ്വര്‍ണം, ചെമ്പ് ലോഹങ്ങളുടെ ഫ്രെയിമില്‍ നിര്‍മിച്ച് നല്‍കുന്നതിന് ജെറോമിനെ ചുമതലപ്പെടുത്തി എന്ന് കാണിച്ചാണ് മെയിലയച്ചത്. പിന്നീട് ജെറോമിന്റെ പേരില്‍ നിര്‍മിച്ച ഇ മെയിലില്‍ നിന്നും സുനില്‍ മേനോന്‍ പിന്നീട് മ്യൂസിയം അതോറിറ്റിയുമായി ബന്ധപ്പെടുകയും ഇതുവഴി തന്നെ സ്വയം പരിചയപ്പെടുത്തുകയുമായിരുന്നു.
പത്ത് ചിത്രങ്ങള്‍ക്ക് പത്ത് കോടി പത്ത് ലക്ഷം രൂപയാണ് വില നിശ്ചയിച്ചത്. ഇതിന്റെ പകുതി പണം മുന്‍കൂര്‍ നല്‍കണമെന്നും ഈ തുക സുനിലിന് കൈമാറണമെന്നുമാണ് പറഞ്ഞിരുന്നത്. പിന്നീട് സുനില്‍ നേരിട്ട് അതോറിറ്റിയുമായി മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെടുകയും പണം ബേങ്ക് വഴി ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയുമായിരുന്നു.
റീഗല്‍ കലക്ടീവ് ട്രേഡിംഗ് എന്ന പേരില്‍ ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി വന്നിരുന്ന പ്രതി രണ്ട് വര്‍ഷം മുമ്പ് പുരാതന ഒട്ടു പാത്രങ്ങളുടെയും മറ്റും ചിത്രങ്ങളും ദൃശ്യങ്ങളും ഖത്വര്‍ മ്യൂസിയം അതോറിറ്റിക്ക് അയച്ച് നല്‍കിയിരുന്നു. ഇതിലൂടെയാണ് ഇയാള്‍ക്ക് രാജകുടുംബാംഗത്തിന്റെ ഇ മെയില്‍ വിലാസം ലഭിച്ചത്. പ്രതിയെ കുറിച്ച് ഖത്വര്‍ ഐ ടി വിഭാഗം നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അടക്കമാണ് ഖത്വര്‍ സര്‍ക്കാരിന്റെ പ്രതിനിധിയായ കോഴിക്കോട് സ്വദേശി മുഖേന തൃശൂര്‍ റൂറല്‍ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

പ്രതി നേരത്തെ ഖത്വര്‍ ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലും സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നു. എസ് എന്‍ പുരം ഇരുപത്തഞ്ചാം കല്ല് പടിഞ്ഞാറ് ഭാഗത്തുള്ള ഭാര്യാ വീട്ടില്‍ താമസിക്കുകയായിരുന്ന സുനില്‍ പോലീസ് അന്വേഷണം മണത്തറിഞ്ഞ് രക്ഷപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. ഇയാള്‍ എറണാകുളത്ത് ഉണ്ടെന്നറിഞ്ഞ് പോലീസെത്തുമ്പോള്‍ സാധനങ്ങള്‍ പാക്ക് ചെയ്ത് മുങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. തട്ടിപ്പ് നടത്തിയ പണമുപയോഗിച്ച് കുടുംബ സമേതം ബാങ്കോക്കിലെ പാട്ടായയിലും മറ്റും വിനോദസഞ്ചാരം നടത്തിയ പ്രതി 15 ലക്ഷം രൂപ ബന്ധുക്കള്‍ക്ക് നല്‍കിയതായും പോലീസിനോട് പറഞ്ഞു. നാല് ബേങ്കുകളിലായി നാല് കോടി ഒരു ലക്ഷം രൂപയും 60 ലക്ഷം രൂപ സേവിംഗ്‌സിലും നിക്ഷേപിച്ചിരിക്കുകയായിരുന്നു. ഈ തുകയാണ് പോലീസ് ഫ്രീസ് ചെയ്തത്.
ഇരിങ്ങാലക്കുട ഡി വൈ എസ് പി. ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ സി ഐ. പി സി ബിജുകുമാര്‍ എസ് ഐ. എസ് വിനോദ് കുമാര്‍, എ എസ് ഐ. ഫ്രാന്‍സിസ്, സി പി ഒമാരായ സജയന്‍, സുനില്‍, കെ എ മുഹമ്മദ് അഷറഫ്, എ കെ ഗോപി, ഷിബു, ഗോപന്‍, ഇ എസ് ജീവന്‍ മനോജ്, എസ് സുജിത്ത്, ജിതിന്‍ ജോയ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.