Connect with us

Articles

മജുലി നദിയില്‍ കാവി കലക്കുന്നവര്‍

Published

|

Last Updated

തൊണ്ണൂറുകളില്‍ ഈ ലേഖകന്‍ അസമിലുണ്ടായിരുന്ന കാലത്ത് മജുലി ദ്വീപ് സന്ദര്‍ശിച്ചത് ഓര്‍മയിലുണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ദ്വീപാണ് മജുലി. അക്കാലത്ത് കോണ്‍ഗ്രസാണ് അസം ഭരിക്കുന്നത്. ഉള്‍ഫാ തീവ്രവാദികള്‍ക്ക് നല്ല വേരോട്ടമുള്ള കാലമാണത്. സംഘ്പരിവാരോ കാവി രാഷ്ട്രീയമോ അസം മണ്ണില്‍ പച്ചപിടിച്ചു തുടങ്ങിയിട്ടില്ല. ജാതിരാഷ്ട്രീയത്തെയും വംശീയതയെയും ആ മണ്ണില്‍ തലപൊക്കാന്‍ ഉള്‍ഫകള്‍ സമ്മതിച്ചിരുന്നില്ല എന്നതും ഒരു കാരണമാണ്. സൈക്കിയയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാറിന്റെ ഒത്താശയോടെ അസമില്‍ പട്ടാളത്തെ ഇറക്കുകയും ഉള്‍ഫകളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി പല പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി ഉള്‍ഫകള്‍ അസമില്‍ അശക്തമാവാന്‍ തുടങ്ങി. അതിന്റെ സ്ഥാനത്ത് കാവി രാഷ്ട്രീയം ഉയര്‍ന്നുവരികയാണുണ്ടായത്. ഇന്ത്യയില്‍ ബി ജെ പി. ഭരണത്തിന് അടിത്തറയിട്ടത് അസമിലെ തീവ്ര ഹിന്ദു വിഭാഗത്തെയും ആര്‍ എസ് എസിനെയും ഒട്ടൊന്നുമല്ല സഹായിച്ചത്. ഇന്ന് വംശീയതയും, ജാതി രാഷ്ട്രീയവും തഴച്ചുവളരുകയാണിവിടെ.

തൊണ്ണൂറുകളിലെ മജുലിയ അല്ല ഇന്ന്. മത്സ്യം പിടിച്ചും കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടും തോളോടുതോളുരുമ്മി ജീവിച്ചിരുന്ന മജൂലിയിലെ ജനതക്കിടയില്‍ കാവി രാഷ്ട്രീയം പ്രയോഗിച്ചുകൊണ്ടിരിക്കുന്നതിന്റെ വാര്‍ത്തകള്‍ അവിടെ നിന്നും ധാരാളം വരുന്നുണ്ട്. ടൂറിസ്റ്റുകളെ സ്വാഗതം ചെയ്തുകൊണ്ട് ഉയര്‍ന്നുനിന്നിരുന്ന പല സൂചനാ ബോര്‍ഡുകളും രാമന്റെ പേര് കൊത്തിയ അടയാള ബോര്‍ഡുകളായി മാറിക്കഴിഞ്ഞു. ചോരയുടെ നിറത്തില്‍ എഴുതപ്പെട്ട അത്തരം ബോര്‍ഡുകള്‍ നല്‍കുന്ന ദുഃസൂചനകള്‍ ചെറുതല്ല. കോണ്‍ഗ്രസില്‍ നിന്നും അധികാരം പിടിച്ചെടുത്ത ബി ജെ പി യുടെ നേതൃത്വത്തില്‍ ഒരു ഭരണകൂടം നിലനില്‍ക്കുമ്പോള്‍ ഇതിനെ ചോദ്യം ചെയ്യാന്‍ അശക്തരാണ് മജുലിയിലെ സമാധാന പ്രേമികള്‍ പോലും.
വൈഷ്ണവ സംസ്‌കാരത്തിന്റെ ഈറ്റില്ലമാണ് മജുലിയും സമീപ പ്രദേശങ്ങളും. സഹവര്‍ത്തിത്വവും പരസ്പര ബഹുമാനവുമാണ് ആ സംസ്‌കാരത്തിന്റെ അടിത്തറ. ഇത് തകര്‍ക്കേണ്ടത് ആര്‍ എസ് എസിനെ പോലെയുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖ്യലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. അതിന്റെ ഫലമായിട്ടാണ് മജുലി അസംബ്ലി മണ്ഡലങ്ങളില്‍ നിന്നും സര്‍ബാനന്ദ സോണോവിലിനെ അവര്‍ മത്സരിപ്പിച്ചത്. കാലങ്ങളായി മജുലിയില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദത്തെയും സമാധാനത്തെയും തകര്‍ക്കുക എന്ന കാവി രാഷ്ട്രീയ അജണ്ട ഇവിടെയും അവര്‍ പ്രയോഗിക്കുകയാണുണ്ടായത്.
കേരളത്തിലെ കാവുകള്‍ പിടിച്ചടക്കി അവിടെ ഹിന്ദുത്വ രാഷ്ട്രീയം പ്രയോഗവല്‍കരിക്കാന്‍ ശ്രമിച്ച, അതേ തന്ത്രങ്ങള്‍ മജുലിയിലും ആര്‍ എസ് എസ്. പ്രയോഗിക്കുകയുണ്ടായി. നൂറ്റാണ്ടുകളായി വൈഷ്ണവ മതം നിര്‍മിക്കുകയും പരിപാലിക്കുകയും ചെയ്ത ധ്യാനകേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറി അവിടെ തങ്ങളുടെ അജന്‍ഡ പ്രാവര്‍ത്തികമാക്കുകയാണ് അവര്‍ ആദ്യം ചെയ്തത്. അസമിന്റെ അതിര്‍ത്തി പങ്കിടുന്ന അയല്‍രാജ്യങ്ങളില്‍ നിന്ന് ഹിന്ദുക്കളെ ഇറക്കുമതി ചെയ്ത് അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി, മജുലിയെ ഭൂരിപക്ഷ ഹിന്ദു പ്രദേശമാക്കി മാറ്റുക എന്ന വൃത്തികെട്ട ജാതി രാഷ്ട്രീയവും ഇവര്‍ കളിക്കുന്നു. ബംഗ്ലാദേശില്‍ നിന്ന് അസമിലേക്ക് മുസ്‌ലിംകള്‍ കുടിയേറുന്നുണ്ടെന്ന് കുപ്രചരണം നടത്തി വിലപിക്കുന്നവരാണ് ഇങ്ങനെയൊരു രാഷ്ട്രീയം കളിക്കുന്നതെന്നുകൂടി നാം തിരിച്ചറിയേണ്ടതുണ്ട്. 2004-ല്‍ യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ച മജുലി എന്ന സുന്ദര പ്രദേശം ഹിന്ദുത്വയുടെ രാഷ്ട്രീയ അജന്‍ഡ കാരണം നഷ്ടപ്പെട്ടുപോകുമോ എന്ന ഭയത്തിലാണ് മജുലിയിലെ സാമൂഹിക പാരസ്ഥിക പ്രവര്‍ത്തകരിന്ന്.
രണ്ട് ദശാബ്ദ കാലത്തിനു ശേഷം മജുലി സന്ദര്‍ശിക്കുന്ന ഒരു ടൂറിസ്റ്റിന് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളും കാഴ്ചകളും കണ്ട് മടങ്ങേണ്ടിവരും. ഇനിയൊരിക്കലും മജുലി കാണാനില്ലെന്ന പ്രതിജ്ഞയെടുത്തായിരിക്കും ആ മടക്കം. മജുലി നദിയുടെ കരയിലുള്ള ഉയരം കൂടിയ മരങ്ങളിലെല്ലാം രാമന്റെ പേര് കൊത്തിയ ബോര്‍ഡുകള്‍ കണ്ട് അത്ഭുതപ്പെട്ടുപോയതായി മജുലി സന്ദര്‍ശിച്ച ഒരു സുഹൃത്ത് തന്റെ ആശങ്ക പങ്കുവെക്കുകയുണ്ടായി. മജുലിയുടെ അതിര്‍ത്തി ജില്ലയായ ജോര്‍ഹട്ട് ഭരണ നേതൃത്വത്തിന്റെ സര്‍വ സഹായങ്ങളും ആര്‍ എസ് എസിന് ഇന്ന് ലഭിക്കുന്നുണ്ട്. വംശീയതയുടെ പേരില്‍ ഒരു ജനതയെ തമ്മിലടുപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാന്‍ ഹിന്ദുത്വ രാഷ്ട്രീയം കളിക്കുന്ന വൃത്തികെട്ട രാഷ്ട്രീയത്തില്‍ ആകുലപ്പെടുന്നവരാണ് പലരുമിന്ന്. ബഹുസ്വര സമൂഹമെന്ന നിലയില്‍ അസമില്‍ കൊണ്ടാടപ്പെട്ടിരുന്ന സമാധാനവും പരസ്പര ബഹുമാനവും ക്ഷതമേറ്റു തുടങ്ങിയതിന്റെ തിക്തഫലം അന്നാട്ടില്‍ നിന്നും പുറത്തുവരുന്നുണ്ട്. മതത്തിന്റെയും വംശീയതയുടെയും ലേബലില്‍ മജുലിയെ നിരീക്ഷിക്കുന്നതുതന്നെ അസമിന്റെ പൈതൃകത്തെയും മജുലി എന്ന സുന്ദര ദേശത്തിന്റെയും നഷ്ടമായിരിക്കും ഉണ്ടാക്കുകയെന്ന് അവിടത്തുകാര്‍ വിശ്വസിക്കുന്നു.

ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിം കുടിയേറ്റത്തിന് തടയിടാന്‍ മജുലിയെ ഹിന്ദുത്വവത്കരിക്കണമെന്നാണ് ആര്‍ എസ് എസ് പറയുന്നത്. കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന തീവ്ര ഹിന്ദുത്വ നിലപാട് തന്നെയാണ് അവര്‍ മജുലിയിലും പരീക്ഷിക്കുന്നത്. അതിന് മജുലി നദിയെ ചുവപ്പിക്കേണ്ടതുണ്ട്. ബംഗ്ലാദേശില്‍ നിന്നും ഹിന്ദുക്കളെ ആസാമിലേക്കും, മജുലിയിലേക്കും കൊണ്ടുവന്ന് അവര്‍ക്ക് ഹിന്ദു പൗരത്വം നല്‍കണമെന്നാണ് ആര്‍ എസ് എസ് ആവശ്യപ്പെടുന്നത്. അതിന് മജുലിയില്‍ നിലനില്‍ക്കുന്ന വൈഷ്ണവ പാരമ്പര്യത്തെ ആദ്യമേ തകര്‍ക്കേണ്ടതുണ്ട്. മജുലിയിലെ മരങ്ങളില്‍ മാത്രമല്ല, രാമന്റെ പേര് കൊത്തി ഇവര്‍ കാഴ്ചയുടെ ഒരു പ്രതിലോമ രാഷ്ട്രീയം തീര്‍ക്കുന്നത്. മജുലി നദിയില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളില്‍ കാവി പതാകകള്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഹനുമാനെയും രാമനെയുമാണ് പതാകയില്‍ മുദ്രണം ചെയ്തിരിക്കുന്നത്. രാജ്യത്തെ മുസ്‌ലിംകളില്‍ നിന്നും രക്ഷിക്കാന്‍ ഇതൊക്കെയേ വഴിയുള്ളൂവെന്നാണ് ആര്‍ എസ് എസ് വാദിക്കുന്നത്. എന്നാല്‍ അത്തരം ഒളിഅജന്‍ഡകളൊന്നും മജുലിയില്‍ അത്ര പെട്ടെന്ന് വിലപ്പോവില്ല എന്നുതന്നെയാണ് മതേതര സ്വഭാവം പുലര്‍ത്തുന്ന അവിടുത്തെ വൈഷ്ണവ തലമുറയുടെ വിശ്വാസം. അയോധ്യയില്‍ രാമനെ മുന്നില്‍ നിര്‍ത്തി കളിച്ച രാഷ്ട്രീയം തന്നെ മജുലിയിലും പരീക്ഷിക്കുകയാണ് കാവി രാഷ്ട്രീയം ചെയ്യുന്നത്.

Latest