കശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിലാകുമ്പോള്‍

Posted on: June 21, 2018 9:29 am | Last updated: June 21, 2018 at 9:29 am

മഹ്ബൂബ മുഫ്തി തന്നെ അഭിപ്രായപ്പെട്ട പോലെ അപ്രതീക്ഷിതമോ ഞെട്ടലുളവാക്കുന്നതോ അല്ല കശ്മീര്‍ മന്ത്രിസഭയില്‍ നിന്നുള്ള ബി ജെ പിയുടെ പിന്മാറ്റവും സര്‍ക്കാറിന്റെ വീഴ്ചയും. ആശയപരമായും കശ്മീര്‍ നയത്തിലും ഇരു ധ്രുവങ്ങളില്‍ നിലകൊള്ളുന്ന പി ഡി പിയും ബി ജെ പിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുമ്പോള്‍ തന്നെ ഇതെത്ര കാലമെന്ന ചോദ്യം ഉയര്‍ന്നിരുന്നു. കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി, വിഘടനവാദികളോടുള്ള സമീപനം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ ഭിന്ന ചിന്താഗതിക്കാരാണ് ഇരു കക്ഷികളും. സംസ്ഥാനത്തിന്റെ പ്രത്യേകാവകാശങ്ങള്‍ നിലനിര്‍ത്തണമെന്ന് പി ഡി പി ആവശ്യപ്പെടുമ്പോള്‍, അത് എടുത്തുകളയണമെന്നതാണ് ബി ജെ പിയുടെ വാശി. തീവ്രവാദത്തെ സൈനിക ബലം കൊണ്ട് അടിച്ചമര്‍ത്തണമെന്നാണ് ബി ജെ പിയുടെ പക്ഷമെങ്കില്‍ വിഘടനവാദികളെ കൂടി പങ്കെടുപ്പിച്ചുള്ള ചര്‍ച്ചയിലൂടെ നയപരമായി പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നാണ് പി ഡി പിയുടെ നിലപാട്.

ജമ്മു കശ്മീരില്‍ റമസാനില്‍ നടപ്പാക്കിയ വെടിനില്‍ത്തല്‍ കേന്ദ്രം പിന്‍വലിച്ചതാണ് ഇരു കക്ഷികളും തമ്മിലുള്ള വേര്‍പിരിയലിന് പറയുന്ന പ്രത്യക്ഷ കാരണം. സമാധാനാന്തരീക്ഷത്തിലുള്ള കാശ്മീരികളുടെ റമസാന്‍ ആചരണത്തിന് വഴിയൊരുക്കാനാണ് മെയ് 17 മുതല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ജനവികാരം കണക്കിലെടുത്ത് മെഹ്ബുബ മുഫ്തി നടത്തിയ സമ്മര്‍ദഫലമായിരുന്നു ഈ നടപടി. ദേശീയ തലത്തില്‍ ഇതിനു മികച്ച പിന്തുണ ലഭിക്കുകയും ചെയ്തു. റമസാന്‍ അവസാനിച്ചതോടെ വെടിനിര്‍ത്തല്‍ പിന്‍വലിക്കുകയാണെന്ന് കേന്ദ്രം പ്രഖ്യാപിച്ചപ്പോള്‍, അല്‍പകാലം കൂടി തുടരണമെന്ന് മെഹ്ബുബ ആവശ്യപ്പെട്ടു. എന്നാല്‍ മോദി സര്‍ക്കാര്‍ അതിന് സന്നദ്ധമായില്ല. തീവ്രവാദികള്‍ക്കു സമാധാന പാതയിലേക്കുള്ള തിരിച്ചുവരവിന് അവസരമൊരുക്കാനാണ് കേന്ദ്രം വെടിനിര്‍ത്തയതെന്നും ഇതിന് സഹായകമായ ഒരു പ്രതികരണമല്ല അവരില്‍ നിന്നുണ്ടായതെന്നാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറയുന്നത്. അതേസമയം വെടി നിര്‍ത്തല്‍ ഘട്ടത്തിലും സൈന്യം പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിയിരുന്നുവെന്നാണ് മറുവാദം.
കേന്ദ്രം ഭരിക്കുന്ന കക്ഷിയെന്ന നിലയില്‍, കാശ്മീരിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനും സൈനിക രാജിന്റെ ദുരിതങ്ങളില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കാനുമായിരുന്നു ബി ജെ പിയുമായി സഖ്യത്തിലായതിന്റെ താത്പര്യം. ആ പ്രതീക്ഷ തകര്‍ന്നുവെന്നാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം മാധ്യമങ്ങളോടുള്ള മെഹ്ബുബ മുഫ്തിയുടെ പ്രതികരണം. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുകയായിരുന്നു പ്രഥമ ലക്ഷ്യം. സംസ്ഥാനത്തെ 11,000 ചെറുപ്പക്കാര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കുക, കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് ലഭ്യമാക്കുക തുടങ്ങി കാശ്മീരികളുടെ നന്മയെ ലാക്കാക്കിയുള്ള അജന്‍ഡകളും മുമ്പിലുണ്ടായിരുന്നു. കേവല അധികാരമായിരുന്നില്ല ലക്ഷ്യമെന്നും അവര്‍ പറയുന്നു. എന്നാല്‍ കാശ്മീരികളോടുള്ള ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും നിലപാട് കൃത്യമായി അറിയുന്ന പി ഡി പി നേതൃത്വം മോദി സര്‍ക്കാറില്‍ ഇത്തരം പ്രതീക്ഷകളര്‍പ്പിച്ചുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട്.
പി ഡി പിക്കോ കാശ്മീരികള്‍ക്കോ സഖ്യത്തിലൂടെ ഒന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും പിന്തുണ പിന്‍വലിക്കാന്‍ ബി ജെ പി തിരഞ്ഞെടുത്ത സമയം പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ദേശീയ രാഷ്ട്രീയം പൊതുതിരഞ്ഞെടുപ്പിന് വേണ്ടി തയാറെടുത്തു കൊണ്ടിരിക്കെ, സഖ്യം ഉപേക്ഷിച്ച നടപടി തീവ്രദേശീയതാ നയത്തിന്റെ ഭാഗമായി അവകാശപ്പെടാന്‍ ബി ജെ പിക്ക് അവസരമൊരുക്കം.

കാശ്മീരിലെ ഇന്നത്തെ മോശം സാഹചര്യത്തിനുത്തരവാദിത്വം പി ഡി പിക്കാണെന്ന ബി ജെ പി ജനറല്‍ സെക്രട്ടരി രാം മാധവിന്റെ പ്രസ്താവന ഇതിന്റെ സൂചനയാണ്. സൈനിക നടപടിയിലൂടെയല്ലാതെ സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാനാകില്ല. പി ഡി പി അതിനു വിലങ്ങു നില്‍ക്കുകയാണെന്നും രാം മാധവ് കുറ്റപ്പെടുത്തുന്നു. മൂന്ന് വര്‍ഷം സംസ്ഥാനം ഭരിച്ചത് പി ഡി പി ഒറ്റക്കല്ലെന്നും തങ്ങള്‍ക്ക് കൂടി പങ്കാളിത്തമുള്ള സര്‍ക്കാറായിരുന്നുവെന്നുമുള്ള വസ്തുതക്ക് നേരെ കണ്ണടച്ചു കൊണ്ടാണ് ഈ വിമര്‍ശം. പി ഡി പി 27 ബി ജെ പി 25 നാഷനല്‍ കോണ്‍ഫറന്‍സ് 15 കോണ്‍ഗ്രസ് 12 മറ്റുള്ളവര്‍ ഏഴ് എന്നിങ്ങനെയാണ് കാശ്മീര്‍ നിയമസഭയിലെ കക്ഷിനില. പി ഡി പിയും കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും ഒന്നിച്ചാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാമങ്കിലും സഖ്യത്തിന് സാധ്യതയില്ലെന്നും സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിന് കീഴില്‍ വരുമെന്നും മനസ്സിലാക്കിയായിരുന്നു ബി ജെ പിയുടെ കരുനീക്കം. ഗവര്‍ണര്‍ ഭരണത്തിന് വേണ്ടിയുുള്ള എന്‍ എന്‍ വോറയുടെ ശിപാര്‍ശ ലഭിച്ചു മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ രാഷ്ട്രപതി അംഗീകാരം നല്‍കിയത് ശ്രദ്ധേയമാണ്.

യഥാര്‍ഥത്തില്‍ കാശ്മീരിലെ സ്ഥിതിഗതികള്‍ വഷളാക്കുന്നത് സൈനികാതിക്രമണങ്ങളാണ്. ആഭ്യന്തര മന്ത്രാലയം ആസൂത്രണം ചെയ്തു നടപ്പാക്കിയ ഓപ്പറേഷന്‍ ഓള്‍ഔട്ട്, പെല്ലറ്റ് പ്രയോഗം, സിവിലിയന്മാര്‍ക്ക് നേരെ പോലും നിറയൊഴിക്കുന്ന വിവേകരഹിതമായ നടപടി, മാധ്യമ വിലക്ക് തുടങ്ങിയ നപടികള്‍ വിപരീത ഫലമാണുളവാക്കിയത്. ഭീകരവാദത്തിലേക്കുള്ള കാശ്മീരി യുവാക്കളുടെ ഒഴുക്ക് അതോടെ ശക്തിപ്പെടുകയായിരുന്നു. ജനാധിപത്യ ഭരണ കൂടത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് സംസ്ഥാനം കേന്ദ്രത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഗവര്‍ണര്‍ ഭരണത്തിലേക്ക് നീങ്ങുന്നതോടെ സൈനികാതിക്രങ്ങള്‍ വര്‍ധിക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രണാധീതമാവുകയും ചെയ്യുമെന്ന് ഭീതി നിലവിലുണ്ട്. സംഘ്പരിവാര്‍ ആഗ്രഹിക്കുന്നതും അതുതന്നെയല്ലേ?