Connect with us

National

മധ്യപ്രദേശില്‍ പശു മന്ത്രാലയം വേണമെന്ന് അഖിലേശ്വരാനന്ദ ഗിരി

Published

|

Last Updated

ഭോപ്പാല്‍: സംസ്ഥാന താത്പര്യം കണക്കിലെടുത്ത് മധ്യപ്രദേശില്‍ പശു മന്ത്രാലയം വേണമെന്ന് ഉന്നത ഉദ്യോഗസ്ഥന്റെ ആവശ്യം. പശു സംരക്ഷണ ബോര്‍ഡ് ചെയര്‍മാന്‍ അഖിലേശ്വരാനന്ദ ഗിരിയുടേതാണ് ഈ ആവശ്യം. അടുത്തിടെ, സംസ്ഥാന സര്‍ക്കാര്‍ ക്യാബിനറ്റ് പദവി നല്‍കി ആദരിച്ച ഗിരി, മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനോടാണ് ഈ ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രി സ്വന്തം വീട്ടില്‍ പശുക്കളെ സംരക്ഷിക്കുന്ന അതേ രീതിയില്‍ വരും തലമുറയും പശുക്കളോട് പെരുമാറണമെന്നും മുഖ്യമന്ത്രി അതിന് പ്രചോദനമാകട്ടെയെന്നും ഗിരി പറഞ്ഞു.

സുവര്‍ണ മധ്യപ്രദേശ് യാഥാര്‍ഥ്യമാക്കുന്നതിന് പശുമന്ത്രാലയം ഉപകാരപ്പെടും. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ ഡയറക്ടറേറ്റ് ഓഫ് ഗോസേവയുണ്ട്. ജനതാത്പര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ചൗഹാന്‍ ഉല്ലാസ വകുപ്പ് (ഹാപ്പിനസ് ഡിപ്പാര്‍ട്ട്‌മെന്റ്) ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെ പശു മന്ത്രാലയവും ജനതാത്പര്യമാണെന്ന് സ്വാമി ഗിരി അവകാശപ്പെട്ടു.

മന്ത്രാലയം എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെ കുറിച്ചും ഗിരിക്ക് അഭിപ്രായമുണ്ട്. സംസ്ഥാന വ്യാപകമായി നിര്‍മിച്ചിട്ടുള്ള ഗോശാലകള്‍ മന്ത്രാലയത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ നോഡല്‍ പോയിന്റുകളായി മാറണം. തനിക്ക് ഈ മന്ത്രാലയത്തെ കുറിച്ച് ശുഭപ്രതീക്ഷയാണുള്ളത്. മൃഗസംരക്ഷണ വകുപ്പ് പശുവിനെ മറ്റ് മൃഗങ്ങള്‍ക്കൊപ്പം വര്‍ഗീകരിക്കുന്നത് അവസാനിപ്പിക്കണം. അവയെ പൂര്‍ണമായും പശു മന്ത്രാലയത്തിന് കീഴില്‍ കൊണ്ടുവരണം. സംസ്ഥാനത്തെ 96,000 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശം പശുക്കളുടെ വിശ്രമ കേന്ദ്രമാക്കി പുനര്‍നിര്‍ണയിക്കണം. പശുമന്ത്രാലയത്തിന്റെ നയങ്ങള്‍ക്കനുസരിച്ചായിരിക്കണം വനം വകുപ്പ് പ്രവര്‍ത്തിക്കേണ്ടത്. തന്റെ നിര്‍ദേശങ്ങള്‍ പ്രതിപക്ഷത്തിന് കൂടി സ്വീകാര്യമാണ്. സംരക്ഷിക്കപ്പെടേണ്ട പശുക്കള്‍ക്കെതിരെ സംസാരിക്കാത്തിടത്തോളം കാലം അവര്‍ തനിക്കെതിരെ വിമര്‍ശം ഉന്നയിക്കില്ലെന്നും സ്വാമി അഖിലേശ്വരാനന്ദ ഗിരി അവകാശപ്പെട്ടു.

---- facebook comment plugin here -----

Latest