Connect with us

National

കര്‍ണാടകയില്‍ പുരോഗമന എഴുത്തുകാര്‍ക്ക് ഭീഷണി

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയിലെ പുരോഗമന എഴുത്തുകാര്‍ ഭീഷണിയുടെ നിഴലിലാണെന്ന് പോലീസ് റിപ്പോര്‍ട്ട്. ഇവരുടെ ജീവനും സ്വത്തിനും മതിയായ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ പുരോഗമന- സന്നദ്ധ സംഘടനകള്‍ രംഗത്തെത്തി.
മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് കര്‍ണാടകയിലെ പുരോഗമന സാഹിത്യകാരന്മാര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്തമായത്. ഇവരുടെ വീടുകളിലും ഓഫീസുകളിലും സായുധ സേനയെ നിയോഗിക്കണമെന്നും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണമെന്നും യാത്രാവേളകളില്‍ ഗണ്‍മാനെ നിയോഗിക്കണമെന്നുമാണ് ആവശ്യം.
എഴുത്തുകാരുടെ ജീവന് ഭീഷണി നിലനില്‍ക്കുന്നതായും സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഈ ആവശ്യത്തെ പിന്തുണച്ച് ഇന്നലെ കൂടുതല്‍ സംഘടനകളും രംഗത്തെത്തിയത്.
ഗൗരി ലങ്കേഷ് കേസില്‍ അറസ്റ്റിലായ ഒരാളുടെ ഡയറിയില്‍ കെ എസ് ഭഗവാനും ഗിരീഷ് കര്‍ണാടും ഉള്‍പ്പെടെ കര്‍ണാടകയിലെ ഏഴ് പുരോഗമനവാദികളുടെ പേരുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ചന്ദ്രശേഖര്‍ പാട്ടീല്‍, നരേന്ദ്ര നായ്ക്, വീരഭദ്ര ചന്നമല്ല സ്വാമി, ബറഗൂരു രാമചന്ദ്രപ്പ, ബി ടി ലളിത നായ്ക് എന്നിവരാണ് ഡയറിയിലെ മറ്റ് പേരുകള്‍.
മഹാരാഷ്ട്ര സ്വദേശി അമോല്‍ കാലെയുടെ പുനെയിലെ വസതിയില്‍ നിന്ന് കണ്ടെടുത്ത ഡയറിയിലാണ് ഇവരുടെ പേരുവിവരമുള്ളത്. കര്‍ണാടകയിലെ കൂടുതല്‍ പുരോഗമന സാഹിത്യകാരന്മാരെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ ശ്രീരാമസേനാ പ്രവര്‍ത്തകന്‍ പരശുറാം വാഗ്മൂറെ പോലീസിന് മൊഴി നല്‍കിയിരുന്നു.